1 GBP = 107.33
breaking news

ഇന്ത്യയിലേക്കുള്ള അന്തർദേശീയ യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

ഇന്ത്യയിലേക്കുള്ള അന്തർദേശീയ യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

2022 ജനുവരി 20-നും അതിനുശേഷവും ഈ വിഷയത്തിൽ പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും അസാധുവാക്കിക്കൊണ്ട്, ഇന്ത്യയിലേക്കുള്ള അന്തർദേശീയ ആഗമനത്തിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി.

അന്തർദേശീയ തലത്തിലും ഇന്ത്യക്കകത്തും കോവിഡ്-19 വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടിയും കുറഞ്ഞും ഇരിക്കുന്ന സാഹചര്യത്തിൽ, രോഗവ്യാപനം തടയാൻ വേണ്ടുന്ന മാർഗങ്ങളിൽ ജാഗ്രത പുലർത്തിക്കൊണ്ട്‌ തന്നെ സാമ്പത്തിക പുരോഗതി കൈവരിക്കാനാവശ്യമായ നടപടികൾക്ക് ഊന്നൽ കൊടുക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനമായത്.

ഫെബ്രുവരി 14 -)൦ തീയതി, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിർദേശങ്ങൾ അന്താരാഷ്‌ട്ര യാത്രക്കാർക്കും എയർലൈനുകൾക്കും ഒരേപോലെ ബാധകമായിരിക്കും.

യാത്ര പുറപ്പെടുന്നതിനു മുൻപ്:

  • ഓരോ യാത്രക്കാരനെക്കുറിച്ചുമുള്ള പൂർണ്ണവും വസ്തുതാപരവുമായ വിവരങ്ങൾ (കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ ഉൾപ്പെടെ) ഇന്ത്യ ഗവണ്മെന്റിന്റെ സുവിധ പോർട്ടലിൽ സ്വയം പ്രഖ്യാപന ഫോമിൽ സമർപ്പിക്കുക (https://www.newdelhiairport.in/airsuvidha/apho-registration).
  • ഒന്നുകിൽ കോവിഡ്-19 ന്റെ പൂർണ്ണ പ്രാഥമിക വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റൊ അല്ലെങ്കിൽ കോവിഡ്-19 നെഗറ്റീവ് RT-PCR ടെസ്റ്റ് റിപ്പോർട്ടോ അപ്‌ലോഡ് ചെയ്യുക (യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയതായിരിക്കണം RT-PCR ടെസ്റ്റ് എന്ന് നിബന്ധനയുണ്ട്).
  • ഓരോ യാത്രക്കാരനും സമർപ്പിച്ചിരിക്കുന്ന രേഖകൾ ആധികാരികമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യവാങ്മൂലവും സമർപ്പിക്കണം (തെറ്റായ വിവരങ്ങൾ നൽകിയാൽ ക്രിമിനൽ പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കും).
  • ഇന്ത്യയിൽ എത്തിച്ചേർന്നതിനു ശേഷമുള്ള വീട്ടിൽ ഇരിക്കൽ / ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ / സ്വയം-ആരോഗ്യ നിരീക്ഷണത്തിന് വിധേയരാകേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് അതാതു സമയങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ചു കൊള്ളാമെന്നു യാത്ര പുറപ്പെടുന്നതിനു മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പോർട്ടലിലോ, ബന്ധപ്പെട്ട എയർലൈനുകൾക്കോ യാത്രികർ ഉറപ്പു നൽകേണ്ടതാണ്.

വിമാനത്തിൽ കയറുന്നതിനു മുൻപ്:

  • യാത്രയിൽ ഉടനീളം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് വിമാനക്കമ്പനികൾ / ഏജൻസികൾ യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം നൽകേണ്ടത് നിർബന്ധമാക്കും.
  • എയർ സുവിധ പോർട്ടലിലെ സെൽഫ് ഡിക്ലറേഷൻ ഫോം (സത്യവാങ്മൂല൦), നെഗറ്റീവ് RT-PCR ടെസ്റ്റ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ മുൻകൂട്ടി അപ്‌ലോഡ് ചെയ്ത യാത്രക്കാർക്ക് മാത്രമേ എയർലൈനുകൾ ബോർഡിംഗ് അനുവദിക്കുകയുള്ളു.
  • ശരീര താപനില തിട്ടപ്പെടുത്തിയതിന് ശേഷം, രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കുകയുള്ളു.
  • ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും അവരുടെ മൊബൈലിൽ ‘ആരോഗ്യ സേതു’ ആപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്യേണ്ടതാണ്.

