പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്കായുള്ള മുന്നൊരുക്കങ്ങൾ നടക്കവേ അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയാക്കി ടീം യുക്മ. ഗ്ലോസ്റ്റെർഷെയർ ചെൽട്ടൻഹാം ബിഷപ്സ് ക്ളീവ്സ് സ്കൂളിൽ യുക്മ ദേശീയ റീജിയണൽ ഭാരവാഹികളും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ പ്രവർത്തകരും ഇന്ന് ഉച്ചയോട് കൂടി തന്നെ അവസാനവട്ട ഒരുക്കങ്ങൾക്കായി ഒത്തുകൂടിയിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് വേദികൾ തയ്യാറാക്കിയത്. കലാമേള നടക്കുന്ന കവിയൂർ പൊന്നമ്മ നഗറിൽ ആറു വേദികളാണ് തയ്യാറായത്.
യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് എബി സെബാസ്റ്റിയൻ, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, ദേശീയ എക്സിക്യട്ടീവ് കമ്മിറ്റിയംഗം സണ്ണിമോൻ മത്തായി, റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ്, ജിഎംഎ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കവിയൂർ പൊന്നമ്മ നഗർ ഒരുക്കങ്ങൾ പൂർത്തിയായത്.
ആയിരക്കണക്കിന് മത്സരാർത്ഥികളും അതിൽ അതിൽ പതിന്മടങ്ങ് കാണികളെയും പ്രതീക്ഷിക്കുന്ന കലാമേളയ്ക്ക് ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയിട്ടുള്ളത്. അതേസമയം സമയബന്ധിതമായി പരിപാടികൾ ആരംഭിക്കുന്നതിനും മത്സരങ്ങളുടെ സമയക്രമങ്ങൾ പാലിച്ച് കൃത്യ സമയത്ത് തന്നെ പരിപാടികൾ തീർക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ദേശീയ സമിതി ഇതിനകം തന്നെ നൽകിയിരുന്നു.
മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ കലാമേളകൾ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, യു കെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന കലാ മാമാങ്കമാണ്. മത്സരാർത്ഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികൾ കൂടി എത്തിച്ചേരുമ്പോൾ കേരളത്തിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ പ്രതീതിയാണ് കലാമേള നഗറിൽ കാണാൻ കഴിയുക.
കലയേയും സംസ്കാരത്തേയും നെഞ്ചേറ്റുന്ന യു കെ മലയാളികളുടെ ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്ന പതിനഞ്ചാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അഭ്യർത്ഥിച്ചു.
click on malayalam character to switch languages