1 GBP = 104.15
breaking news

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ ഷെഫീല്‍ഡില്‍ നിന്നുള്ള അധ്യാപകനായ ബിനില്‍ പോള്‍

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ ഷെഫീല്‍ഡില്‍ നിന്നുള്ള അധ്യാപകനായ ബിനില്‍ പോള്‍

ബിനില്‍ പോള്‍

ഒന്നര മാസം മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍, മഹാഭൂരിപക്ഷം ആളുകള്‍ക്കും ഏറെക്കുറെ ഉറപ്പായ രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു: ബ്രെക്‌സിറ്റില്‍ അധിഷ്ഠിതമായ പ്രചാരണം, കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ
മഹാഭൂരിപക്ഷത്തോടെയുള്ള വിജയം. എന്നാല്‍ പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍, ഈ പ്രവചനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം തീര്‍ച്ചയായിട്ടും ഉണ്ട് എന്ന്‌നിസംശയം പറയാം.

മുന്‍പൊതുതെരഞ്ഞെടുപ്പിനു ശേഷം ബ്രിട്ടണില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തിന്റെ ഏറ്റവും പുതിയ ഭാഗം എന്ന് വേണമെങ്കില്‍ ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ജനത എടുത്ത തീരുമാന പ്രകാരം, ഒരു പുതിയ കാലഘട്ടത്തിലേക്ക് ‘സ്വതന്ത്ര ബ്രിട്ടനെ’ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള അവസരമായിട്ട് ആണ് തെരേസ മെയ് ഈ വോട്ടെടുപ്പിനെ
വിശേഷിപ്പിച്ചത്.ഡേവിഡ് കാമറൂണിന്റെ രാജിക്ക് ശേഷം പ്രധാനമന്ത്രി പദത്തില്‍ എത്തിയ തെരേസ മെയ് ഉജ്വലമായ പ്രസംഗങ്ങളിലൂടെ ജനങ്ങളില്‍ പുതിയ ബ്രിട്ടനെ പറ്റിയുള്ള ശുഭാപ്തി വിശ്വാസം വളര്‍ത്തുകയും, അഭിപ്രായ വോട്ടെടുപ്പുകളില്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയെ എതിര്‍ പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കുകയും ചെയ്തു. ഉള്‍പ്പോരുകൊണ്ടു ദുര്‍ബലമായ ഒരു പ്രതിപക്ഷവും തന്റെ പാര്‍ട്ടിക്കുള്ള മഹാജനസമ്മതിയും പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി ഇങ്ങനെ ഒരു തീരുമാനമെടുത്തതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കു ഒരു അത്ഭുതവും തോന്നിയില്ല.

