1 GBP = 107.33
breaking news

നിങ്ങളെ തടയാന്‍ പോലീസിന് അധികാരമുണ്ടോ?

നിങ്ങളെ തടയാന്‍ പോലീസിന് അധികാരമുണ്ടോ?

ബൈജു വര്‍ക്കി തിട്ടാല 

ബ്രിട്ടീഷ് ക്രിമിനല്‍ ലോ സിസ്റ്റം കുറ്റകൃത്യങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ മജിസ്റ്റേറ്റ് കോടതിയിലും ക്രൌണ്‍ കോടതിയിലും (crown court) വിചാരണ ചെയ്യപ്പെടുന്നു. എന്നാല്‍ ശിക്ഷ കുറഞ്ഞ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ക്രൌണ്‍ കോര്‍ട്ടിലും വിചാരണ ചെയ്യപ്പെടും. മേല്‍പ്പറഞ്ഞ രണ്ടുതരം കുറ്റകൃത്യങ്ങള്‍ക്കും ഇടയില്‍ പെടുത്താവുന്ന കുറ്റങ്ങള്‍ ചിലപ്പോള്‍ മജിസ്റ്റേറ്റ് കോടതിയിലോ അല്ലെങ്കില്‍ ക്രൌണ്‍ കോടതിയിലോ വിചാരണയ്ക്ക് വെക്കപ്പെടും. എങ്കില്‍ത്തന്നെയും ബ്രിട്ടീഷ് കോടതിയിലേക്കും മറ്റ് നടപടി ക്രമങ്ങളിലേക്കും കടക്കുന്നതിനു മുമ്പ് ബ്രിട്ടനിലെ പോലീസിന്റെ അധികാരത്തെക്കുറിച്ച് ‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ നിന്നും തുടങ്ങുന്നതായിരിക്കും അഭികാമ്യം എന്നു കരുതുന്നു.

 ഈ രാജ്യത്തെ പോലീസിന് കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് വളരെ വിശാലമായ അധികാരം ബ്രിട്ടീഷ് നിയമം അനുവദിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഏതൊരാളെയും തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനുള്ള അധികാരം ഉണ്ട്. എങ്കില്‍ത്തന്നെയും ഇത്തരത്തിലുള്ള അധികാരം ഉപയോഗിക്കുന്നതിന് പാലിക്കേണ്ട ചില നിബന്ധനകള്‍ ഉണ്ട്. ഒരു വ്യക്തിയുടെ കൈവശം ഏതെങ്കിലും നിരോധിക്കപ്പെട്ട വസ്തുക്കള്‍ (ആയുധം, മൂര്‍ച്ചയേറിയ ബ്ളേഡ്), കവര്‍ച്ച നടത്താന്‍ ഉപകരിക്കുന്ന വസ്തുക്കള്‍, കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ഉണ്ടെന്നു സംശയം തോന്നിയാല്‍ പോലീസിന് ഈ വ്യക്തിയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കാം. ഉദാഹരണത്തിന് ഒരാള്‍ ഒരു വലിയ സഞ്ചിയില്‍ കവര്‍ച്ചനടത്തുന്നതിന് ഉപകരിക്കുന്നു എന്ന സംശയിക്കത്തക്ക രീതിയില്‍ കുറെ ഉപകരണങ്ങളുമായി ഒരു വീടിനു ചുറ്റും കറങ്ങി നടക്കുന്നുവെങ്കില്‍ ഇയാളെ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് പോലീസിന് പരിശോധിക്കാവുന്നതാണ്. എങ്കില്‍ത്തന്നെയും 1966 ലെ വളരെ പ്രശസ്തമായ ഒരു വിധി പ്രകാരം ഇത്തരത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ ബലമായി പിടിച്ചു നിര്‍ത്താന്‍ അനുവാദമില്ല. അതായത് മേല്‍പറഞ്ഞ പ്രകാരം അറസ്റ്റ് ചെയ്യാതെ തടഞ്ഞുനിര്‍ത്തുമ്പോള്‍, തടഞ്ഞ് നിര്‍ത്തപ്പെടുന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ പാടില്ല. പോലീസിന്റെ അന്വേഷണത്തിന് സഹകരിക്കേണ്ട ഉത്തരവാദിത്വവും ജനങ്ങള്‍ക്കില്ല. ജനങ്ങളെ നിര്‍ബന്ധിക്കാനോ ബലപ്രയോഗമോ നിര്‍ദേശങ്ങള്‍ നല്‍കാനോ പോലീസിന് അധികാരമില്ല. അതായത് ഇത്തരത്തില്‍ വഴിയേ നടന്നുപോകുന്ന വ്യക്തിയോട് നടക്കുന്നതിനിടയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും അത് റിക്കോര്‍ഡ് ചെയ്യാനുമേ സാധിക്കൂ. അല്ലെങ്കില്‍ ഇത്തരത്തില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് സ്വമേധയാ പ്രസ്തുത സ്ഥലത്തുനിന്ന് മറുപടി പറയാം. പോലീസ് ഓഫീസര്‍ക്ക് സംശയം തോന്നുന്ന ആളെയോ, വാഹനത്തെയോ തടഞ്ഞു നിര്‍ത്തി പരിശോധിക്കാം എന്നിരുന്നാലും മേല്‍പറഞ്ഞ നിബന്ധനകള്‍ ബാധകമാണ്.

