1 GBP = 104.14
breaking news

നാടിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുവാന്‍ ചാലക്കുടിക്കാര്‍ ഒത്തുകൂടുന്നു…..ചാലക്കുടി സംഗമം ജൂലൈ ഒന്നിന് കവന്‍ട്രിയില്‍….

നാടിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുവാന്‍ ചാലക്കുടിക്കാര്‍ ഒത്തുകൂടുന്നു…..ചാലക്കുടി സംഗമം ജൂലൈ ഒന്നിന് കവന്‍ട്രിയില്‍….

കവന്‍ട്രി: സമീപ കാലങ്ങളില്‍ ചാലക്കുടി സംഗമം അറിയപ്പെടുന്നത് നാടന്‍ പാട്ടും മിമിക്രിയും ജനകീയമാക്കിയ അനശ്വര നടന്‍ മാണിയുടെ പേരിലാണെങ്കിലും പൗരാണിക കാലം മുതലേ പ്രസിദ്ധമായ ഒരു നാടിന്റെ പിന്മുറക്കാര്‍ നാട്ടുവിശേഷങ്ങള്‍ പങ്ക് വി വയ്ക്കുവാന്‍ യുകെയില്‍ വീണ്ടും ഒത്തുകൂടുന്നു. ഒട്ടേറെ യാഗങ്ങളുടെ കൊടിക്കൂറ ഉയര്‍ന്ന നാട് എന്നര്‍ത്ഥം വരുന്ന ശാലയും കൊടിയും ചേര്‍ന്നാണ് ചാലക്കുടി ഉണ്ടായതെന്ന് പൗരാണിക ചരിത്രം പറയുമ്പോള്‍ അതിനു തെളിവായി ഇന്നും ഒട്ടേറെ ബ്രാഹ്മണ ഇല്ലങ്ങള്‍ ഈ നാടിന്റെ പേരിനു സാക്ഷ്യപത്രമായി നിലനില്‍ക്കുന്നു. ഇന്നും മലയാള നാടിനു ചൂണ്ടിക്കാണിക്കാന്‍ ഉള്ള പേരെടുത്ത യാഗങ്ങളും അതിരാത്രങ്ങളും നടക്കുന്നത് ചാലക്കുടിയുടെ ചുറ്റുവട്ടത്താണ്. കൊടകരയിലെ അതിരാത്രവും കുഴൂരിലെ യാഗവും ഒക്കെ ചാലക്കുടിയുടെ സംഭാവനയായാണ് കാലം വിലയിരുത്തുന്നത്.

പിന്നീടും ചാലക്കുടി അതിന്റെ പ്രൗഢി നഷ്ടപ്പെടുത്തിയിരുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ നഗര ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്റെ പൂര്‍ണ്ണകായ പ്രതിമ. ചാലക്കുടിയിലെ കാതിക്കുടം ഗ്രാമത്തില്‍ നിന്നാണ് പനമ്പിള്ളി മേനോന്‍ കൊച്ചി നാട്ടു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയരുന്നത്. കേരള പിറവിക്ക് തൊട്ടു മുന്‍പ് കൊച്ചി – തിരുവിതാംകൂര്‍ നാട്ടു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വളര്‍ന്നതും ഇതേ ചാലക്കുടിക്കാരന്‍ തന്നെ. പിന്നെ കേരളം കണ്ട ശക്തനായ മുഖ്യമന്ത്രി കെ. കരുണാകരനിലെ രാഷ്ട്രീയക്കാരനെ വളര്‍ത്തി എടുത്ത പ്രതിഭ എന്ന നിലയ്ക്കും ഗോവിന്ദ മേനോന്റെ സംഭാവനകള്‍ ചാലക്കുടിയുടെ നിത്യ സ്മരണയാണ്.

കേരളത്തില്‍ പല സ്ഥലങ്ങളിലും മതമൈത്രി തകര്‍ന്നു വര്‍ഗീയ കലാപങ്ങളിലൂടെ കുപ്രസിദ്ധി നേടിയപ്പോള്‍ ഇന്നും യഥാര്‍ത്ഥ മത സൗഹാര്‍ദ്ദം കാണപ്പെടുന്ന അപൂര്‍വ്വ സ്ഥലങ്ങളില്‍ ഒന്നാണ് ചാലക്കുടി. നഗരമായി വളര്‍ന്നിട്ടും ഗ്രാമമനസ് കൈവിടാത്ത സ്ഥലം. ആ നന്മ ആ നാടിന്റെ മക്കളും സൂക്ഷിക്കുന്നു. അതിന്റെ സാക്ഷ്യമായി പള്ളി പെരുന്നാളുകളും ക്ഷേത്ര ഉത്സവങ്ങളും ഒന്നിച്ചു ആഘോഷിക്കുവാന്‍ യാതൊരു മടിയും ചാലകുടിക്കാര്‍ക്ക് ഇല്ല. ഈ ഒരുമയും അതിഥി സല്‍ക്കാരത്തിലെ താല്പര്യവും കൂടിയായപ്പോള്‍ ചാലക്കുടിയില്‍ മദ്യവില്‍പ്പന റെക്കോര്‍ഡിട്ടപ്പോള്‍ ആഘോഷ മനസാണ് ചാലക്കുടിയുടേത് എന്ന സത്യമാണ് നാട്ടുകാരെ മദ്യപാരായി കണ്ട കേരളം അറിയാതെ പോയത്.

എന്നാല്‍ ഇത്തരം കളിയാക്കലുകള്‍ ഒന്നും തങ്ങളെ ലവലേശം ബാധിക്കില്ല എന്ന് തെളിയിച്ചു കൊണ്ട് വീണ്ടും ചാലക്കുടിയിലെ മുന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ദാസന്‍ നെറ്റിക്കാടന്‍, ഷാജു പള്ളിപ്പാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുകെയിലെ മുഴുവന്‍ ചാലകുടിക്കാരും ഒന്നിക്കുന്ന ദിവസം എത്തിച്ചേരാന്‍ ഇനി അധികം ദിവസമില്ല. സ്‌കൂള്‍ അവധി പ്രമാണിച്ച് നാട്ടുകാര്‍ പിറന്ന നാട് തേടി യാത്ര തിരിക്കും മുന്നേ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയാവുന്ന. ജൂലൈ ഒന്നിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന ചാലക്കുടി സംഗമത്തില്‍ ഒട്ടേറെ കൗതുക കാഴ്ചകള്‍ ഒരുക്കി വിരുന്നുകാരെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷം തുടക്കമിട്ട ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുവാനുള്ള ചര്‍ച്ചകളും ഇത്തവണയുണ്ടാകും. സംഘത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ദാസന്‍ നെറ്റിക്കാടനെയോ ഷാജി പള്ളിപ്പാടനെയോ ബന്ധപ്പെടുക: 07707450831 , 07984712512

വിലാസം:

Walsgrave Club, 146 , Woodway Lane , Coventry , CV22EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more