1 GBP = 107.09
breaking news

കാലത്തിന്റെ എഴുത്തകങ്ങള്‍- ആമുഖം (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്റെ എഴുത്തകങ്ങള്‍- ആമുഖം (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

ആമുഖം

മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ്     ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍.  അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. അത് ജീവിതാവബോധം സൃഷ്ടിച്ച പാരുഷ്യത്തിന്റെ പകര്‍ന്നാട്ടമാണ്. അവിടെ സംസ്‌കൃതിയുടെ ജാഗ്രതയും സ്വത്വാവബോധത്തിന്റെ മഹാമനസ്‌കതയുമുണ്ട്. അതില്‍ ജീവിതത്തിന്റെ സ്പന്ദനവും അത്യുദാത്തമായ ഭാവനയുടെ സൗന്ദര്യാനുഭൂതിയുമുണ്ട്.  സമകാലിക മനസിന്റെ വിചാരക്ഷോഭം പലപ്പോഴും കാരൂര്‍ കൃതികളില്‍ വജ്രമൂര്‍ച്ചയോടെ പ്രത്യക്ഷ്‌പ്പെടുന്നുണ്ട്. ഇങ്ങനെ എല്ലാ ക്കാലത്തിന്റെയും സക്രിയ സാഹിത്യ സംസ്‌കാരമാണ് കാരൂരിന്റെ എഴുത്തിനെ മറ്റ് എഴുത്തുകാരില്‍ നിന്ന് ഭിന്നമാക്കുന്നത്.

ഇവിടെ ആധികാരികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട രണ്ടു കാര്യങ്ങളുണ്ട്.  അത് പ്രതിഭയുടെയും അഭിരുചിയുടെയും തീവ്രാനുഭവങ്ങളാണ്. രണ്ടു വ്യത്യസ്തനിലയില്‍ ഒരു താര്‍ക്കിക സൂക്ഷ്മത ഇത് ആവശ്യ പ്പെടുന്നുണ്ട്.. എന്നാല്‍ സ്വതന്ത്രമായൊരു ലീലയാണ് കാരൂരിന്റെ എഴുത്തിനെ ലക്ഷ്യവേധിയാക്കിത്തീര്‍ക്കുന്നത്.  പ്രതിഭയും അഭിരുചിയും ആ ലീലയില്‍ വിലയം കൊണ്ടിരിക്കുന്നു.  ഇത് മനുഷ്യജീവിതസ്വഭാവത്തെ നിരന്തരം പരീക്ഷണം ചെയ്യുന്നതിന്റെ ഭാഗമാണ്. അത്തരം അന്വേഷണപരീക്ഷണങ്ങളില്‍ നിന്നാണ് കാരൂര്‍ തന്റെ പ്രതിഭയെ കാലത്തിനോട് വിളക്കിച്ചേര്‍ക്കുന്നത്. ഇത് സ്വവ്യക്തിത്വത്തിന്റെ തന്നെ പകര്‍ന്നാട്ടമാണ്.  കല കലയായി പരിണമിക്കുന്നതിന് പിന്നില്‍ ഇത്തരമൊരു ആവിഷ്‌ക്കാരബോധ്യമുണ്ട്. എം.എച്ച്. എബ്രാംസിനെ                          പോലുള്ള വിമര്‍ശകന്‍ ഇതിനെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണ്.  ആ പഠനങ്ങള്‍ക്ക് ഒരുതരം വിമുക്തിദര്‍ശനത്തിന്റെ പൊരുളടക്ക മാണുള്ളത്. കാരൂര്‍സോമന്റെ എഴുത്തു ജീവിതത്തിലുടനീളം പ്രത്യക്ഷമാകുന്ന മൗലികനിരീക്ഷണങ്ങള്‍ അതിന്റെ ഭാഗമാണ്. അത് യുക്തിയുടെയും ന്യൂനീകരണത്തിന്റെയും പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് അതിഭൗതികരീതിയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ടെങ്കിലും ജീവിതത്തിന്റെ രാസമാറ്റങ്ങളെക്കുറിച്ചും സൗന്ദര്യബോധത്തെക്കുറിച്ചും ധീരമായ ഒരു നിലപാട്തറ ഈ എഴുത്തുകാരനുണ്ട്. ഇത് കേവലം ദര്‍ശനത്തെ ആഖ്യാനം ചെയ്‌തെടുക്കുന്ന ഒരു പദ്ധതിയല്ല. എഴുത്ത് ഇവിടെ സൗന്ദര്യം തേടുന്ന ഒരു അന്വേഷണമാണ്. അതുകൊണ്ടാണ് കാരൂര്‍സോമന്‍ വ്യത്യസ്ത ശൈലികളിലൂടെ തന്റെ കൃതികളെ അവതരിപ്പിക്കാന്‍ ധൈര്യപ്പെടുന്നത്.