10 ഡൗണിങ് സ്ട്രീറ്റില്‍ തെരേസ മെയ് എത്തിയതിനു ശേഷം, ബ്രെക്‌സിറ്റില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കാന്‍ ശക്തമായ ഒരു നേതാവ് എന്ന നിലയില്‍ അറിയപ്പെട്ട പ്രധാനമന്ത്രിയെ മുന്‍നിറുത്തിയുള്ള പ്രചാരണമാണ് കണ്‍സേര്‍വടിവ് പാര്‍ട്ടി ആയുധമാക്കിയത്. അതുപോലെ തന്നെ മൃഗീയ ഭൂരിപക്ഷമുള്ള സുസ്ഥിരമായ ഒരു
ഭരണകൂടം തങ്ങള്‍ക്കു മാത്രമേ സാധിക്കയുള്ളു എന്ന പ്രചാരണം ജനങ്ങളെ കാര്യമായി സ്വാധീനിച്ചു എന്ന് പറയേണ്ടി വരും. 2015 ലെ ദാരുണമായ തോല്‍വിയില്‍ നിന്ന് കരകയറുവാനുള്ള അവസരമായി ലിബറല്‍ ഡെമോക്രാറ്റ്‌സും മുന്‍തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ഒരുങ്ങിയപ്പോള്‍, യുകിപ് പാര്‍ട്ടി ബ്രെക്‌സിറ്റിന്റെ രക്തസാക്ഷിയായി സ്വയം പ്രഖ്യാപിച്ചു പ്രചാരണം
ആരംഭിച്ചു. ഇങ്ങനെ ശാന്തമായി ഒഴുകി കൊണ്ടിരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ യുദ്ധത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത് ലേബര്‍ പാര്‍ട്ടിയുടെ മാനിഫെസ്‌റ്റോ പ്രകാശനത്തിലൂടെയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് വരെ അലസമായി കിടന്ന ലേബര്‍ പാര്‍ട്ടിയുടെ, സാമൂഹിക സേവനത്തില്‍ ഊന്നിയുള്ള മാനിഫെസ്‌റ്റോ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. ടോറി പാര്‍ട്ടിയുടെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങളെ കടന്നാക്രമിച്ച ജെറെമി കോര്‍ബിന്‍, എന്‍ എച്ച് എസ് ,
വിദ്യാഭ്യാസം, റെയില്‍വേ, യൂട്ടിലിറ്റീസ്, സോഷ്യല്‍ വെല്‍ഫയര്‍ എന്നീ മേഖലകളില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ വര്‍ധിച്ച സഹായം വാഗ്ദാനം ചെയ്തു. ഈ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ ടോറി പാര്‍ട്ടി ചോദ്യം ചെയ്‌തെങ്കിലും, ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി സാരമായി ക്രമേണ ഉയര്‍ന്നു. അതെ സമയം, വ്യക്തതയില്ലാത്ത കണ്‍സേര്‍വറ്റിവ് മാനിഫെസ്‌റ്റോ പാര്‍ട്ടിക്ക് തിരിച്ചടി
ആയി എന്ന് മാത്രമല്ല ‘യു ടേണുകളുടെ’ സര്‍ക്കാരായി മുദ്രകുത്തപെട്ട കണ്‍സെര്‍വറ്റികുള്‍ക്കു ‘ഡിമെന്‍ഷ്യ ടാക്‌സില്‍’ പിന്നെയും കാല്‍ വഴുതി. മറ്റു പാര്‍ട്ടികളുടെ മാനിഫെസ്‌റ്റോകള്‍ കാര്യമായ ചലനം ഒന്നും സൃഷ്ടിക്കാതെ പോയപ്പോള്‍, ഈ തിരഞ്ഞെടുപ്പ് രണ്ട് പാര്ടികളിലേക്കു ഒതുങ്ങി..

ഇനി ചെറിയ ഒരു അവലോകനം. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ബ്രിട്ടന്‍ ഭരിച്ചിരുന്ന ടോറി പാര്‍ട്ടിയുടെ നേട്ടങ്ങള്‍ എന്തൊക്കെയാണ്? 2008 ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം അധികാരത്തിലേറിയ ടോറി സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വച്ചതു ധനകാര്യ കമ്മി കുറക്കല്‍, കുടിയേറ്റ നിയന്ത്രണം എന്നിവ ആയിരുന്നു. കമ്മി കുറക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ലക്ഷ്യം വച്ച എന്‍ എച് എസ്, വിദ്യാഭ്യാസം, വെല്‍ഫെയര്‍ എന്നിവക്കുള്ള സാമ്പത്തിക നിയന്ത്രണവും ‘എഫിഷ്യന്‍സി സേവിങ്‌സും’ സാമൂഹിക തലത്തില്‍ സൃഷ്ടിച്ച പരിണിത ഫലമാണ് ബ്രെക്‌സിറ്റ് എന്ന് നിസംശയം അനുമാനിക്കാം. എന്തിനും ഏതിനും കാരണക്കാരായി കുടിയേറ്റക്കാരെ ചിത്രീകരിച്ച യുകിപ് പാര്‍ട്ടിയുടെ നയങ്ങളോട് സമാനമായ നിലപാടുകള്‍ സ്വീകരിച്ച ടോറി പാര്‍ട്ടി, വര്‍ദ്ധിച്ച കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കുന്നതായ സന്ദേശം ജനങ്ങളുടെ ഇടയില്‍ സ്വീകാര്യമാക്കി. കുടിയേറ്റം നിയത്രണം മുഖ്യ നയമാക്കിയ ഈ സര്‍ക്കാര്‍, കുടിയേറ്റക്കാരുടെ സംഭാവനകളെ അപ്രസക്തമാക്കി. യുകിപ് ന്റെ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയെ നേരിടാന്‍ ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച റഫറണ്ടം ഇന്ന് ബ്രിട്ടനെ യൂറോപ്പിന്റെ പുറത്തേക്കുള്ള വാതിലില്‍ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴു വര്ഷം ഭരിച്ചിട്ടും നടപ്പിലാക്കാന്‍ സാധിക്കാത്ത കുടിയേറ്റ നിയത്രണവും കമ്മി കുറക്കലും വാഗ്ദാനം ചെയ്തു കൊണ്ട് വീണ്ടും ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിച്ചിരിക്കുന്ന കണ്‍സേര്‍വറ്റിവ് പാര്‍ട്ടിയുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. ഒരു വശത്തു നിന്ന്, പൊതുമേഖല സ്ഥാപനങ്ങളെ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രഘോഷിക്കുകയും, മറുവശത്തു നിന്ന് സകാര്യവത്കരണത്തെ പൂര്‍ണമായും പിന്തുണക്കുന്ന കണ്‍സേര്‍വേറ്റിവ് സര്‍ക്കാരില്‍ നിന്ന് സാമൂഹ്യ നീതി പ്രതീക്ഷിക്കുക സാധ്യമാണോ? സാമ്പത്തിക അച്ചടക്കവും പാഴ്‌ച്ചെലവ് നിയത്രണവും അത്യാവശ്യമാണെങ്കിലും, അത് മൂലം ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ മനസ്സിലാക്കാത്തതും വിമര്‍ശനങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞതും കണ്‍സേര്‍വറ്റിവ് പാര്‍ട്ടിയുടെ പരാജയമാണ്.

