അലക്സ് വർഗ്ഗീസ്
(യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനമായ ഇന്ത്യ ഹൌസിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക ഞായറാഴ്ച ഉച്ച കഴിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയെത്തിയ ഒരു ചെറിയ സംഘത്തിൽ പെട്ടവരാണ് അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മീഷനിലെ ജനാലച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ അക്രമം തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
ഈ സംഭവത്തിലുളള പ്രതിഷേധം യുക്മയുടെ റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാഅംഗ അസ്സോസ്സിയേഷനുകളും തികച്ചും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്നുള്ള മെയിൽ സന്ദേശം എല്ലാ റീജിയണുകൾക്കും, അംഗ അസോസിയേഷനുകൾക്കും യുക്മ സെക്രട്ടറി ഇതിനകം അയച്ചിട്ടുണ്ട്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ദേശീയ പതാകയെ അപമാനിക്കുകയും അക്രമം അഴിച്ച് വിടുകയും ചെയ്ത സംഭവത്തിൽ ഇന്ത്യ ഗവൺമെൻറിന്റെ ശക്തമായ പ്രതിഷേധം ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറേയും ബ്രിട്ടീഷ് ഗവൺമെന്റിനേയും അറിയിക്കുകയുണ്ടായി. ഇന്ന് (21-03-2023, ചൊവ്വ) രാവിലെ 11 മണിക്ക് ലണ്ടനിലെ ഇന്ത്യ ഹൌസിൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ സാധിക്കുന്ന മുഴുവനാളുകളും പങ്കെടുക്കണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അഭ്യർത്ഥിച്ചു.
click on malayalam character to switch languages