അഭിരുചി എന്നത് വിവിധതരം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്ന ഒരു സാംസ്‌കാരിക ബോധ്യമാണ്. അതിന് പ്രതിഭയിലെന്ന പോലെ വിവിധ സംസ്‌കാരങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്ന ശാഖികളുണ്ട്.  അതിനൊരു സ്വതന്ത്രമായ പുനരാവിഷ്‌ക്കരണ പദ്ധതിയുണ്ട്. അതുകൊണ്ടാണ് അത്തരം രചനകള്‍ക്ക് അനുഭവത്തിന് പുറത്തേക്ക് സഞ്ചരിക്കാനാകുന്നത്. കേവലം ജന്മവാസനയ്ക്ക് അപ്പുറത്തേക്ക് അഭിരുചിയുടെ എല്ലാ നിയന്ത്രണങ്ങളെയും തിരസ്‌ക്കരിച്ചുകൊണ്ട് കലാപരമായ ആവിഷ്‌ക്കാരങ്ങളിലേക്ക് കാരൂര്‍സോമന് കടക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ഇങ്ങനെ എഴുത്തില്‍ പ്രതിപാദനശേഷിയുള്ള ഒരു ഭാഷയെ സൃഷ്ടിന്മുഖമാക്കിക്കൊണ്ട് സംസ്‌കാരത്തിന്റേതായ ഒരു ജൈവബന്ധം സ്ഥാപിച്ചെടുക്കുകയാണ് കാരൂര്‍. ഇത് എഴുത്തില്‍ സംഭവിക്കുന്ന നവീനമായൊരു തിരിച്ചറിവാണുള്ളത് ഇതിന് പിന്നില്‍ ബൗദ്ധികമായൊരു ഉള്‍ക്കാഴ്ചയുടെ അനുഭവമാണ്. ഇത് ഒരേകാലം പ്രകൃതിയെയും ജീവിതത്തെയും അഭിസംബോധന ചെയ്യുന്നു.  ഈ സര്‍ഗ്ഗാത്മകബഹുത്വത്തെ അതിന്റെ അടിസ്ഥാന സ്വഭാവത്തോടെ തന്നെ സ്വീകരിക്കപ്പെടേണ്ടതുണ്ട്.

കാരൂരിന്റെ കൃതികള്‍ പൂര്‍ണ്ണമായും വിലയിരുത്തുക എന്നത് സുസാദ്ധ്യമായ കാര്യമല്ല. അത് ശാഖോപശാഖികളായി പടര്‍ന്നുകിടക്കുന്ന സര്‍ഗ്ഗാത്മകാനുഭവമാണ്. അതിനെ ക്രമപ്പെടുത്തിക്കൊണ്ട് ഒരു പഠനം തയ്യാറാക്കുക എന്നത് സാഹസികമായ ഒരൂ കാര്യമാണ്. ഈ പഠന പുസ്തകം തയ്യാറാക്കുന്ന കാലയളവില്‍ തന്നെ അദ്ദേഹത്തിന്റെ സുപ്രധാനങ്ങളായ പത്തോളം കൃതികള്‍ വരാനിരിക്കുന്നുണ്ട്.  ഇത് ഒരു പഠിതാവിന്റെ പരിമിതിയാണ്. എന്നാല്‍ എഴുത്തിനോട് കാരൂര്‍ പുലര്‍ത്തുന്ന അഭിജാതമായ സമാദരവ്, അത് ഭാഷയ്ക്കും സംസ്‌കാരത്തിനും നല്‍കുന്ന മൂല്യവത്തായ അനുഭവം, അതിനുവേണ്ടി എഴുത്തുകാരന്‍ നടത്തുന്ന നിരന്തരയാത്രകള്‍ ഇവയെല്ലാം സമന്വയിച്ച ഒരു സര്‍ഗ്ഗാത്മക വ്യക്തിത്വം മലയാളത്തില്‍ കാരൂര്‍സോമന് മാത്രം അവകാശപ്പെട്ടതാണ്.  കാരൂര്‍ സഞ്ചരിച്ച ദൂരങ്ങള്‍ ഒരിക്കലും അളന്നെടുക്കുവാനാകില്ല.  സര്‍ഗ്ഗാത്മകതയ്‌ക്കൊപ്പം വിജ്ഞാനദാഹികൂടിയായ അദ്ദേഹം സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.  ഈ പഠനത്തില്‍ പരാമര്‍ശിക്കാതെ പോയ സ്‌പോര്‍ട്‌സും സയന്‍സും പഠനവിധേയമാക്കേണ്ട മറ്റൊരു വിശാലമായ ലോകമാണ്. ആ കൃതികളെല്ലാം അതാത് കാലത്തിന്റെ രചനകളാണ്. എന്നാല്‍ സര്‍ഗ്ഗാത്മക രചനകളെയും ബാലസാഹിത്യം, യാത്രാവിവരണസാഹിത്യം ഉള്‍പ്പെടെയുള്ള കൃതികളെയും അക്കാദമിക് തലത്തില്‍ വിലയിരുത്തുവാനുള്ള ശ്രമമാണ് ഈ പഠനപുസ്തകം. അത് കാലമാവശ്യപ്പെടുന്ന ചരിത്രപരമായ സാംസ്‌കാരികദൗത്യത്തിന്റെ ഭാഗം കൂടിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more