1 GBP = 107.33
breaking news

“കുട്ടൻ്റെ ഷർട്ട്” യുകെയുടെ കഥാകാരി സുനിത ജോർജിൻ്റെ ചെറുകഥ….

“കുട്ടൻ്റെ ഷർട്ട്” യുകെയുടെ കഥാകാരി സുനിത ജോർജിൻ്റെ ചെറുകഥ….

സുനിത ജോർജ്

കുട്ടൻ ഇന്നും പതിവ് പോലെ ആൽമരച്ചുവട്ടിൽ ഇരിക്കുന്നുണ്ട്. വരണ്ടുണങ്ങി വിണ്ടുകീറിയ ടാറിട്ടെന്നു തോന്നിക്കുന്ന റോഡിനെ മുറിച്ചു കടന്നു, കുട്ടന്റെ നോട്ടം മുഴുവനും ബാലേട്ടന്റെ കടയിലെ ചില്ലലമാരയിലെ ഷർട്ടിൽ ആയിരുന്നു “വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷർട്ട് “

കാവിലെ ഉത്സവം കഴിഞ്ഞപ്പോൾ മുതൽ കുട്ടൻ നോട്ടമിട്ടിരിക്കുന്നതാണ് വെള്ളയിൽ ചുവന്ന പൂക്കളുള്ള ആ ഷർട്ട്. എന്നും സ്കൂൾ വിട്ടു വന്നു ,പാതി കീറി തുടങ്ങിയ, കുഴ പൊട്ടിയ സ്കൂൾ ബാഗും വലിച്ചെറിഞ്ഞു കുട്ടൻ കവലയിലേക്കോടും – ഷർട്ട് ആരെങ്കിലും വാങ്ങിച്ചു കൊണ്ട് പോയോയെന്നറിയാൻ! ആ ഓട്ടത്തിനിടയിൽ കുട്ടൻ സർവദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കും, ബാലേട്ടന്റെ കടയിലെ ആ ഷർട്ട് ആരും വാങ്ങിക്കല്ലേ എന്ന്.

കഴിഞ്ഞ വർഷം കാവിലെ ഉത്സവത്തിനു കുട്ടന്റെ കൂട്ടുകാർ ചന്തുവിനും അപ്പുവിനും പുതിയ ഷർട്ട് കിട്ടി, കുട്ടന് മാത്രം കിട്ടിയില്ല! കുട്ടൻ അമ്മയോട് ചോദിച്ചു, കെഞ്ചിപ്പറഞ്ഞു, പൊട്ടിക്കരഞ്ഞു,പക്ഷെ ‘അമ്മ കുട്ടനെ ഒന്ന് ദയനീയമായി നോക്കുക മാത്രം ചെയ്തു, ആ നോട്ടം കണ്ടപ്പോൾ കുട്ടൻ കരച്ചിൽ നിർത്തി!

ആൽത്തറയിൽ ഇരുന്നു കുട്ടൻ വീണ്ടും ആലോചിച്ചു – കുഞ്ഞേച്ചി എന്താണ് വരാത്തത്. കാവിലെ ഉതസവത്തിനു മുന്നേ ടൗണിലേക്ക് പണിക്കു പോയതാണ്, പിന്നെ വന്നിട്ടില്ല. അമ്മയാട് ചോദിക്കുമ്പോൾ ഉത്തരമായി കുഴിഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ മുത്തുകൾ മാത്രം കാണും.

കുട്ടന്റെ  ആൽത്തറയിലെ  കാത്തിരിപ്പിന് അങ്ങനെയും ഒരു ലക്‌ഷ്യം ഉണ്ട്. ആളൊഴിഞ്ഞ ആനവണ്ടി പൊടിപറത്തിക്കൊണ്ടു പാഞ്ഞു പോകുമ്പോൾ കുട്ടൻ ആൽത്തറയിൽ നിന്നും പെറുവിരലിലൂന്നി നിന്ന്  നോക്കും – കുഞ്ഞേച്ചി അതിലുണ്ടോ എന്ന് !

ഇല്ല! ഇന്നും കുഞ്ഞേച്ചി വന്നില്ല. കുട്ടന്റെ മനസ്സിൽ സങ്കടവും ദേഷ്യവും തോന്നി. ആനവണ്ടിയിൽ വന്നിറങ്ങുന്ന കുഞ്ഞേച്ചി, പിന്നെ കുഞ്ഞേച്ചിയെയും കൈ പിടിച്ചു കൊണ്ട് ബാലേട്ടന്റെ കടയിലേക്ക്, ഷർട്ട് വാങ്ങാൻ, കുട്ടൻ എന്നും കണക്കുന്ന ദിവാസ്വപ്നം!

