1 GBP = 107.31
breaking news

കാവല്‍ മാലാഖ (നോവല്‍ – 6): കുരുവിക്കുരുന്നുകള്‍

കാവല്‍ മാലാഖ (നോവല്‍ – 6): കുരുവിക്കുരുന്നുകള്‍

സൈമണ്‍ സിഗരറ്റ് കത്തിച്ച് സോഫയിലേക്കിരുന്നു. മനസിലെ തീയോടൊപ്പം സിഗരറ്റിന്‍റെ രണ്ടു പുക കൂടി ചെന്നപ്പോള്‍ ഉള്ളിലൊരു മുറുക്കം.

ദിവസം കഴിയുന്തോറും കൂടിക്കൂടി വരിയകയാണ് അവളുടെ അഹങ്കാരം. ഹൊരു അമ്മയും മോനും…! അയാള്‍ പിറുപിറുത്തു.

അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനുള്ള കരുത്ത് ചോര്‍ന്നു പോകുന്നതുപോലെ. ഇവളുടെ കുറ്റപ്പെടുത്തലുകളും പരിഹാസവും കേട്ട് എന്തിനിവിടെ കഴിയണം. ഇവിടുത്തെ ജോലിയുള്ളതാണ് ഇവളുടെ അഹങ്കാരത്തിനു പ്രധാനകാരണം. നാട്ടിലേക്കു തിരിച്ചു പോണം. അവിടെ അപ്പനേം അമ്മയേം നോക്കി, കൊച്ചുമായി കഴിയട്ടെ. ഒരു കുടുംബത്തിനു ജീവിക്കാനുള്ള ചുറ്റുപാടൊക്കെ അപ്പന്‍ അവിടെ ഉണ്ടാക്കിയിട്ടിട്ടുണ്ട്. തിരിച്ചുചെന്നാല്‍ പഴയ രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ പൊടിതട്ടിയെടുക്കാം. കാശുള്ളവനെ കൈനീട്ടി സ്വീകരിക്കാന്‍ ആളുണ്ടാവും, ഇഷ്ടം പോലെ.
കുഞ്ഞുണ്ടായ ശേഷമാണ് അവള്‍ക്ക് ഇത്രയും മാറ്റം. കൊച്ചൊന്നു കരഞ്ഞാല്‍ കുറ്റം തനിക്ക്.

കസേരയില്‍ നിന്നെഴുന്നേറ്റ്, തീരാറായ സിഗരറ്റ് മേശപ്പുറത്തിരുന്ന ആഷ്ട്രേയില്‍ കുത്തിക്കെടുത്തി. മനസിലെ തീയടങ്ങുന്നില്ല, വൈരാഗ്യത്തോടെ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഇവള്‍ക്കും കുടുംബത്തിനും ഇവളുടെ ശമ്പളമില്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ല. തനിക്കേതായാലും ആ ഗതികേടില്ല. തന്നെക്കൂടി അവളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള പോക്കാണ്. അതിനു വേറേ ആളെ നോക്കണം.

അയാളുടെ വിശപ്പ് അതിരു കടന്നു. ഇന്നിനി അവളെ പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ല. അയാള്‍ അടുക്കളയില്‍ കയറി. ഫ്രിഡ്ജ് തുറന്നു ബ്രെഡ് എടുത്തു. മുട്ടയും ജാമും ബട്ടറുമൊക്കെ ഇരിക്കുന്നു. പക്ഷേ, അതൊന്നും എടുത്തു തയാറാക്കിക്കഴിക്കാന്‍ തോന്നിയില്ല. ബ്രെഡ് നാലഞ്ചു കഷണമെടുത്ത് പ്ലെയ്റ്റിലിട്ട് വീണ്ടും ഡ്രോയിങ് റൂമില്‍ ടിവിയുടെ മുന്നിലേക്ക്.