യാത്രാവേളയിൽ:

  • യാത്രയിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ ഉൾപ്പെടെ കോവിഡ്-19 നെക്കുറിച്ചുള്ള അറിയിപ്പുകൾ വിമാനത്തിനുള്ളിലും എയർപോർട്ടുകളിലും ട്രാൻസിറ്റ് സമയത്തും നൽകുന്നതായിരിക്കും.
  • വിമാനത്തിനുള്ളിൽ, എല്ലാ സമയത്തും കോവിഡ് ചട്ടങ്ങൾ പിന്തുടരുന്നുണ്ടെന്ന് വിമാന ജീവനക്കാർ ഉറപ്പാക്കണം.
  • ഫ്ലൈറ്റിനുള്ളിൽ ഏതെങ്കിലും യാത്രക്കാരൻ കോവിഡ്-19 ന്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്താൽ, അവർ കോവിഡ് പ്രോട്ടോക്കോൾ അനുശാസിക്കുന്ന തരത്തിലുള്ള ‘സ്വയം ഒറ്റപ്പെടലിന്’ വിധേയരാവേണ്ടതാണ്.
  • ഇന്ത്യാ ഗവണ്മെന്റ് നിര്ബന്ധമാക്കിയിട്ടുള്ള കോവിഡ് പരിശോധനകളെ സംബന്ധിച്ച് വിമാനക്കമ്പനികൾ ശരിയായ ഇൻ-ഫ്ലൈറ്റ് അറിയിപ്പുകൾ നൽകേണ്ടതാണ് (വിമാനത്താവളങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്ന തിരക്കും മനഃക്ലേശവും ഒഴിവാക്കാൻ ഇത് ഉപകരിക്കും).

വിമാനം ഇറങ്ങിക്കഴിഞ്ഞാൽ:

  • യാത്രക്കാർ പരസ്പരമുള്ള ശാരീരിക അകലം ഉറപ്പാക്കികൊണ്ട് വേണം വിമാനത്താവളത്തിൽ പ്രവേശിക്കാൻ.
  • എല്ലാ യാത്രക്കാരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തെർമൽ സ്ക്രീനിംഗ് നടത്തും. ഓൺലൈനായി പൂരിപ്പിച്ച സെൽഫ് ഡിക്ലറേഷൻ ഫോംഎയർപോർട്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കണം.
  • സ്‌ക്രീനിങ്ങിൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയ്യുകയും, തുടർന്ന് ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. പരിശോധന പോസിറ്റീവ് ആണെങ്കിൽ വിമാനത്തിനുള്ളിൽ അവരുമായി അടുത്തു ഇടപഴകിയവരെ വിവരം അറിയിക്കുന്നതായിരിക്കും (കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരന്റെ അതെ നിരയിൽ ഇരുന്നവരും 3 നിര വരെ മുന്നിൽ / 3 നിര വരെ പിറകിൽ ഇരുന്ന എല്ലാ യാത്രക്കാരും ഇതിൽ ഉൾപെടും).
  • വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷവും താഴെപ്പറയുന്ന പ്രോട്ടോകോൾ പാലിക്കാൻ ഓരോ യാത്രക്കാരനും ബാധ്യതയുണ്ട്:

    a) യാത്രക്കാരിൽ ഒരു ചെറിയ വിഭാഗം ആളുകളോട് (വിമാനത്തിലെ മൊത്തം യാത്രക്കാരുടെ 2%) റാൻഡം പോസ്റ്റ്-റൈവൽ പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടേക്കാം.

    b) വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു പറ്റം യാത്രക്കാരുടെ ലിസ്റ്റ് വിമാനക്കമ്പനിയാണ് എയർപോർട്ടിൽ നൽകുന്നത്. ഈ ലിസ്റ്റിലുള്ള യാത്രക്കാർ കോവിഡ് പരിശോധനക്കുള്ള സാമ്പിളുകൾ നൽകിയിട്ടു വേണം വിമാനത്താവളം വിട്ടു പോകാൻ.

    c) അത്തരം യാത്രക്കാരുടെ പരിശോധന പോസിറ്റീവ് ആണെങ്കിൽ, അവരുടെ സാമ്പിളുകൾ തുടർന്ന് INSACOG ലബോറട്ടറി നെറ്റ്‌വർക്കിൽ ജനിതകഘടന പരിശോധനയ്ക്കായി അയയ്ക്കണം. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് അവരെ ചികിത്സിക്കുകയോ ഏകാന്ത വാസത്തിന് നിര്ദേശിക്കുകയോ വേണം.
  • അടുത്ത 14 ദിവസത്തേക്ക് എല്ലാ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കണം.
  • സ്വയം-ആരോഗ്യ നിരീക്ഷണത്തിലുള്ള യാത്രക്കാർ, കോവിഡ്-19 നെ സൂചിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടെങ്കിൽ, അവർ ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയോ ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലോ (1075) / സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിലോ വിളിക്കേണ്ടതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും തുറമുഖങ്ങൾ വഴിയോ, കര മാർഗമോ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ബാധകമായിരിക്കും.

5 വയസ്സിന് താഴെയുള്ള കുട്ടികളെ എത്തിച്ചേരുന്നതിന് മുമ്പും ശേഷവും ഉള്ള കോവിഡ്-19 പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നിരുന്നാലും, വിമാനം ഇറങ്ങിയതിനു ശേഷമോ സ്വയം നിരീക്ഷണ കാലയളവിലോ കോവിഡ്-19 ന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയാൽ പ്രോട്ടോക്കോൾ അനുസരിച്ച് അവർ പരിശോധനയ്ക്ക് വിധേയരാകേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more