പൊതു സ്ഥലങ്ങളില്‍, പൊതുജനങ്ങള്‍ക്ക് കയറാന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ വച്ച് സംശയാസ്പദമായി തോന്നുന്ന വ്യക്തിയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കാവുന്നതാണ്. ഇത്തരത്തില്‍ തടഞ്ഞുനിര്‍ത്തുന്നത് കര്‍ശനമായും മേല്‍പറഞ്ഞ സാഹചര്യത്തില്‍ ആയിരിക്കണം. അതായത് വഴിയിലൂടെ കൈയും വീശിപ്പോകുന്ന ഒരാളെ തടഞ്ഞുനിര്‍ത്താന്‍ നിയമം അനുശാസിക്കുന്നില്ല. എങ്കില്‍ത്തന്നെയും മേല്‍പറഞ്ഞ നിരോധിക്കപ്പെട്ട ഉപകരണങ്ങള്‍ എന്നത് കോടതി വളരെ വിശാലമായാണ് നിര്‍വചിക്കുന്നത്. ഉദാഹരണമായി, നഗരഹൃദയത്തിലൂടെ നടന്നു വരുന്ന ഒരാളുടെ കൈവശമുള്ള ഒരു കമ്പിക്കഷണം പൂട്ട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താനുള്ളതാണ് എന്ന് പോലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയാല്‍ ഈ അധികാരപരിധി ഉപയോഗിച്ച് ആ വ്യക്തിയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കാവുന്നതാണ്. പക്ഷെ ഇത്തരം സാഹചര്യത്തിലും ജനങ്ങള്‍ക്ക് ഇവിടെ നിന്ന് മറുപടി പറയേണ്ട യാതൊരു ബാധ്യത ഇല്ല. മാത്രമല്ല ഇത്തരത്തില്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ യാതൊരു തരത്തിലുള്ള വിവേചനം പോലീസ് ഉദ്യോഗസ്ഥന്മാര്‍ കാണിക്കാന്‍ പാടില്ല. പ്രായം, കഴിവുകുറവ്, മതം, വിശ്വാസം, Sex, Sexual orientation, pregnancy and maternity എന്നീ വിവേചനം നിയമവിരുദ്ധമായിരിക്കും. മാത്രമല്ല, ഇത്തരത്തിലുള്ള വിവേചനം ഉന്മൂലനം ചെയ്യാനുള്ള കടമ ഈ അധികാരം ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പോലീസ് കോഡ് പറയുന്നു. ഈ അധികാരപരിധി ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. മേലുദ്യോഗസ്ഥനോടും ചില സാഹചര്യങ്ങളില്‍ കോടതിയോടും പോലീസിന് ഉത്തരം പറയേണ്ടിവരും. തെറ്റായി അധികാരം വിനിയോഗിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നടപടിക്ക് വിധേയരായെന്നും വരാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more