അപ്പോഴാണു കോളിങ് ബെല്‍ ചിലയ്ക്കുന്നത്. ആരാണീ നശിച്ച നേരത്ത്. അവള്‍ ഇറങ്ങിവന്നു വാതില്‍ തുറക്കുമെന്നു പ്രതീക്ഷിച്ച് അല്പം കാത്തിരുന്നു. വരില്ലെന്നു മനസിലായപ്പോള്‍ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു. തുറക്കുമ്പോള്‍ മുഖം നിറയെ ചിരിയുമായി സേവ്യര്‍.

“ആ ഇതാര്…, വാടോ… താനിന്ന് ഓഫീസില്‍ പോയില്ലേ?”

താത്പര്യമില്ലാത്ത മട്ടില്‍ അയല്‍ക്കാരനെയും ക്ഷണിച്ച് സൈമണ്‍ അകത്തേക്കു നടന്നു.

“ഇന്നല്‍പ്പം വൈകി പോയാല്‍ മതി, എന്നാപ്പിന്നെ തന്നെയൊന്നു കണ്ടിട്ടാകാമെന്നു കരുതി.”

കൈയിലിരുന്ന കവറുകള്‍ ടീപ്പോയില്‍ വച്ചുകൊണ്ടു സേവ്യര്‍ പറഞ്ഞു. ഒരു കവറില്‍നിന്നു ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ പുറത്തേക്കു കഴുത്തു നീട്ടി. സൈമന്‍റെ നോട്ടം അതില്‍ പതിഞ്ഞു. എന്തോ കോളുമായിട്ടാണല്ലോ വരവ്. മറ്റുള്ളവര്‍ക്കു വേണ്ടി അഞ്ചു പൈസ ചെലവാക്കാത്ത അറുപിശുക്കന്‍. പക്ഷേ, വര്‍ത്തമാനം കേട്ടാല്‍ ആരെയും കൈയയച്ചു സഹായിക്കുന്ന ധാരാളി. ഇപ്പോ എന്താണാവോ ഇങ്ങനെ തോന്നാന്‍. എന്തായാലും ഭാര്യ മനസില്‍ കോറിയിട്ട അസ്വസ്ഥത കെടുത്താന്‍ നല്ല മരുന്ന് ഇതു തന്നെ.

“താനെന്നെ രണ്ടു വട്ടം ട്രീറ്റ് ചെയ്തതാ. ഇന്നു തനിക്കൊരു ട്രീറ്റ് തരാമെന്നു ഞാനും കരുതി.”

സൈമന്‍റെ നോട്ടം കണ്ടു സേവ്യര്‍ കാര്യം വിശദമാക്കി. സൈമന്‍റെ കണ്ണുകള്‍ തിളങ്ങി. എന്നിട്ടും കൈനീട്ടി കുപ്പി പുറത്തെടുത്ത് ആചാരപരമായി അടപ്പിലടിച്ചു, പിരിച്ചു തുറക്കുമ്പോള്‍ ഔചിത്യം പറഞ്ഞു.

“കള്ളു കുടിക്ക് അങ്ങനെ കണക്കൊന്നുമില്ല സേവ്യറേ…”

കുപ്പി പൊട്ടിച്ചു മേശപ്പുറത്തു വച്ച സൈമണ്‍ വെള്ളക്കുപ്പികളും രണ്ടു ഗ്ലാസുകളും കൂടി കൊണ്ടുവച്ചു. ഓരോ പെഗ് ഒഴിച്ചു, ചിയേഴ്സ് പോലും പറയാതെ ഡ്രൈ ആയി സൈമണ്‍ ഒന്നെടുത്തങ്ങു മോന്തി. സേവ്യര്‍ ഗ്ലാസില്‍ വെള്ളം പകര്‍ന്നു. എന്നിട്ട് കവറില്‍നിന്നു ഭക്ഷണപ്പൊതി കൂടി എടുത്തു തുറന്നു, ചിക്കനും ഫിഷും ഒക്കെയുണ്ട്.

