1 GBP = 106.80
breaking news

വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബർ ലക്കം പ്രസിദ്ധീകരിച്ചു…….. ജ്വാലക്ക് ശോഭയേകിക്കൊണ്ട് ഡോ.സലിം അലിയുടെ മുഖചിത്രവും

വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബർ ലക്കം പ്രസിദ്ധീകരിച്ചു…….. ജ്വാലക്ക് ശോഭയേകിക്കൊണ്ട് ഡോ.സലിം അലിയുടെ മുഖചിത്രവും
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഭാരതം ലോകത്തിന് നൽകിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബർ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാൽ സമ്പന്നമാണ്.
ഇന്റർനെറ്റ് യുഗത്തിൽ സാഹിത്യം വായിക്കപ്പെടുന്ന രീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാലും വായന വളരുകയാണ്. ഇനിയുള്ള കാലം ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടേതാണ്. എന്നാൽ പ്രവാസി മലയാളികൾ കാലത്തിന് അനുസരിച്ചു മാറിയിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്. കഥകളും കവിതകളും വായിച്ചിട്ടെന്തു പ്രയോജനം എന്ന് ചിന്തിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് ഈ ലക്കത്തിലെ എഡിറ്റോറിയൽ.
സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതാണ്ടു പിന്നിടുമ്പോഴും, സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം തേടുകയാണ് എം കൃഷ്ണയുടെ “സ്വാതന്ത്ര്യവും ഭയവും” എന്ന ലേഖനത്തിൽ. പല കാരണങ്ങളാലും നമ്മൾ ഭയത്തോടെ ജീവിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു ലേഖനം.
ജ്വാലയിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന ജോർജ്ജ് അറങ്ങാശ്ശേരിയുടെ “സ്മരണകളിലേക്കൊരു മടക്കയാത്ര” എന്ന പംക്തി ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുകയാണ്. വളരെയേറെ പ്രശംസ നേടിയിരുന്ന ഈ പംക്തി വായനക്കാരെ തങ്ങൾ പിന്നിട്ട ജീവിതാനുഭവങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചേക്കാം. നോബൽ സമ്മാനം നേടിയ ഷൂസെ സരമാഗുവിന്റെ കായേൻ എന്ന കൃതിയുടെ മലയാള പരിഭാഷ നടത്തിയ അയ്മനം ജോൺ തന്റെ അനുഭവങ്ങൾ പങ്ക് വെയ്ക്കുകയാണ് ‘കായേനെ കടൽ കടത്തിയതെങ്ങനെ’ എന്ന ലേഖനത്തിൽ.
മനോഹരമായ ഗാനങ്ങളാൽ പ്രസിദ്ധി നേടിയ സിനിമയായിരുന്നു ‘ദേവദാസി’. റിലീസ് ചെയ്യാതെ നിർമ്മാണത്തിന്റെ പാതിവഴിയിൽ മുടങ്ങിയ ദേവദാസി യുടെ ഗാനങ്ങൾ പിറന്നതിനെക്കുറിച്ചു വിവരിക്കുകയാണ് രവി മേനോൻ ‘പാദരേണു തേടിയലഞ്ഞു …’ എന്ന ലേഖനത്തിൽ. ജീവൻ ജോബ് തോമസ് എഴുതിയ “ശരീരത്തിന്റെ ട്രാജഡി” എന്ന ലേഖനവും പ്രൗഢമായ രചനയാണ്.
ഈ ലക്കത്തിൽ എം ബഷീർ രചിച്ച ‘മാവോയുടെ ബുക്ക് കക്ഷത്തിൽ വച്ച് നടന്ന ഒരാൾക്ക് സംഭവിച്ചത്’ എന്ന കവിത വായനക്കാരെ അത്ഭുതപ്പെടുത്തും. കൂടാതെ കെ ആർ സുകുമാരൻ എഴുതിയ ‘പുലരി’ എന്ന കവിതയും മനോഹരമായ കൃതിയാണ്.
ആനുകാലിക ബ്രിട്ടീഷ് രാഷ്ട്രീയത്തെ ആസ്പദമാക്കി സി ജെ റോയ് തയ്യാറാക്കിയ “വിദേശ വിചാരം” പംക്തിയിലെ കാർട്ടൂൺ വായനക്കാരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശക്തമായ പ്രമേയവും മനോഹരമായ അവതരണവുമാണ്.
പ്രീത സുധിർ എഴുതിയ ‘ഒറ്റതത്ത’, ശ്രീകല മേനോന്റെ ‘വൃഷാലി’, കണ്ണൻ സാജുവിന്റെ ‘ഡോക്ടർ കെ പി’ എന്നീ കഥകളും നവംബർ ലക്കം ജ്വാലയെ വ്യത്യസ്തമാക്കുന്നു. യുക്മ സാംസ്ക്കാരികവേദിയാണ് എല്ലാമാസവും ജ്വാല അണിയിച്ചൊരുക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നവംബർ ലക്കം ജ്വാല വായിക്കാം:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more