സംസ്‌കാര സമ്പന്നം എന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന് അത്യാവശ്യം വേണ്ടുന്ന നയമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നല്‍കുക എന്നുള്ളത്. ഈ നയത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്ന ഒന്നാണ് ലേബര്‍ മാനിഫെസ്‌റ്റോ. ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ
ബ്രിട്ടനില്‍ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന അനേകായിരങ്ങള്‍ ഉണ്ടന്നെതും, അത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണെന്നുമുള്ള വസ്തുത ആശ്ചര്യപ്പെടുത്തുന്നതാണ്. അതെ പോലെ ആരോഗ്യ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന വെയ്റ്റിംഗ് ടൈം, ജോലിക്കാരുടെ അപര്യാപ്തത, വിദ്യാഭ്യാസ മേഖലകളില്‍ നടത്തുന്ന മാറ്റങ്ങള്‍, ചെലവുചുരുക്കല്‍ എന്നിവ ഭയാനകവും ആണ്. ചരിത്രത്തിലേക്ക് ഒന്ന് കണ്ണ് ഓടിച്ചാല്‍ മനസിലാകും, ഈ രാജ്യത്ത് പൊതു മേഖല സ്ഥാപനങ്ങളുടെ പ്രസക്തി. സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം എന്നെ മേഖലകളില്‍ ഈ രാജ്യം കൈവരിച്ചിരിക്കുന്ന തുല്യതയ്ക്കും ഉന്നമനത്തിനും കാരണം ലാഭനഷ്ടങ്ങളുടെ കണെക്കെടുക്കാതെ നടത്തിയ മുതല്‍മുടക്കാണ്. ഈ നേട്ടങ്ങള്‍ തുടര്‍ന്നും അനുഭവിക്കണമെങ്കില്‍ നിരന്തരമായ സാമ്പത്തിക മുതല്‍മുടക്ക് ആവശ്യമാണ്. ജെറെമി കോര്‍ബിന്‍ വിഭാവനം ചെയ്തിട്ടുള്ള വാഗ്ദാനങ്ങള്‍ ഗവണ്മെന്റിന്റെ സാമൂഹിക പ്രതിബദ്ധതയെ ചൂണ്ടി കാണിക്കുന്നു. ഈ രാജ്യത്തിലെ ജനങ്ങള്‍ സൗജന്യമായി അനുഭവിക്കുന്ന വിദ്യാഭ്യാസവും ആരോഗ്യമേഖലയും സ്വകാര്യവത്കരിച്ചാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ചാല്‍
നന്നായിരിക്കും.

