1 GBP = 107.05
breaking news

“കാരശ്ശേരി മാഷിനൊപ്പം നാലര നാഴിക നേരം”, കെ.സി.എഫ്. വാറ്റ്ഫോർഡ് സംഘടിപ്പിച്ച സംവാദം ഹൃദ്യമായി.

“കാരശ്ശേരി മാഷിനൊപ്പം നാലര നാഴിക നേരം”, കെ.സി.എഫ്. വാറ്റ്ഫോർഡ് സംഘടിപ്പിച്ച സംവാദം ഹൃദ്യമായി.

സണ്ണിമോൻ മത്തായി
(യുക്മ പത്രാധിപ സമിതിയംഗം)

കെ.സി.എഫ്. വാറ്റ്ഫോർഡിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ട് തിങ്കളാഴ്ച 11 മണി മുതൽ 3.30 വരെ സംഘടിപ്പിച്ച “കാരശ്ശേരി മാഷിനൊപ്പം നാലര നാഴിക നേരം” എന്ന സംവാദം ഏറെ ഹൃദ്യമായ ഒരനുഭവമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യു കെയിൽ സന്ദർശനം തുടരുന്ന എം.എൻ. കാരശ്ശേരി മാഷ്, വാറ്റ്ഫോർഡിലെ സൌഹൃദ കൂട്ടായ്മയോടൊപ്പം ചിലവഴിച്ച മണിക്കൂറുകൾ ചർച്ചയിൽ പങ്കെടുത്തവർക്ക് ഓർമ്മച്ചെപ്പിൽ എക്കാലവും സൂക്ഷിക്കുവാൻ പറ്റുന്ന നിമിഷങ്ങളായി മാറി.

പതിഞ്ഞ സ്വരത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രഭാഷണം തുടങ്ങിയ കാരശ്ശേരി മാഷ്, തന്റെ പ്രഭാഷണത്തിൽ പ്രതിപാദിച്ച വിഷയങ്ങളുടെ വൈവിധ്യം അക്ഷരാർത്ഥത്തിൽ ശ്രോതാക്കളെ അമ്പരപ്പിച്ചു. ഗാന്ധിയൻ തത്വങ്ങളുടെ കാലിക പ്രസക്തി, സാഹിത്യം, ചരിത്രം, സഞ്ചാരം, വിമർശനം തുടങ്ങി ആനുകാലിക വിഷയങ്ങൾ വരെ തന്റെ സുദീർഘമായ അനുഭവ സമ്പത്തിലൂടെ അദ്ദേഹം പങ്ക് വെച്ചപ്പോൾ ശ്രോതാക്കൾക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. വളരെ ലളിതമായ ഭാഷയിൽ കേൾവിക്കാരുടെ മുഴുവൻ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ കാരശ്ശേരി മാഷ്, എളിമയും അഹം എന്ന ഭാവം തൊട്ടുതീണ്ടാത്ത പെരുമാറ്റവും വഴി കേൾവിക്കാരുടെ മനസ്സുകളിൽ ഇടം പിടിച്ചു. സൂര്യന് കീഴിലുള്ള ഏത് കാര്യങ്ങളെ കുറിച്ച് ചോദിച്ചാലും മറുപടി പറയാനുള്ള അദ്ദേഹത്തിന്റെ അറിവ്‌ എല്ലാവരേയും അത്ഭുതപ്പെടുത്തി. മാഷിനോട് ചോദ്യങ്ങൾ ചോദിക്കുവാൻ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അവസരം കിട്ടി. കാരശ്ശേരി മാഷിന്റെ സന്ദർശനവും പ്രഭാഷണവും വഴി കെ.സി.എഫ്. വാറ്റ് ഫോർഡിന് ലഭിച്ചത്‌ അതിന്റെ ചരിത്രത്തിലെ സുവർണ്ണ നിമിഷങ്ങളാണ്.

യു കെ യിലെ പ്രമുഖ സാഹിത്യകാരി റാണി സുനിൽ, അറിയപ്പെടുന്ന സാഹിത്യകാരനായ ജോജി പോൾ, പ്രമുഖ ചിത്രകാരി ജയശ്രീ കുമാരൻ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. റാണി സുനിൽ സദസ്സിന് സ്വാഗതം ആശംസിച്ചപ്പോൾ, സുജു ഡാനിയൽ നന്ദി പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more