നിനച്ചിരിക്കാത്ത നേരത്ത് മനസറിഞ്ഞു പ്രവര്‍ത്തിക്കുന്ന നല്ല അയല്‍ക്കാരന്‍. വെറുതേ അയല്‍ക്കാരനെന്നു പറഞ്ഞിട്ടു കാര്യമില്ല. ആത്മാര്‍ഥത വേണം, സ്നേഹം വേണം. അയല്‍ക്കാരന്‍റെ ദുഃഖം, ആവശ്യങ്ങള്‍ ഒക്കെ പരിഹരിക്കാനുള്ള നല്ല മനസു വേണം.

സൈമണ്‍ അപ്പോഴേക്കും രണ്ടാമത്തെ ഗ്ലാസ് നിറച്ചു. സേവ്യര്‍ മെല്ലെ ആദ്യത്തേതു നുണഞ്ഞു തുടങ്ങി. സൈമണ്‍ രണ്ടെണ്ണം കൂടി കഴിച്ചപ്പോഴും സേവ്യര്‍ സിപ്പി ചെയ്തിരുന്നു. മെല്ലെ, രണ്ടാമത്തെ പൊതിയെടുത്തു. എന്നിട്ടു ചെറിയൊരു ജാള്യത്തോടെ പറഞ്ഞു.

“ഇതു മേരിയുടെ കുറച്ചു കവിതകളാ. വളരെ കഷ്ടപ്പെട്ട് എഴുതിച്ച്…, അല്ല…, എഴുതിയതാ. താനൊന്നു നോക്ക്.”
സൈമണ്‍ മിഴിച്ചു നോക്കി.

“ഞാനങ്ങനെ പുസ്തകമൊന്നും വായിക്കാറില്ലെടോ, ഇതു കവിതയല്ലേ, വല്ല നോവലോ കഥയോ മറ്റോ ആയിരുന്നെങ്കില്‍ പിന്നേം…”

“അതിനിതു തനിക്കു വായിക്കാനല്ല. കലാകേരളയുടെ സാഹിത്യ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിരിക്കുവല്ലേ. അതിനൊന്ന് അയയ്ക്കാമെന്നു വച്ചാ തന്‍റെ അടുത്തു കൊണ്ടുവന്നത്….”

അപ്പോ അതാണു കാര്യം. പെണ്ണുംപിള്ളയ്ക്ക് അവാര്‍ഡ് സംഘടിപ്പിച്ചു കൊടുക്കാനാണു രാവിലെ കുപ്പിയും തൊപ്പിയും തിന്നാനുമെല്ലാമായിട്ട് ഇറങ്ങിയിരിക്കുന്നത്.

“എടോ, ഈ അവാര്‍ഡൊക്കെ നല്ല ഒന്നാന്തരം തട്ടിപ്പല്ലേ. അവന്‍മാരുടെ ആളുകള്‍ക്കേ ഇതൊക്കെ കൊടുക്കൂ. തനിക്കു വേറേ പണിയൊന്നുമില്ലേ? അല്ലെങ്കിലും ഇതിലൊക്കെ എന്തു കാര്യമാ. ഇതിനു കിട്ടുന്ന നക്കാപ്പിച്ച വേണോ തനിക്കും മേരിക്കും ജീവിക്കാന്‍?”

അയാള്‍ പരമാവധി നിരുത്സാഹപ്പെടുത്തി ഒഴിയാന്‍ നോക്കി. ഏറ്റെടുത്താല്‍ കുരിശാകും. പിടിച്ചാല്‍ വിടാത്ത ഇനങ്ങളാ. പക്ഷേ, സൈണ്‍ വിടാന്‍ ഭാവമില്ലായിരുന്നു.

