1 GBP =
breaking news

റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്ക് ഇന്ന് കുട്ടനാടന്‍ ഓളപ്പരപ്പായിമാറുന്നു – യു കെ യുടെ നാലതിരുകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ ജലപോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തും : മലയാളിയുടെ പകല്‍പ്പൂരം കാണാന്‍ തദ്ദേശീയവാസികളും ആകാംക്ഷയോടെ

റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്ക് ഇന്ന് കുട്ടനാടന്‍ ഓളപ്പരപ്പായിമാറുന്നു – യു കെ യുടെ നാലതിരുകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ ജലപോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തും : മലയാളിയുടെ പകല്‍പ്പൂരം കാണാന്‍ തദ്ദേശീയവാസികളും ആകാംക്ഷയോടെ

സജീഷ് ടോം (യുക്മ പി ആര്‍ ഒ)

യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തുഴ കുത്തിയെറിയുന്ന ജലമാരിയില്‍ സൂര്യന്‍ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ റഗ്ബി നിവാസികള്‍ ഇന്ന് കണ്‍ചിമ്മി ഉണരുക. മത്സര വള്ളങ്ങളുടെ പരിശീലന തുഴച്ചില്‍ രാവിലെ ഏഴ് മണിമുതല്‍ ആരംഭിക്കും.

കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് പുകള്‍പെറ്റ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഇരുപത്തിരണ്ട് മത്സരവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. കേരളാ ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവും കേരളത്തിലെ അറിയപ്പെടുന്ന ശില്പിയുമായ അജയന്‍ വി കാട്ടുങ്ങല്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വഹിച്ച യുക്മ എവര്‍റോളിങ്ങ് ട്രോഫിയില്‍ ആര് മുത്തമിടുമെന്ന ആകാംക്ഷക്ക് ഇന്ന് വൈകുന്നേരത്തോടെ വിരാമം ആകും.

വാശിയേറിയ മത്സരങ്ങള്‍ എന്നതിനപ്പുറം, കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആവേശവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഥമ യുക്മ ബോട്ട്‌റേസ് ലോക പ്രവാസി സമൂഹത്തിന് വലിയൊരു സാധ്യത തുറന്ന് കാട്ടുകയാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വക്കറ്റ് എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

ആറ് ഹീറ്റ്സുകളിലായി നടക്കുന്ന പ്രഥമ റൗണ്ടില്‍ യുണൈറ്റഡ് ബോട്ട് ക്ലബ് ആന്‌ഡോവര്‍ തുഴയുന്ന വെള്ളംകുളങ്ങര, ടൈഗേഴ്സ് ബോട്ട് ക്ലബ് ഓക്‌സ്‌ഫോര്‍ഡ് തുഴയുന്ന തിരുവാര്‍പ്പ്, ഇപ്‌സ്വിച് ബോട്ട് ക്‌ളബ് തുഴയുന്ന കുമരങ്കരി, ഷെഫീല്‍ഡ് ബോട്ട് ക്‌ളബ് തുഴയുന്ന നടുഭാഗം എന്നീ വള്ളങ്ങള്‍ ഒന്നാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടും. രണ്ടാം ഹീറ്റ്സില്‍ കെറ്ററിംഗ് ബോട്ട് ക്ലബ് നോര്‍ത്താംപ്ടണ്‍ഷെയര്‍ തുഴയുന്ന നെടുമുടി, കാര്‍ഡിഫ് കാമിയോസ് ബോട്ട് ക്ലബ് തുഴയുന്ന കാവാലം, സ്റ്റോക്ക് ഓണ്‍-ട്രെന്റ് ബോട്ട് ക്ലബ്ബിന്റെ ആലപ്പാട്ട്,റാന്നി ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് എന്നീ വള്ളങ്ങള്‍ മത്സരിക്കുന്നു.

ഇടുക്കി ബോട്ട് ക്ലബുകാര്‍ എത്തുന്ന കുമരകം, ബാസില്‍ഡണ്‍ ബോട്ട് ക്ലബ്ബിന്റെ മമ്പുഴക്കരി, ഹേവാര്‍ഡ്സ് ഹീത്ത് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ്, മൈത്രി ബോട്ട് ക്ലബ് ഗ്ലാസ് ക്കോയുടെ പുളിങ്കുന്ന് വള്ളങ്ങള്‍ മൂന്നാം ഹീറ്റ്സില്‍ ഏറ്റുമുട്ടുന്നു. നാലാം ഹീറ്റ്സില്‍ കവന്‍ട്രി ബോട്ട് ക്ലബ് തുഴയുന്ന രാമങ്കരി, വൂസ്റ്റര്‍ തെമ്മാടി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍, ഡാര്‍ട്ട്‌ഫോര്‍ഡ് ബോട്ട് ക്ലബ് തുഴയുന്ന കൈപ്പുഴ, ലണ്ടന്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ് തുഴയുന്ന മങ്കൊമ്പ് എന്നീ വള്ളങ്ങള്‍ മത്സരിക്കുന്നു.