കുട്ടൻ ആൽത്തറയിൽ നിന്നുമിറങ്ങി വീട്ടിലേക്കു നടന്നു. പാദ സ്പർശം ഏൽക്കുമ്പോൾ നാണം കുണുങ്ങുന്ന  തൊട്ടാവാടികൾ  മൗനം പങ്കിട്ട നാട്ടുവഴിച്ചാലിലൂടെ അവൻ നടന്നു. കുട്ടന്റെ മനസിലെ മുഴുവൻ സങ്കടവും കാർമേഘമായി  ഉരുണ്ടു കൂടി.

വീട്ടിലെത്തിയപ്പോൾ അമ്മ മുറ്റത്തു നിൽക്കുന്നു. മണിയണ്ണന്റെ വീട്ടിലെ പശുക്കളെ കുളിപ്പിച്ച്, തൊഴുത്തിലെ പണിയും കഴിഞ്ഞു വന്നു നിൽക്കുന്ന അമ്മക്ക് വിയർപ്പിന്റെ മണമാണ്. ക്ഷീണിച്ചു എല്ലുന്തിയ കണ്ണ് കുഴിഞ്ഞ രൂപമാണ്  അമ്മക്ക്. അമ്മയുടെ  നേർക്ക് നോക്കുമ്പോൾ കുട്ടന് എന്നും സങ്കടം വരും. കുട്ടന്റെ രൂപവും അത്രയ്ക്ക് തന്നെ മെലിഞ്ഞതാണ്. എങ്കിലും അമ്മയുടെ കണ്ണുകളിൽ നോക്കുമ്പോൾ കുട്ടൻ സങ്കടപ്പെടും!

എന്താ കുട്ടാ നിനക്ക് ഒരു വക കഴിക്കുകയും കുളിക്കുകയും ഒന്നും വേണ്ടേ? ‘അമ്മയുടെ പതിവു ചോദ്യം. കുട്ടന് ഇപ്പോൾ ഒന്നിലും ഒരു താല്പര്യവും ഇല്ല, ആകെ അവന്റെ മനസിലുള്ളത് വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷർട്ട് മാത്രം.

കീറിത്തുടങ്ങിയ നിറം മങ്ങിയ തോർത്തുമെടുത്തു കുട്ടൻ തോട്ടുവരമ്പിലേക്കു നടന്നു. പരൽ മീനുകൾ തുള്ളിക്കളിക്കുന്ന കണ്ണീരുപോലെ തെളിഞ്ഞ വെള്ളത്തിൽ കുട്ടൻ പതുക്കെ കാലുകൾ വച്ച് കൊടുത്തു. പൊടിമീനുകൾ വന്നു അവന്റെ കാലുകളെ പൊതിഞ്ഞു.

കുട്ടൻ ഓർത്തു എന്തൊരു സുഖമായിരുന്നു ഒന്നു മീനായിട്ടു ജനിച്ചിരുന്നുവെങ്കിൽ! ഷർട്ട് വേണ്ട, ഉടുപ്പ് വേണ്ട, പള്ളിക്കൂടത്തിൽ പോകേണ്ട, എപ്പോഴും വെള്ളത്തിൽ കളിച്ചു കൊണ്ട് നടക്കാം.

കുളി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ‘അമ്മ കട്ടൻ ചായയും എണ്ണപ്പലഹാരത്തിന്റെ കീടനും എടുത്തു വെച്ചിട്ടുണ്ടായിരുന്നു, അമ്മ എന്നും മണിയണ്ണന്റെ വീട്ടിലെ പലഹാരത്തിന്റെ ബാക്കി വരുന്നത്  ഇംഗ്ലീഷ്  പത്രക്കടലാസിൽ പൊതിഞ്ഞു കൊണ്ടുവരും. ചിലപ്പോൾ  അതിൽ ശർക്കര ചേർത്ത പയറുമണികൾ ഉണ്ടാകും. ഇടക്കൊക്കെ അമ്മ പത്രക്കടലാസുകൾ മാത്രം കൊണ്ട് വരും. പലഹാരപ്പൊടി ഇല്ലാത്ത ദിവസം കുട്ടൻ അയലത്തെ  തൊടിയിലെ പേരക്ക, അല്ലെങ്കിൽ കശുമാങ്ങ പറിച്ചു തിന്നും.

മണിയണ്ണന്റെ വീട്ടിൽ ഒത്തിരി പശുക്കൾ ഉണ്ട്, ആടുകൾ ഉണ്ട്, പാടത്തു കൊയ്ത്തു ഉണ്ട്, നെല്ലുണ്ട്, പിന്നെ കറുത്ത നിറമുള്ള ഒരു കാറും ഉണ്ട്. കുട്ടന്റെ നാട്ടിൽ ഉള്ള അകെ ഒരു കാറ്!