“അതല്ലേ തന്നെത്തന്നെ കാണാന്‍ വന്നത്. താനല്ലേ കലാകേരളയുടെ സെക്രട്ടറി. താന്‍ വിചാരിച്ചാല്‍ നിസാരമായി നടക്കാവുന്ന കേസല്ലേയുള്ളൂ ഇത്. അവാര്‍ഡിനു കിട്ടുന്ന കാശല്ലെടോ പ്രശ്നം. അതുകൊണ്ടു സമൂഹത്തില്‍ നമുക്കുണ്ടാകുന്ന ഒരു നിലയും വിലയുമുണ്ട്. എത്ര കാശുണ്ടാക്കിയാലെന്താ, സൊസൈറ്റി സ്റ്റാറ്റസ് കൂടി വേണ്ടേ. അവാര്‍ഡ് തുകയൊക്കെ വേണേല്‍ അവരോടു വീതിച്ചെടുത്തോളാന്‍ പറ. നമുക്ക് ഒരു പൊതുസമ്മേളനത്തില്‍ ആ ട്രോഫിയോ ഷീല്‍ഡോ എന്താന്നു വച്ചാല്‍ ഇങ്ങു കൈമാറിയാല്‍ മതി. പിന്നത്തെ കാര്യമൊക്കെ ഞാനേറ്റു. നാട്ടിലെ പത്രങ്ങളിലും ടിവി ചാനലുകളിലുമൊക്കെ വാര്‍ത്ത കൊടുക്കാം. എന്നാലേ ഇവിടെ കൂടുതല്‍ വിലയുണ്ടാകൂ. താന്‍ കൈയൊഴിയരുത്, പ്ലീസ്….”

രക്ഷപെടാന്‍ മാര്‍ഗമില്ലെന്നു സൈമനു മനസിലായി. ഇവനു കാശു വേണ്ടെങ്കില്‍ ഒരു കൈ ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല. ചിലപ്പോള്‍ നടക്കുകയും ചെയ്യും.

“ഉം…, ശരി…, ഞാനൊന്നു ശ്രമിച്ചു നോക്കാം. താന്‍ വിഷമിക്കാതെ. എന്തായാലും ഒഴിച്ചു കുടിക്ക്. ഒരെണ്ണംകൊണ്ട് ഇരിക്കുകയല്ലേ.”

“അതല്ല സൈമന്‍, ശ്രമിച്ചാല്‍ പോരാ, നടത്തണം. താന്‍ വിചാരിച്ചാല്‍ നടക്കും. എനിക്കൊറപ്പൊണ്ട്. മേരിയും പറയുന്നത് അതു തന്നെയാ. പ്ലീസ്… കാര്യമായിട്ടൊന്നു പിടിക്കണം. അതിനിനി വല്ല ചെലവൊണ്ടെങ്കിലും നമുക്കു കൈകാര്യം ചെയ്യാം. എന്താന്നു വച്ചാ താന്‍ പറഞ്ഞാ മതി.”

“ഓക്കെ ഓക്കെ, ഞാന്‍ കൈകാര്യം ചെയ്തോളാം. ചില്ലറ ചെലവൊക്കെ വരും. അതൊക്കെ വഴിയേ പറയാം. നോക്കട്ടെ….”

“ഹാവൂ ഇപ്പോഴാ സമാധാനമായത്, ഇനിയിപ്പോ ധൈര്യമായിട്ടു പോകാം. ഞാനെറങ്ങുവാ. ഇനി കഴിക്കുന്നില്ല. വണ്ടിയോടിക്കാനൊള്ളതാ….”

സൂസനു വേണ്ടി പരതിയ കണ്ണുകളുടെ നിരാശ മാറാതെ സേവ്യര്‍ പോകാനിറങ്ങി. അയാല്‍ ധൃതിയില്‍ പടിക്കെട്ടുകളിറങ്ങുമ്പോല്‍ സൈമന്‍ പുച്ഛവും പരിഹാസവും ഇടകലര്‍ന്ന ഭാവവുമായി നോക്കി നിന്നു.