തിരഞ്ഞെടുപ്പിലെ മറ്റൊരു മുഖ്യവിഷയമാണ് ഈ രാജ്യത്തെ നയിക്കാന്‍ പ്രപ്തനായ സാരഥി ആര് എന്ന് ? കഴിഞ്ഞ ഏഴു വര്‍ഷമായി ഗവണ്മെന്റുകളുടെ ഭാഗമായ തെരേസ മെയ് അറിയപ്പെടുന്നത് കര്‍ക്കശക്കാരിയും ആയ ആര്‍ക്കും വഴങ്ങാത്ത ശക്ത ആയ നേതാവായിട്ടാണ്. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് തന്റെ നേതൃത്വത്തില്‍ മികച്ച നേട്ടം നേടിയെടുക്കും എന്ന് അവകാശപ്പെടുമ്പോഴും, ഭീഷണിയുടെ
സ്വരത്തില്‍ യൂറോപ്യന്‍ നേതാക്കളെ വെല്ലുവിളിക്കുന്ന തെരേസ മേയുടെ നയതന്ത്രം ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. ബ്രെക്‌സിറ്റിനു ശേഷം സംഭവിക്കാനിടയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളെ പറ്റിയുള്ള വിദഗ്ധരുടെ പഠനങ്ങള്‍ നിഷ്‌കരുണം തള്ളിക്കളയുകയും, താന്‍ ബ്രിട്ടന് ആവശ്യമുള്ളതെല്ലാം വാങ്ങിയെടുക്കും എന്ന
ധാര്‍ഷ്ട്യ ഭാവം എത്ര മാത്രം വിജയിക്കും എന്ന് കാത്തിരുന്നു കാണണം, ഇടക്കാല തിരഞ്ഞെടുപ്പ്, നാഷണല്‍ ഇന്‍ഷുറന്‍സ്, സോഷ്യല്‍ കെയര്‍ പോളിസീസ് തുടങ്ങിയ കാര്യങ്ങളില്‍ ഉള്ള അവരുടെ മലക്കം മറച്ചിലിനെ ‘ക്വീന്‍ ഓഫ് യു ടേണ്‍സ്’ എന്നാണ് വിശേഷിപ്പിച്ചത്. സമ്മര്‍ദ്ദത്തില്‍ തീരുമാനങ്ങള്‍ മാറ്റുന്ന തെരേസ മേയുടെ ഇത്തരം നടപടികളെ ഒരു ദുര്‍ബല നേതാവിന്റെ ലക്ഷണമായി ആണ് പ്രതിപക്ഷം വ്യാഖ്യാനിച്ചിട്ടുള്ളത്, ഒപ്പം വിട്ടുവീഴ്ചയില്ലാത്ത സമീപനവും ഭീഷണിയുടെ സ്വരവുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എത്രമാത്രം നേട്ടം കൊയ്ത് എടുക്കാം എന്ന ചോദ്യവും. ടാക്‌സ് സംബന്ധമായ അവ്യക്തതയും; സ്‌കൂള്‍, എന്‍ എച് സ്, സോഷ്യല്‍ കെയര്‍ എന്നീ മേഖലകളിലെ സാമ്പത്തിക വെട്ടിച്ചുരുക്കലുകളും ടോറി പാര്‍ട്ടിയുടെ ജനസമ്മതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സമീപകാല അഭിപ്രായ സര്‍വേകളില്‍ നിന്ന് മനസിലാകുന്നത് ശ്രീമതി മേയുടെ ജനപ്രീതി സാരമായി ഇടിഞ്ഞു എന്നുള്ളതാണ്. ‘ബ്ലഡി ഡിഫികല്‍റ്റ് വുമണ്‍’ എന്ന് സ്വയം പ്രഖ്യാപിച്ച തെരേസ മെയ്, ടി വി ഡിബേറ്റുകളില്‍ നിന്ന് പോലും ഓടിയൊളിക്കുന്നത് കാണുമ്പോള്‍, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുന്ന ഒരു നേതാവാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു മാസം മുമ്പ് വരെ ജനസമ്മതിയില്‍ ബഹുദൂരം പിന്നിലായിരുന്നു ജെറെമി കോര്‍ബിന്‍ ആകട്ടെ ഈ പ്രചാരണത്തിലൂടെ കൂടുതല്‍ ‘ജനകീയന്‍’ ആയിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ബ്ലെയര്‍ അനുകൂലികളുടെ എതിര്‍പ്പുകള്‍ മറികടന്നു പാര്‍ട്ടി നേതൃത്വത്തില്‍ കടിച്ചു തൂങ്ങി കിടന്ന ജെറെമി കോര്‍ബിന്‍, മാനിഫെസ്‌റ്റോയിലൂടെ പാര്‍ട്ടിയില്‍ സ്വന്തം സ്ഥാനം തത്കാലം ഉറപ്പിക്കുകയും, ബ്രെക്‌സിറ്റിനോട് അനുബന്ധിച്ചു ലേബര്‍ പാളയം വിട്ടു യുകിപ്, കണ്‍സേര്‍വറ്റിവ് പാര്‍ട്ടികളിലേക്കു ചേക്കേറിയ അനേകം അനുയായികളെ തിരിച്ചെത്തിക്കുവാനും കഴിഞ്ഞു. പൊതുമേഖലാ സ്ഥാപങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന കോര്‍ബിന്‍ തന്റെ വാക്കുകള്‍ പാലിക്കും എന്ന് വിശ്വസിക്കാം. മാനിഫെസ്‌റ്റോയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സൗജന്യ യൂണിവേഴ്‌സിറ്റി ഫീസ്, സ്‌കൂള്‍ മീല്‍സ്; എന്‍ എച് സ് നും സ്‌കൂളുകള്‍ക്കും ഉള്ള വര്‍ധിച്ച ധന സഹായം എന്നിവക്കുള്ള തുക ഈ രാജ്യത്തെ അതിസമ്പന്നരില്‍ നിന്ന് കൂടിയ വഴി ഈടാക്കും എന്ന് സധൈര്യം വിളിച്ചു പറയാനുള്ള ചങ്കൂറ്റവും അദ്ദേഹം കാണിച്ചു. ബ്രെക്‌സിറ്റ് ക്യാമ്പയ്‌നില്‍ ഏറെ പഴി കേട്ട കോര്‍ബിന്‍, വരുവാനിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ കോമണ്‍ മാര്‍ക്കറ്റില്‍ അംഗം ആയിരിക്കണം എന്ന നിലപാട് ഉള്ള വ്യക്തി ആണ്. ബ്രിട്ടന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഈ ചര്‍ച്ചകളില്‍ തെരേസ മെയയെ അപേക്ഷിച്ചു സഹിഷ്ണതയോടെ കാര്യങ്ങളെ സമീപിക്കും എന്നും പ്രതീക്ഷിക്കാം.

