1 GBP = 104.15
breaking news

പൂന്തോട്ട നഗരിയെ പുളകച്ചാര്‍ത്തണിയിച്ച് വീണ്ടും മാസ്സ് ടോണ്ടന്‍; മാസ്സ് ടോണ്ടന്റെ ഓണാഘോഷത്തിനു ഗംഭീര പരിസമാപ്തി…ആവേശകരമായ വടംവലി മത്സരത്തില്‍ ടസ്‌കോഴ്സിന് ഒന്നാം സ്ഥാനം…

പൂന്തോട്ട നഗരിയെ പുളകച്ചാര്‍ത്തണിയിച്ച് വീണ്ടും മാസ്സ് ടോണ്ടന്‍; മാസ്സ് ടോണ്ടന്റെ ഓണാഘോഷത്തിനു ഗംഭീര പരിസമാപ്തി…ആവേശകരമായ വടംവലി മത്സരത്തില്‍ ടസ്‌കോഴ്സിന് ഒന്നാം സ്ഥാനം…

സുധാകരന്‍ പാലാ

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മാസ്സ് ടോണ്ടന്‍ സൗത്ത്വെസ്റ്റിന്റെ പൂന്തോട്ട നഗരിയെ ഒരിക്കല്‍ കൂടി ചരിത്രത്തിലേക്ക് ആനയിച്ച് ജൈത്രയാത്ര തുടരുന്നു.

ഭാഷാപഠനവും മലയാളത്തനിമയുമുള്ള കൂട്ടായ്മയും ലക്ഷ്യമിട്ട് രൂപീകൃതമായ ‘മലയാളം സാംസ്‌കാരിക സമിതി’ (മാസ്സ്) ടോണ്ടന്റെ പ്രഥമ ഓണാഘോഷം മലയാളത്തനിമ കൊണ്ട് ശ്രദ്ധേയമായി. വര്‍ണ്ണാഭമായ ഘോഷയാത്രയും ഓള്‍ യുകെ വടംവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയും കലാവിരുന്നും കൊണ്ട് ശ്രദ്ധേയമായി.

കേരളത്തിന്റെ പാരമ്പര്യ കായിക വിനോദമായ വടംവലി മത്സരം കാണുവാന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും അനേകം പേര്‍ ടോണ്ടനില്‍ ട്രള്‍ വില്ലേജ് ഹാളിലും ഗ്രൗണ്ടിലും എത്തിച്ചേര്‍ന്നിരുന്നു.

ശരവേഗത്തില്‍ വന്നു പെയ്തു പോയ മഴത്തുള്ളികള്‍ അഭിഷേകം പെയ്ത മൈതാനിയില്‍ ആവേശം അണപൊട്ടിയൊഴുകി. ആര്‍പ്പു വിളികള്‍ അന്തരീക്ഷമാകെ നിറഞ്ഞു.

കരുത്തിന്റെയും കഠിന പരിശീലനത്തിന്റെയും നാള്‍വഴികള്‍ പിന്നിട്ട് ടോണ്ടനിലെത്തിയ വടംവലി ടീമുകള്‍ എല്ലാവരും യുകെയില്‍ വിവിധയിടങ്ങളില്‍ നടന്ന മത്സരങ്ങളിലെ വിജയികളായിരുന്നതിനാല്‍ ആര് ജയിക്കുമെന്ന ജിജ്ഞാസയും ആകാംഷയും എല്ലാവരിലും കാണാമായിരുന്നു. ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ കെന്റില്‍ നിന്നെത്തിയ ടസ്‌കോഴ്സ് ടീം ഒന്നാം സ്ഥാനവും ബിര്‍മിംഗ്ഹാമിന്റെ BMC രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹെര്‍ഫോര്‍ഡില്‍ നിന്നുള്ള അച്ചായന്‍സ് ടീം മൂന്നാം സ്ഥാനവും ലിവര്‍പൂളില്‍ നിന്നുള്ള ടൈഗേഴ്സും എക്‌സിറ്റര്‍ ടീമും ആതിഥേയരായ മാസ്സ് ടീമും നല്ല പ്രകടനം തന്നെ കാഴ്ച വച്ചു.