കതകടച്ചു തിരിയാന്‍ തുടങ്ങുമ്പോള്‍ പോസ്റ്റ് മാന്‍ വരുന്നു. ഒരു കൂട്ടം കത്തുകള്‍ ധൃതിയില്‍ കൈമാറി അയാള്‍ നടന്നു നീങ്ങി. ഓരോന്നായെടുത്തു നോക്കുമ്പോള്‍ രണ്ടെണ്ണം മറ്റാരുടെയോ ആണ്. അപ്പോഴേക്കും പോസ്റ്റ്മാന്‍ അടുത്ത വീട്ടില്‍ കയറിയിരുന്നു. അയാള്‍ തിരിച്ചിറങ്ങുമ്പോള്‍ വീണ്ടും വിളിച്ചു വരുത്തി തെറ്റി വന്ന കത്തുകള്‍ തിരികെ കൊടുത്തു. ക്ഷമാപണം നടത്തി അയാള്‍ വീണ്ടും പോകാന്‍ തുടങ്ങുമ്പോഴാണ് മേരി എങ്ങോട്ടോ പോകാന്‍ ഒരുങ്ങി ഇറങ്ങുന്നതു കണ്ടത്.

ജീന്‍സും ടോപ്പുമാണു വേഷം. കൈയിലൊരു ചെറിയ സമ്മാനപ്പൊതിയുമുണ്ട്.

സൈമനെ കണ്ടു മേരിയുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ മരത്തിന്‍റെ ചെറിയ വേലിക്കടുത്തേക്കു വന്നു. അയാള്‍ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു:

“മേരി എങ്ങോട്ടാ?”

“എന്‍റെ കൂട്ടുകാരീടെ മോടെ കൊച്ചിന്‍റെ ബെര്‍ത്ത്ഡേ, ചെറിയൊരു പാര്‍ട്ടി. അങ്ങോട്ടു പോകാനെറങ്ങിയതാ.”

“സേവ്യര്‍ വരുന്നില്ലേ?”

“ഇല്ല പുള്ളിക്കു ഓഫീസില്‍ പോയിട്ടു തിരക്കുണ്ടത്രെ.”

മേരി ഒരു ചിരി കൊണ്ടു യാത്ര പറഞ്ഞു തിരിയാന്‍ തുടങ്ങിയതാണ്. എന്നിട്ടു വീണ്ടും തിരിച്ചു വന്ന് ഒച്ച താഴ്ത്തി പറഞ്ഞു:

“അല്ല സൈമണ്‍, ഒരു കാര്യം പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്. എന്തിനാ ഇങ്ങനെ കെട്ടിയോള്‍ടെ വായീന്ന് അനാവശ്യം കേക്കുന്നേ.”

“അവള്‍ എന്താനാവശ്യം പറഞ്ഞെന്നാ പറയുന്നേ?”

അയാള്‍ ആകാംക്ഷയോടെ ചോദിച്ചു.

“ഇന്നലെ രാത്രി സൈമണ്‍ എവിടാരുന്നു? കൊച്ചിനെ ഞങ്ങളല്ലേ നോക്കിയത്. അതു സൂസനോടുള്ള സ്നേഹംകൊണ്ടല്ല. സൈമണ്‍ നല്ല മനുഷ്യനായത് ഒന്നുകൊണ്ടു മാത്രമാ.”

“എനിക്കറിയില്ലേ അത്. അല്ല, സൂസന്‍ നിങ്ങളോടെന്തോ പറഞ്ഞെന്നാ പറഞ്ഞത്?”

“ഒള്ളതു പറയാവല്ലോ, എനിക്കിതൊന്നും തീരെ പിടിക്കത്തില്ല. ഇങ്ങനെയൊരു ഭര്‍ത്താവ് എന്തിനാന്ന്! ഏതെങ്കിലും ഭാര്യ ചോദിക്കാവോ അങ്ങനെയൊക്കെ? എന്തൊക്കെ കുറ്റമാ പറഞ്ഞേന്നറിയാവോ? പിന്നെ…, സൈമണ്‍ ഇതൊന്നും ചെന്നു സൂസനോടു ചോദിച്ചേക്കല്ല്. എന്‍റെ ഭര്‍ത്താവ് എന്നെ ഈ ഭൂമീ വച്ചേക്കില്ല.”