സമീപ കാലത്തു നടന്ന പല അഭിപ്രായ സര്‍വേകളും സൂചിപ്പിക്കുന്നത് കണ്‍സേര്‍വറ്റിവ് പാര്‍ട്ടി, മുമ്പ് വിചാരിച്ചതു പോലെ, വന്‍ഭൂരിപക്ഷത്തോട് കൂടി വിജയിക്കില്ല എന്നാണ്. ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന ടോറി പാര്‍ട്ടിക്ക് പ്രധാനമായും പിന്തുണ കിട്ടുന്നത് 65 വയസിനു മുകളിലുള്ള ജനവിഭാഗമാണങ്കില്‍ യുവജങ്ങള്‍ ലേബര്‍ പാര്‍ട്ടിയെ പ്രധാനമായും പിന്തുണക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപെട്ട കുറച്ചു സീറ്റുകള്‍ ലിബറല്‍ ഡെമോക്രാറ്റ്‌സ് വീണ്ടെടുത്താല്‍, അതുപോലെ തന്നെ യുകിപ് വോട്ടു ചെയ്ത വോട്ടുകള്‍ തിരിച്ചു ലേബര്‍ ബാലറ്റുകളില്‍ പതിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഫലപ്രവചങ്ങള്‍ അനിശ്ചിതമാകും. ഒരു തൂക്കു പാര്‍ലമെന്റിന്റെ സാധ്യത തള്ളിക്കളയാറായിട്ടില്ല. പക്ഷെ സമീപ കാലത്തു നടന്ന ഭീകര അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമ്മതിദായകരുടെ നിലപാടുകള്‍ മാറിക്കൂടാ എന്നില്ല. ഒരു പക്ഷെ ഇവിടെ എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം, ഈ ആക്രമണങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് എതിരായുള്ള അടുത്ത ഒരു തിര ആയി മാറുമോ എന്നുള്ളതാണ്. യുകിപ് പോലുള്ള ദേശീയ വാദത്തിലൂന്നിയുള്ള പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് സമാനമായി കുടിയേറ്റക്കാരെ എല്ലാവരെയും ഒന്നാകെ ക്രൂശിലേറ്റുന്ന നയം പ്രസംഗിക്കുന്ന ടോറി പാര്‍ട്ടി ആണോ വേണ്ടത് അതെയോ കുടിയേറ്റക്കാരുടെ സംഭാനകളെ മാനിക്കുന്ന ഓരു ലേബര്‍ നേതൃത്വമാണോ വേണ്ടത് എന്ന് ചിന്തിക്കുന്നതും നല്ലതായിരിക്കും. ഹോം സെക്രട്ടറി ആയിരുന്നപ്പോള്‍ തെരേസ മെയ് പോലീസ് ഫണ്ടിംഗ് വെട്ടിക്കുറച്ച നടപടിയും ഇവിടെ പ്രസക്തമാണ്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യക്ക് അനുസരിച്ചു സര്‍ക്കാര്‍ സേവനങ്ങളില്‍ ഉള്ള നിക്ഷേപം വേണം എന്ന സാമാന്യ ബോധം മറച്ചുവച്ച് കുടിയേറ്റ വിരുദ്ധത പ്രസംഗിക്കുന്നവര്‍ക്കു വേണോ വോട്ടു കൊടുക്കേണ്ടത് എന്നത് ചിന്തനീയം ആണ്.

തിരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോള്‍ കൂടുതലും തദ്ദേശീയ പ്രശ്‌നങ്ങളില്‍ ഊന്നി ആണെങ്കിലും, ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഉണ്ടാകാവുന്ന ഭാഷ്യത്തുകളെ വളരെ നിസ്സാരമായി തള്ളിക്കളയുകയും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ പുറപ്പെടിവിക്കുകയും ചെയ്യുന്ന ഡേവിഡ് ഡേവിസ്, ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനെ എവിടെ എത്തിക്കും എന്നത് ഒരു ചര്‍ച്ചാവിഷയമാണ്. ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ യൂറോപ്പിന്റെ വിപണി നഷ്ടമായാല്‍ ഉണ്ടാകുന്ന ഭീമമായ വരുമാന ചോര്‍ച്ചയില്‍ നിന്ന് സര്‍ക്കാരിന് രക്ഷപെടാന്‍ ഒരേ ഒരു പോംവഴിയേ ഉണ്ടാവുകയുള്ളു. ഭൂരിപക്ഷം കിട്ടിയാല്‍ കണ്‍സേര്‍വറ്റിവ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത്, ഇവിടുത്തുകാര്‍ ‘സ്‌നേഹപൂര്‍വ്വം’ പേരിട്ടു വിളിക്കുന്ന ‘ടോറി കട്‌സ്’ ആയിരിക്കും കാത്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രീസില്‍ നടന്ന ഗവണ്മെന്റ് വിരുദ്ധ പ്രക്ഷോപങ്ങളും ഇവിടെ എണ്‍പതുകളില്‍ നടന്ന സ്വകാര്യവത്കരണവും അതെ തുടര്‍ന്നുണ്ടായ സാമൂഹിക മാറ്റങ്ങളും ആവര്‍ത്തിച്ചാല്‍ ഉണ്ടാവുന്നത് സങ്കീര്‍ണ്ണമായ ഒരു അവസ്ഥ ആയിരിക്കും. ഗ്ലോബലൈസേഷന്റെ ഈ കാലഘട്ടത്തില്‍ ബ്രിട്ടന്‍ യൂറോപ്പിന് പകരം, പുറത്തു പുതിയ വ്യാപാര മേഖലകള്‍ കണ്ടെത്തും എന്ന് പറയുന്നത് വെറും ബാലിശവും വിഢിത്തവുമായവാദമാണ്.

ഈ ആഴ്ച എല്ലാവരും ബാലറ്റ് പേപ്പറുകള്‍ കൈയില്‍ എടുക്കുമ്പോള്‍ ആലോചിക്കേണ്ട വസ്തുത നിങ്ങള്‍ വിഭാവനം ചെയ്‌യുന്ന ബ്രിട്ടണ്‍ എന്തായിരിക്കണം എന്നനുസരിച്ചായിരിക്കണം. ഞാന്‍ നാട്ടില്‍ കോണ്‍ഗ്രെസ്സുകാരന്‍ അയിരുന്നു, അത് കൊണ്ട് കണ്‍സേര്‍വറ്റിവ്; സി പി എം ആയിരുന്നു, അത് കൊണ്ട് ലേബര്‍ എന്ന ചിന്താഗതി മാറ്റി , നമ്മള്‍ ജീവിക്കുന്ന ഈ രാജ്യത്തിനും കുടിയേറ്റക്കാരായ , നമ്മുടെ മക്കള്‍ക്കും നല്ലതു എന്ത് എന്ന് തീരുമാനിച്ചു ഉറപ്പിച്ചിട്ടു വോട്ടു ചെയ്യുക. ജൂണ്‍ ഒന്‍പതാം തിയതി പ്രഭാതത്തില്‍ അറിയാം,
ഒരിക്കല്‍ സൂര്യനസ്തമിക്കാതിരുന്ന ഈ ‘സാമ്രാജ്യത്തെ’, ഒരു പുതിയ ഒരു ഭാവിയിലേക്ക് ആര് കൈ പിടിച്ചു കയറ്റുമെന്ന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more