ലെസ്റ്റര്‍ ലയണ്‍സ് ബോട്ട് ക്ലബിന്റെ കരുവാറ്റ, ഗ്ലോസ്റ്റര്‍ ജി എം എ & പിറവം ക്ലബ്ബിന്റെ കൈനകരി,ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ്ബിന്റെ തായങ്കരി എന്നീ വള്ളങ്ങള്‍ ഹീറ്റ്സ് അഞ്ചില്‍ മത്സരിക്കുമ്പോള്‍; യുണൈറ്റഡ് ക്ലബ് തുഴയുന്ന എടത്വാ, യോര്‍ക്ക് ഷെയര്‍ ബോട്ട് ക്ലബ് വെയ്ക്ക്ഫീല്‍ഡ് എത്തുന്ന ചമ്പക്കുളം, റിഥം ബോട്ട് ക്ലബ് ഹോര്‍ഷം തുഴയുന്ന ചെറുതന എന്നീ വള്ളങ്ങള്‍ ആറാം ഹീറ്റ്സില്‍ ഏറ്റുമുട്ടുന്നു.

വിസ്മയങ്ങളുടെ പൂരക്കാഴ്ച ഒരുക്കിയാണ് യുക്മ യുകെ മലയാളികളെ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കിലേക്ക് വരവേല്‍ക്കുന്നത്. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ യുക്മയുടെയും, യുക്മ പോഷക സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും; ഒപ്പം യു കെ യിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യങ്ങളായ വ്യക്തികളും ചേര്‍ന്ന് മാസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പുകളുടെയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഇന്ന് റഗ്ബിയില്‍ അരങ്ങേറുന്നത്.

രാവിലെ 10:30ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥികളെ മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും, യു കെ യിലെ പ്രമുഖ ചെണ്ടമേള വിദഗ്ദ്ധന്‍ രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. ലക്ഷണമൊത്ത കൊമ്പനാനയുടെ യഥാര്‍ത്ഥ വലിപ്പമുള്ള, ഇലക്ട്രോണിക് ആന നീലഗിരി കണ്ണന്‍ മേളയുടെ മറ്റൊരു ആകര്‍ഷണം ആയിരിക്കും.

വള്ളംകളി മത്സരങ്ങളുടെ ഇടവേളകളില്‍ കേരളീയ- ഭാരതീയ കലാരൂപങ്ങളും സംഗീത- നൃത്ത ശില്പങ്ങളും കാണികളില്‍ മേളക്കൊഴുപ്പ് പകരും. 650 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമായ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ 2000 ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഈ ജലമേളയിലേക്ക് പ്രവേശനം എന്നത് വളരെ എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.

മത്സരങ്ങളുടെ ആവേശം ആകാശംമുട്ടെ ഉയര്‍ത്തുന്ന റണ്ണിങ് കമന്‍ട്രികളും, കളിയുടെ ഓരോ നിമിഷവും നഷ്ടപ്പെടാതിരിക്കുവാന്‍വേണ്ടി ഒരുക്കിയിരിക്കുന്ന ഭീമന്‍ ടെലിവിഷനിലൂടെയുള്ള തത്സമയ സംപ്രേക്ഷണവും ഒക്കെയായി കാണികള്‍ക്ക് മനംനിറക്കുന്ന ഒരുദിവസം സമ്മാനിക്കുവാന്‍ സംഘാടക സമിതി തയ്യാറായിക്കഴിഞ്ഞു.

പ്രഭാതം മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ അഭിരുകള്‍ക്കനുസരിച്ചു മിതമായ നിരക്കില്‍ തെരഞ്ഞെടുക്കാന്‍ പറ്റുംവിധം വിവിധങ്ങളായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിക്കൊണ്ട് പരിചയ സമ്പന്നരായ നീലഗിരി റസ്റ്റോറന്റ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ ഈ പകല്‍പ്പൂരം കണ്ടാസ്വദിക്കുവാന്‍ നിരവധി തദ്ദേശീയവാസികളും ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പ്രിയ യുകെ മലയാളി സുഹൃത്തുക്കളെ, മലയാളി നെഞ്ചിലേറ്റിയ നമ്മുടെ മഹത്തായ ജലമേളയുടെ പുനരവതരണം എന്നതിനൊപ്പം, സാംസ്‌ക്കാരിക കേരളത്തിന്റെ വിദേശ മണ്ണിലെ ഒത്തുചേരല്‍ കൂടിയാണിത്. മേയര്‍മാര്‍, ഡിസ്ട്രിക്ട് കൗണ്‍സില്‍- ബറോകൗണ്‍സില്‍ ചെയര്മാന്മാര്‍, അംഗങ്ങള്‍, ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി അനവധി നിരവധി വിശിഷ്ട വ്യക്തികള്‍ നമ്മളെ സന്ദര്‍ശിക്കാനും ജലമേള ആസ്വദിക്കുവാനും ഇന്ന് റഗ്ബിയിലെത്തും. ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളില്‍ നിങ്ങളും ഉണ്ടാകണം. ഇത് സ്നേഹപൂര്‍വമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. നിറഞ്ഞ മനസോടെ മാത്രമായിരിക്കും നിങ്ങള്‍ മടങ്ങുന്നത്. ഇതൊരു ഉറപ്പാണ്…….. യുക്മ യു കെ മലയാളികള്‍ക്ക് നല്‍കുന്ന ഉറപ്പ്. ഏവരെയും ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Venue address:- Draycote Water, Rugby, Warwickshire – CV23 8AB

Post Your Comments Here ( Click here for malayalam )

Press Esc to close
show more