വിജയികള്‍ക്ക് ടോണ്ടന്‍ ഡെപ്യൂട്ടി മേയര്‍ കാതറിന്‍ ഹെര്‍ബര്‍ട്ട് ട്രോഫികള്‍ വിതരണം ചെയ്തു. ഓരോ ടീമംഗങ്ങളെയും മാസ്സിന്റെ മുദ്ര പതിപ്പിച്ച മെഡല്‍ കോര്‍ത്ത ഹാരമണിയിച്ച് ഡെപ്യൂട്ടി മേയര്‍ ആദരിച്ചു.

ഒന്നാം സ്ഥാനം നേടിയ ടസ്‌കേഴ്‌സിന് വേണ്ടി ടീം ക്യാപ്റ്റന്‍ സേവ്യര്‍ പ്രഥമ മാസ്സ് ടോണ്ടന്‍ ട്രോഫി ഏറ്റു വാങ്ങി. ടസ്‌കേഴ്‌സിന് ഒന്നാം സമ്മാനമായ 751 പൗണ്ട് ക്യാഷ് അവാര്‍ഡാണ് ലഭിച്ചത്.

ഘോഷയാത്രക്ക് മാസ് പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, സെക്രട്ടറി ജോമോന്‍ ജോസ്, ഐറ്റി സെക്രട്ടറി ധ്വിതീഷ് ടി. പിള്ള, ട്രഷറര്‍ സെബാസ്റ്റ്യന്‍ കുര്യാടന്‍, പിആര്‍ഒ സുജിത്ത് സോമരാജന്‍ നായര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ്, കമ്മിറ്റിയംഗങ്ങളായ അബ്ദുല്‍ റൗഫ് സുലൈമാന്‍, അപ്പു വിജയക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്തു.

സ്വാഗത നൃത്തം, തിരുവാതിര, നാടോടി നൃത്തം, ശാസ്ത്രീയ നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങി വൈകീട്ട് നടന്ന കലാപരിപാടികള്‍ കേരളം പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. വേദിയില്‍ ശ്രീലക്ഷ്മി എസ്. വെട്ടത്ത്, അന്‍വിക ബിജു, അര്‍ച്ചന, സുജിത്, ശ്രീനന്ദന എസ് വെട്ടത്ത്, ലിയാ ലോകേഷ്, സന്ദീപാ അപ്പു, ലൗലി ലോകേഷ്, ജോസ്മി ജോമോന്‍ എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ കപ്പില്‍ ഡാന്‍സുമായി ജോമോന്‍ ജോസ്, അബ്ദുല്‍ റൗഫ് സുലൈമാന്‍, അപ്പു വിജയക്കുറുപ്പ്, ഉസ്മിയ റൗഫ് എന്നിവരും അരങ്ങു തകര്‍ത്തു.

രാത്രി 10 മണി വരെ നീണ്ട ആകര്‍ഷകമായ കലാവിരുന്നില്‍ ധ്വിതീഷ് ടി. പിള്ള, ജിജോ വര്‍ഗീസ്, ഷിമി ബൈജു, റോബി ജിജോ, മാരിനറ്റ് സെബാസ്റ്റ്യന്‍ എന്നിവരുടെ സംഗീതം മികവാര്‍ന്നതായിരുന്നു. കുമാരി ഹന്നാ സെബാസ്റ്റ്യന്‍ അവതാരികയായിരുന്നു. ഒരു പകലും രാത്രിയും നീണ്ട മാസ്സ് ടോണ്ടന്റെ പ്രഥമ ഓണാഘോഷ പരിപാടികള്‍ രാത്രി ഏറെ വൈകി അവസാനിക്കുമ്പോള്‍ അടുത്ത വര്‍ഷം മുതല്‍ വടംവലിക്ക് മാസ്സ് എവര്‍റോളിംഗ് ട്രോഫി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സമ്മാനത്തുക 1001 ആയി ഉയര്‍ത്തുമെന്നും അറിയിച്ചു. മാസ്സ് ഓര്‍ഗനൈസര്‍ സുധാകരന്‍ പാലാ തിരുവോണ സന്ദേശം നല്‍കി. സെക്രട്ടറി ജോമോന്‍ ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more