“ഹേയ്, ഇല്ലില്ല ഞാന്‍ ചോദിക്കാനൊന്നും പോണില്ല. ഞാനത്ര മണ്ടനാണോ?”

“ങാ, എനിക്കതു കേട്ടാമതി. ഞാനങ്ങോട്ടു ചെല്ലട്ടെ. നേരം വൈകി.”

മേരി കുണുങ്ങിക്കുണുങ്ങി പോകുന്നതു സൈമണ്‍ നോക്കിനിന്നു. അവളുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ ആത്മഹര്‍ഷത്തിന്‍റെ ചിരി അയാള്‍ കണ്ടില്ല. അയാളുടെ മനസ് വീണ്ടും നീറിപ്പിടിച്ചു. ഉള്ളു കലങ്ങിമറിഞ്ഞു. ഭര്‍ത്താവിന്‍റെ കുറ്റവും കുറവും പറഞ്ഞു നടക്കാനും തുടങ്ങിയിരിക്കുന്നു. മനുഷ്യനെ നാണംകെടുത്താന്‍.

അയാള്‍ വീട്ടിലേക്കു കയറി കതകടച്ചു. ഒരു സിഗരറ്റിനു കൂടി തീകൊളുത്തി. അവള്‍ പറഞ്ഞ വാക്കുകളുടെ ഭയാനകത മനസില്‍ സംഘര്‍ഷം നിറച്ചു. എന്തോ തീരുമാനിച്ചുറച്ചതു പോലെ അയാള്‍ കസേരയിലേക്കിരുന്നു. മനസിനെ മഥിച്ചുകൊണ്ടിരുന്ന ചിന്തകള്‍ മുഖത്തെയും വലിഞ്ഞു മുറുക്കി.

സ്നേഹമുള്ള അയല്‍ക്കാരിയായതുകൊണ്ടല്ലേ മേരി ഒള്ളതു പറഞ്ഞത്. ഇനി അവരിത് ആരോടെല്ലാം പറഞ്ഞെന്നിരിക്കും. ഇങ്ങനെയൊരു സ്വഭാവം തന്‍റെ ഭാര്യക്ക് ഇതുവരെ ഉണ്ടായിരുന്നില്ല. എന്തുണ്ടെങ്കിലും സഹിച്ചു മിണ്ടാതിരിക്കും. മറ്റുള്ളവരോടെന്നല്ല, തന്നോടു പോലും പരാതി പറയുന്ന പതിവില്ല. അവളങ്ങനെ പറയുമോ, അതോ മേരി കള്ളം പറഞ്ഞതോ. ഹേയ്, തന്നോടു കള്ളം പറഞ്ഞിട്ടു മേരിക്കെന്തു കിട്ടാന്‍!

കുഞ്ഞുണ്ടായ ശേഷം അവള്‍ക്കു തന്നോടുള്ള പെരുമാറ്റത്തില്‍ നല്ല മാറ്റമുണ്ട്. മേരി കള്ളം പറഞ്ഞതാകാന്‍ വഴിയില്ല. ഇത്രയും നാളത്തെ ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ ഇങ്ങനെ തന്‍റെ ഹൃദയം വെട്ടിപ്പിളര്‍ന്നിരിക്കുന്നത്. അയാളുടെയുള്ളില്‍ വ്യാകുലതകളും സംശയങ്ങളും പെരുകിവന്നു.

ആകാശം ഇരുണ്ടുവരുന്നു. സേവ്യര്‍ കൊണ്ടുവച്ച കുപ്പി അയാള്‍ വീണ്ടും കൈയിലെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more