ബാബു ജോസഫ്
ബര്‍മിംങ്ഹാം : ലോകം മുഴുവനും ക്രൈസ്തവ വിശ്വാസത്തിന്റെ പുത്തന്‍ കൊടുങ്കാറ്റിനു തുടക്കം കുറിച്ച കത്തോലിക്ക കരിസ്മാറ്റിക് നവീകരണം 50 വര്‍ഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് വിവിധ ആത്മീയ ആഘോഷങ്ങളാണ് ആഗോള സഭ ഒരുക്കിയിരിക്കുന്നത്.
1967 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡുക്കെസ്നി സര്‍വ്വകലാശാലയില്‍ ധ്യാനത്തില്‍ പങ്കെടുക്കവേ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരിശുദ്ധാത്മാവിന്റെ വിവിധ അഭിഷേകങ്ങളാല്‍ നിറയപ്പെടുകയും അത് പിന്നീട് നിരവധി കരിസ്മാറ്റിക് ഗ്രൂപ്പുകളിലൂടെ ലോകം മുഴുവന്‍ കത്തിപ്പടരുകയുമായിരുന്നു. കത്തോലിക്കാ വിശ്വാസികള്‍ ബൈബിള്‍ കൂടുതലായി വായിക്കുവാനും ധ്യാനിക്കുവാനും ആരംഭിച്ചതിന്റെ പിന്നില്‍ ഈ കരിസ്മാറ്റിക് നവീകരണമായിരുന്നു.

2017 ജൂണ്‍ 4ന് റോമില്‍ വച്ചുനടക്കുന്ന ‘കരിസ്മാറ്റിക് നവീകരണ ജൂബിലി’ ആഘോഷത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നാഷണല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വര്‍ഷങ്ങളായി എല്ലാ മാസവും സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ‘രണ്ടാം ശനിയാഴ്ച കണ്വെന്ഷന്’ നടന്നുവരുന്ന ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ തന്നെയായിരിക്കും ഇംഗ്ലണ്ടിലെ ജൂബിലി ആഘോഷങ്ങളും നടക്കുക. 2017 മാര്‍ച്ച് നാലിന് രാവിലെ 9.45ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കും.

‘വണ്‍ ഹോപ്പ് പ്രൊജക്ട്’ നയിക്കുന്ന ആരാധനയിലൂടേയും ദൈവസ്തുതികളിലൂടെയും പരിശുദ്ധാത്മാവിന്റെ അനുഗ്രഹവര്‍ഷം സ്വീകരിക്കുവാനും പങ്കുവെക്കാനും സംഘാടകര്‍ എല്ലാവരെയും ക്ഷണിക്കുന്നു. ആഴമായ ക്രിസ്തീയ ജീവിതത്തിന് പ്രചോദനമാകുന്ന ജീവസാക്ഷ്യങ്ങള്‍, വചന പ്രഘോഷങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായിരിക്കും ബര്മ്മിംങ്ഹാമില് നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍. ആര്‍ച്ച് ബിഷപ്പ് ബര്‍നാഡ് ലോങ്ലെ ദിവ്യബലി അര്‍പ്പിക്കും, ആര്‍ച്ച് ബിഷപ്പ് കെവിന് മെക്ഡൊനാള്‍ഡ് വചന സന്ദേശം നല്‍കും. ഫാ. സോജി ഓലിക്കലും ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും.
മറ്റു പ്രധാന വചന പ്രഘോഷകര്‍

പറ്റി ഗല്ലാഗര്‍ മാന്‍സ്ഫീല്‍ഡ്: കത്തോലിക്ക സഭയില്‍ കറിസ്മാറ്റിക് നവീകരണത്തിനു തുടക്കമിട്ട 1967 ലെ ഡുക്കെസ്നി സര്‍വ്വകലാശാലയിലെ ധ്യാനത്തില്‍ പങ്കെടുത്തു. അന്നു മുതല്‍ അദ്ധ്യാപനം, എഴുത്ത്, ആത്മീയ ശ്രൂഷകള്‍ എന്നിവയില്‍ വ്യാപൃതയാണ്. പറ്റിയുടെ സാക്ഷ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടവയാണ്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ധ്യാനങ്ങളിലും സെമിനാറുകളിലും പ്രഭാഷണം നടത്തുന്ന പ്രശസ്ത സുവിശേഷകയാണിവര്‍.
മാര്‍ക്ക് നിമോ: അനുഗ്രഹീതനായ സുവിശേഷ പ്രഘോഷകന്. 33 രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ശുശ്രൂഷ നടത്തുകയും ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഒരു സുവിശേഷ പ്രഘോഷകന് എന്ന നിലയില്‍ മാര്‍ക്കിന് വളരെ വിപുലമായ പ്രവര്‍ത്തനമേഖലയാണുള്ളത്. കൂടാതെ, ഉഗാണ്ടയിലെ എച്ച്ഐവി ബാധിതര്‍ക്കിടയിലും അദ്ദേഹം സേവനം ചെയ്യുന്നു. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വിസില്‍ 10 വര്‍ഷമായി ആഫ്രിക്കയെ പ്രതിനിധികരിക്കുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.
റവ. മൈക്ക് പിറലാവച്ചി: ആംഗ്ലിക്കന്‍ സുവിശേഷകനായ മൈക്ക് ‘സോള്‍ സര്‍വൈവര്‍ മിനിസ്ട്രീ’സിനെ നയിക്കുന്നു. യേശുവിനു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരെ സഹായിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൗത്യം. നര്‍മ്മം കലര്‍ത്തിയ സുവിശേഷപ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ ക്രിസ്തുവിലേക്കടുപ്പിക്കുന്ന ശൈലിയാണ് അദ്ദേഹം അവലംബിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം പ്രസംഗിക്കുന്നു.
മാര്‍ച്ച് 4ന് ബര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചു നടക്കുന്ന ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യേണ്ടതാണ്.
ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂബിലി ആഘോഷപരിപാടികളുടെ വിശദമായ ടൈം ടേബിള്‍
click on malayalam character to switch languages