ട്രോളുകൾ ബാധിക്കാറുണ്ടെന്ന് ഇന്ത്യൻ താരം കെഎൽ രാഹുൽ. ആരെപ്പറ്റിയും എന്തും പറയാൻ സാധിക്കുമെന്നാണ് ആളുകൾ വിചാരിക്കുന്നത്. ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും രാഹുൽ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് നായകനായ രാഹുൽ പരുക്കേറ്റ് പുറത്താണ്.
“ട്രോളുകൾ എന്നെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. മറ്റ് ചിലരെ സാരമായി ബാധിക്കാറുണ്ട്. ഞങ്ങൾ, കായികതാരങ്ങൾ പിന്തുണ ആഗ്രഹിക്കുന്ന സമയത്ത് ആളുകൾ വിചാരിക്കുന്നത് അവർക്ക് ആരെപ്പറ്റിയും എന്തും പറയാമെന്നാണ്. ആ മനുഷ്യൻ കടന്നുപോകുന്നത് എന്താവാമെന്ന് ഒന്ന് ചിന്തിക്കൂ. ഞങ്ങളാരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ജീവിതം. ഞാൻ പറഞ്ഞതുപോലെ, ക്രിക്കറ്റല്ലാതെ ഒന്നും എനിക്കറിയില്ല.”- രാഹുൽ പറഞ്ഞു.
ക്രിക്കറ്റ് മാത്രമാണ് തനിക്കറിയാവുന്നത് എന്നും രാഹുൽ പറഞ്ഞു. താൻ കളിയെ ഗൗരവമായല്ല കാണുന്നതെന്നും നന്നായി കഷ്ടപ്പെടുന്നില്ല എന്നും ആളുകൾക്കെങ്ങനെ ഊഹിക്കാനാവും? ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ശരിയാവുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ഈ മാസം ഒന്നിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിനു പരുക്കേറ്റത്. മത്സരത്തിൽ, സ്റ്റോയിനിസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിലെത്തുന്നത് തടയാൻ ഓടുന്നതിനിടെ രാഹുൽ വേദനയോടെ നിലത്തേക്ക് വീഴുകയായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനു പകരം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ടീമിലെത്തിയിരുന്നു. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. മികച്ച ഫോമിലുള്ള വൃദ്ധിമാൻ സാഹയെ തഴഞ്ഞാണ് ബിസിസിഐ കിഷന് അവസരം നൽകിയത്. കെഎസ് ഭരത് ആണ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. കിഷൻ സെക്കൻഡ് ചോയിസ് ആണ്.
ഐപിഎലിൽ നിന്ന് പരുക്കേറ്റ് പുറത്തായ ജയ്ദേവ് ഉനദ്കട്ടും പരുക്കേറ്റ ഉമേഷ് യാദവും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരുക്ക് ഭേദമാവുന്നതനുസരിച്ച് ഇരുവരുടെയും കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ എന്നിവരാണ് റിസർവ് താരങ്ങളിൽ ഇടം ലഭിച്ചത്. ആഭ്യന്തര മത്സരങ്ങളിൽ തകർത്തുകളിക്കുന്ന സർഫറാസ് ഖാന് റിസർവ് നിരയിൽ പോലും ഇടം ലഭിച്ചില്ല.
click on malayalam character to switch languages