കീറിയ പുറംചട്ടയുള്ള പുസ്തകത്താളുകൾ മറിക്കുമ്പോൾ കുട്ടൻ കണ്ടത് വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷർട്ട് മാത്രമായിരുന്നു.

‘അമ്മ അടുക്കളയിൽ തീ പൂട്ടി, മൺകലത്തിൽ അരി വേവിക്കുന്നു. അതിനു മുകളിലെ അയയിൽ  കുട്ടന്റെ നീല ഷർട്ട് ഉണങ്ങാൻ ഇട്ടിരിക്കുന്നു. പുകമണമുള്ള ഷർട്ട് ഇട്ടു കൊണ്ട് സ്കൂളിൽ വരുന്ന ധാരാളം കുട്ടികളിൽ ഒരാളായിരുന്നു കുട്ടനും. കരിമ്പൻ കയറിയ നീല നിറമുള്ള ഷർട്ട്! മണിയണ്ണന്റെ വീട്ടിലെ  കുട്ടികൾ മാത്രം പലനിറമുള്ള ഷർട്ട് മാറി മാറി ഇട്ടുകൊണ്ട് വരും. അവരുടെ ചോറ്റുപാത്രത്തിൽ  ചോറും കറിയും ഉണ്ടാവും. കുട്ടൻ എന്നും സ്കൂളിൽ നിന്നും കിട്ടുന്ന മഞ്ഞ നിറമുള്ള ഉപ്പുമാവ് വട്ടയിലയിൽ വാങ്ങി തിന്നും.

മണ്ണെണ്ണ മണമുള്ള കുപ്പി  വിളക്കിന്റെ വെളിച്ചത്തിൽ ഏതൊക്കെയോ പുസ്തകങ്ങളെ കുട്ടൻ നോക്കി! പുസ്തകതാളുകളിലെ അടുക്കും ചിട്ടയുമുള്ള അക്ഷരങ്ങൾ കുട്ടനെ നോക്കി ചിരിച്ചു. അവ കാണാപ്പാഠം ഉരുവിടുമ്പോൾ, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുന്ന, കളർ  ഫോട്ടോയിൽ കുട്ടൻ കൈകൾ കൊണ്ട് തലോടി. അമ്മ മണിയണ്ണന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ആ പത്രക്കടലാസിൽ എണ്ണ പുരണ്ടിട്ടില്ലായിരുന്നു!

മണിയണ്ണന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പത്രക്കടലാസുകളിലെ പടങ്ങൾ കുട്ടൻ വെട്ടിയെടുത്തു പുസ്തകത്താളുകൾക്കിടക്കു വയ്ക്കും. ആ പടങ്ങളിലേക്കു നോക്കിക്കൊണ്ടു കുട്ടൻ ചിലപ്പോഴൊക്കെ അമ്മയോട് ചോദിക്കും, നമ്മുടെ ബാലേട്ടന്റെ കടയിനപ്പുറത്തേക്കു ഒരു വലിയ ലോകമുണ്ടല്ലേ? അമ്മയുടെ കണ്ണുകളിൽ അപ്പോൾ ഒരു മിന്നാമിനുങ്ങ് വെട്ടം ഉണ്ടാകും.

അമ്മ കൊണ്ടുവന്നു വച്ച വെള്ളയരിക്കഞ്ഞിയിൽ ഉണക്കമുളക് ചമ്മന്തിയും ചേർത്ത് കുട്ടൻ മോന്തിക്കുടിച്ചു. അമ്മ കഞ്ഞി കുടിച്ചോ ആവോ? അമ്മ ഒരിക്കലും കുട്ടന്റെ കൂടെ ഇരുന്നു കഞ്ഞി കുടിക്കാറില്ല! അയലത്തെ പെണ്ണുങ്ങളോട് വർത്തമാനം  പറയാറില്ല! 

ചിലപ്പോൾ മണിയണ്ണന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പത്രക്കടലാസുകൾ നോക്കിയിരിക്കുന്നത് കാണാം. പഴകിയ പായിൽ നിവർന്നു കിടക്കുമ്പോൾ ഇഴ പൊട്ടിയ ഓലക്കീറുകൾക്കിടയിൽ കൂടി   ഒലിച്ചിറങ്ങുന്ന നിലാവിനെ  നോക്കികൊണ്ട്‌ കുട്ടൻ കിടന്നു. പതിവ് പോലെ കണ്ണിലെ കരിമേഘങ്ങൾ പെയ്തൊഴിഞ്ഞു. വെള്ളയിൽ ചുവപ്പു നിറമുള്ള ഷർട്ട് കണ്മുൻപിൽ തെളിഞ്ഞു വന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more