വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-മത് പിൻഗാമിയായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിച്ചത്. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്ത ശേഷം പ്രദക്ഷിണമായാണ് മാർപാപ്പ സ്ഥാനാരോഹണ ചടങ്ങിന് എത്തിയത്.
പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും മാർപാപ്പ സ്വീകരിച്ചതോടെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായുള്ള സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ് പൂർത്തിയായി. വിശുദ്ധ കുർബാനക്കിടയിൽ ലത്തീൻ, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ പാരായണത്തിന് ശേഷമായിരുന്നു പാലിയവും മോതിരവും മാർപാപ്പ സ്വീകരിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാൻ, വൈദികൻ, ഡീക്കൻ തുടങ്ങി വ്യത്യസ്ത പദവികളിലുള്ള മൂന്ന് കർദിനാൾമാരാണ് ഈ ചടങ്ങ് നിർവഹിച്ചത്. ഡീക്കൻ കർദിനാളാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. തുടർന്ന് മാർപാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്തു. തുടർന്നായിരുന്നു മെത്രാൻ കർദിനാളിൽ നിന്ന് മാർപാപ്പ മോതിരം സ്വീകരിച്ചത്.
മോതിരവും പാലിയവും സ്വീകരിച്ച ലിയോ പതിനാലാമൻ വിശ്വാസികളെ ആശീർവദിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പേർ മുഴുവൻ വിശ്വാസികളെയും പ്രതിനിധാനം ചെയ്ത് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്തു.
സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും രാഷ്ട്രത്തലവന്മാരും പ്രമുഖരും പങ്കെടുത്തു. സ്ഥാനാരോഹണച്ചടങ്ങ് കാണാനും പ്രാർഥനയിൽ പങ്കെടുക്കാനും വൻജനാവലിയാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തിയത്.
മെയ് എട്ടിനാണ് അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്തിനെ പുതിയ മാർപാപ്പയായി കത്തോലിക്ക സഭ തെരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരാണ് പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവിൽ പങ്കെടുത്തത്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന കർദിനാൾ റോബർട്ട് പ്രിവോസ്ത്, ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു.
ലിയോ പതിനാലാമൻ മാർപാപ്പ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ (ഒ.എസ്.എ) സുപ്പീരിയർ ജനറൽ ആയിരുന്ന വേളയിൽ കേരളം സന്ദർശിച്ചിരുന്നു. 2004 ഏപ്രിൽ 22നാണ് കൊച്ചി കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് മാർപാപ്പ എത്തിയത്.
അഗസ്റ്റീനിയൻ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം. അഗസ്റ്റിൻ സഭയുടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും വിശുദ്ധ കുർബാന അർപ്പിച്ചിട്ടുള്ള മാർപാപ്പ, കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിൽ ഏതാനും ദിവസം താമസിക്കുകയും ചെയ്തിട്ടുണ്ട്.
click on malayalam character to switch languages