1 GBP = 105.88
breaking news

അഡ്വ. ബൈജു തിട്ടാല കേംബ്രിഡ്ജ് സിറ്റി കൌൺസിൽ മേയർ…. കേംബ്രിഡ്ജിൽ ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ…. മലയാളികൾക്കൊപ്പം യുക്മയ്ക്കും അഭിമാന നിമിഷം

അഡ്വ. ബൈജു തിട്ടാല കേംബ്രിഡ്ജ് സിറ്റി കൌൺസിൽ മേയർ…. കേംബ്രിഡ്ജിൽ ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ…. മലയാളികൾക്കൊപ്പം യുക്മയ്ക്കും അഭിമാന നിമിഷം

അലക്സ് വർഗ്ഗീസ്സ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുകെയിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ ആദ്യ ഏഷ്യൻ വംശജനായ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു വർക്കി തിട്ടാല ചുമതലയേറ്റു. യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും യുക്മയുടെ ലീഗൽ അഡ്വൈസറുമായ ബൈജു വർക്കി തിട്ടാലയുടെ പുതിയ സ്ഥാനലബ്ധി മലയാളികൾക്കൊപ്പം യുക്മയ്ക്കും ഏറെ അഭിമാനമായി മാറിയിരിക്കുകയാണ്.

കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു യുകെയിൽ എത്തിയ കാലം മുതൽ മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും പ്രശ്ന പരിഹാരത്തിന് സാദ്ധ്യമായതെല്ലാം ചെയ്ത് പൊതുപ്രവർത്തനത്തിൽ സജീവമായി. മലയാളി നഴ്സുമാർ ഉൾപ്പടെ തൊഴിൽ മേഖലയിൽ മലയാളികൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു നടത്തിയ നിയമ പോരാട്ടങ്ങൾ ഏറെ ശ്രദ്ധ നേടി.

ഒരു ഇടത്തരം കർഷക കുടുംബത്തിലെ അംഗമായ ബൈജു പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം ഡൽഹിയിൽ എത്തുകയും ഏതാനും വർഷങ്ങൾക്ക് ശേഷം യുകെയിലേക്ക് കുടിയേറുകയുമായിരുന്നു. യുകെയിൽ എത്തിയ ശേഷം ജോലിയോടൊപ്പം പഠനവും ആരംഭിച്ച ബൈജു 2013 ൽ നിയമ ബിരുദവും തുടർന്ന് എംപ്ളോയ്‌മെൻറ് ലോയിൽ പോസ്റ്റ് ഗ്രാജ്വേഷനും കരസ്ഥമാക്കി.

ക്രിമിനൽ ലോയറായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ബൈജു 2018 ൽ കേംബ്രിഡ്‌ജ് സിറ്റി കൌൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെറിയ ഒരു ഇടവേളയ്‌ക്ക് ശേഷം 2022 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം കേംബ്രിഡ്ജ് സിറ്റിയിലെ ലേബർ പാർട്ടിയുടെ മുഖമായി മാറിക്കഴിഞ്ഞ ബൈജു തിട്ടാല കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ ലേബർ സ്ഥാനാർത്ഥികളുടെ സാധ്യതാപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.

യുകെയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിരന്തരം സജീവമായ ഇടപെടലുകൾ നടത്തുന്ന ബൈജു തിട്ടാല, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ദിവസം മുഴുവൻ പങ്കെടുത്ത് ഇൻഡ്യൻ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി മാറി. നഴ്സുമാർക്ക് വേണ്ടിയുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരീക്ഷകളിൽ മാർക്ക് ഇളവ് തേടിയുള്ള ക്യാംപയിന് നേതൃത്വം നൽകിയ ബൈജു, ഈ വിഷയത്തിൽ കേംബ്രിഡ്ജ് സിറ്റി കൌൺസിലിന്റെയും ലേബർ എം പിമാരുടേയും പിന്തുണ ഉറപ്പാക്കി. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മാർക്ക് നിബന്ധനകളിൽ ഇളവ് നൽകിയ എൻ എം സി തീരുമാനം മലയാളികൾ ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് നഴ്സ് മാർക്ക് പ്രയോജനകരമായി തീർന്നു.

അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈമുതലാക്കി യുകെയിലെത്തി കഠിനാധ്വാനത്തിലൂടെ ഉന്നത നിയമ ബിരുദങ്ങൾ കരസ്ഥമാക്കി സോളിസിറ്ററായി വിജയഗാഥകൾ തീർത്ത ബൈജു തിട്ടാല, കഴിഞ്ഞ ഒരു വർഷമായി കേംബ്രിഡ്‌ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ പദവിയിൽ സേവനമനുഷ്ടിക്കുകയായിരുന്നു. ബ്രിട്ടൻ്റെ മഹത്തായ വിദ്യാഭ്യാസ, സാംസ്കാരിക പൈതൃകങ്ങൾ പേറുന്ന കേംബ്രിഡ്ജ് സിറ്റി മേയർ പദവിയിലൂടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ യു കെ മലയാളികൾക്കും പ്രചോദനമായി തീർന്നിരിക്കുകയാണ് ബൈജു തിട്ടാല.

യുക്മയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിർലോഭമായ പിന്തുണ നൽകി വരുന്ന അഡ്വ. ബൈജു വർക്കി തിട്ടാലയെ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുമോദിച്ചു. യുക്മ ദേശീയ സമിതിയുടേയും, യുക്മ ന്യൂസ് ടീമിൻ്റെയും ഹൃദ്യമായ ആശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more