1 GBP = 112.14
breaking news

കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു

കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവേലിക്കല്‍ സ്വദേശി റിജില്‍ (35), തലശ്ശേരി സ്വദേശി റോഷന്‍ ആര്‍ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഹൈബ്രിഡ് കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഇരുവരും. കഞ്ചാവ് കടത്തിയ യാത്രക്കാരന്‍ കടന്ന് കളഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ട്രാളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടതോടെ പൊലീസ് കാര്യം തിരക്കുകയായിരുന്നു. കറങ്ങാനും ഫോട്ടോ എടുക്കാനും വന്നതെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ വിവരം അറിയുന്നത്. ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോയും മറ്റുവിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. ഇത് ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ എയര്‍പോര്‍ട്ട് വിട്ടതായി മനസ്സിലായി. എയര്‍പോര്‍ട്ട് ടാക്‌സിയിലായിരുന്നു ഇയാള്‍ സ്ഥലം വിട്ടത്.

ഡ്രൈവറെ തിരിച്ചറിഞ്ഞ് പൊലീസ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മനസ്സിലാക്കിയ യാത്രക്കാരന്‍ സിഗരറ്റ് വലിക്കാനെന്ന് പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. ഇയാളുടെ ലഗ്ഗേജ് സാക്ഷികളുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more