1 GBP = 110.75
breaking news

രാജ്യത്തെവിടെയുമില്ല’; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്നതിനെ വിമർശിച്ച് സുപ്രീംകോടതി

രാജ്യത്തെവിടെയുമില്ല’; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്നതിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. രണ്ടുവർഷം കഴിഞ്ഞാൽ പെൻഷൻ രാജ്യത്തെവിടെയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച ഹർജിയിലല്ല കോടതിയുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. കോടതിയുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയോട് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ നിര്‍ദേശിക്കുകയും ചെയ്തു.താന്‍ അറിയിച്ചില്ലെങ്കിലും അഞ്ച് മിനുട്ടിനുള്ളില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത എല്ലാവരും അറിയുമെന്ന് ഗിരി മറുപടി നല്‍കി. ഏതായാലും കോടതിയുടെ വികാരം സര്‍ക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം ബെഞ്ചിന് ഉറപ്പ് നല്‍കി.

കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ സംബന്ധിച്ച് ഇന്ന് രാവിലെ ഒരു പത്രത്തില്‍ വായിച്ചതായി ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു.

നേരത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകൾ പെൻഷൻ നല്‍കുന്നതിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി രംഗത്ത് വന്നിരുന്നു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് നിർത്താലാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശവും നൽകിയിരുന്നു. ജനങ്ങളുടെ നികുതിപ്പണം പേഴ്സണൽ സ്റ്റാഫുകൾ കൊള്ളയടിക്കുകയാണെന്നും ഒരുമാസത്തിനകം ഇത് അവസാനിപ്പിക്കുമെന്നും ഗവർണർ ആവശ്യപ്പെട്ടു. പേഴ്സണൽ സ്റ്റാഫിന്‍റെ വിവരങ്ങളും ഇതുസംബന്ധിച്ച ഫയലുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നും ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ തന്‍റെ പേഴ്സണൽ സ്റ്റാഫിൽ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ മന്ത്രിമാരുടെ പേഴ്ശണൽ സ്റ്റാഫിൽ ഇരുപതിൽ അധികം പേരുണ്ട്. രണ്ടുവർഷം ജോലി ചെയ്യുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷന് അർഹതയുണ്ടെന്ന് ഇപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും ഗവർണർ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ പദ്ധതിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more