1 GBP = 104.16
breaking news

നിഗൂഢതയുടെ നിശബ്ദസുന്ദരി

നിഗൂഢതയുടെ നിശബ്ദസുന്ദരി

നിഗൂഢതയുടെ നിഴലാണ് മൊണോലിസ എന്ന സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ ചിത്രം തുടരുന്നു. 500 വര്‍ഷങ്ങളായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലാണ് ജീവനില്ലാത്ത ലോകസുന്ദരി. ഡാവിഞ്ചി എന്ന ലോകപ്രശസ്ത ചിത്രകാരന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ്. ചിത്രം നോക്കിനില്‍ക്കുമ്പോള്‍ നിഗൂഢമായ സൗന്ദര്യത്തില്‍ നിന്നും നിറഞ്ഞുതുളുമ്പുന്ന അഗാധമായ വൈകാരിക ക്ഷോഭങ്ങള്‍ ഹൃദയത്തിലേക്ക് അലയടിച്ചുയരുന്നതു പോലെ തോന്നി.
ഇറ്റാലിയന്‍ നഗര രാഷ്ട്രങ്ങളായിരുന്ന പിസ, ഫ്‌ളോറന്‍സ് എന്നിവയുടെ മധ്യത്തിലുള്ള വിന്‍ചി ഗ്രാമത്തിലാണ് 1452 ഏപ്രില്‍ 15ന് ലിയനാര്‍ഡോ ഡാവിഞ്ചി ജനിച്ചത്. ധനിക അഭിഭാഷകനായിരുന്ന പിയറോ ഡാവിഞ്ചി പിതാവ്. മാതാവ് കത്രീന. ഗ്രാമീണയുവതിയായിരുന്ന കത്രീനയെ പിയറോ വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ഭര്‍ത്താവിന്റെ വസതിയില്‍ അവകാശങ്ങളൊന്നുമില്ലാതെ ഒരു സാദാ വീട്ടുജോലിക്കാരിയായി ജീവിച്ചു. ഒരേ സമയം ചിത്രകാരനും ശില്‍പിയും, ശാസ്ത്രജ്ഞനും ഗണിത വിദ്വാനുമൊക്കെയായിരുന്നു ഡാവിഞ്ചി. പേരിനൊപ്പം ‘ലിയനാര്‍ഡോ ഡാ’യ്‌ക്കൊപ്പം ജന്മദേശമായ ‘വിഞ്ചി’ കൂടി ചേര്‍ന്നപ്പോഴാണ് ഡാവിഞ്ചിയായത്. 1482-ല്‍ ഡാവിഞ്ചി മിലാനിലെത്തി. ഇവിടെവച്ചാണ് വിശിഷ്ട രചനയായ ‘ദ ലാസ്റ്റ് സപ്പര്‍’ രചിച്ചത്. 1499ല്‍ ഫ്രഞ്ചുകാര്‍ മിലാന്‍ കീഴടക്കിയപ്പോള്‍ അദ്ദേഹം ഫ്‌ളോറന്‍സിലേക്കുപോയി.

ഇക്കാലത്താണ് ഡാവിഞ്ചി ഏറ്റവും പ്രസിദ്ധമായ മോണാലിസ എന്ന ചിത്രം വരച്ചത്. 77-53 സെ.മീ. വലിപ്പമുള്ള എണ്ണഛായാചിത്രം അറിയപ്പെടുന്നത് ‘ലാഗിയോ കോണ്‍ഡാ’ എന്നാണ്. മാര്‍ക്വിഡെല്‍ഗിയോ കോണ്‍ഡാ എന്ന ഫ്‌ളോറന്‍സുകാരനായ പ്രഭുവിന്റെ പത്‌നിയാണ് മോണലിസയ്ക്കു മാതൃകയായതെന്നു കരുതുന്നു. മോണാലിസയുടെ പുഞ്ചിരിയുടെ അര്‍ഥമെന്തെന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒപ്പം വിശ്വപ്രശസ്തിയുമുണ്ട്, വശ്യമായ ആ പുഞ്ചിരിക്ക്. അതിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന മാസ്റ്റര്‍പീസിന്റെ അടുത്തുനില്‍ക്കാന്‍ കഴിഞ്ഞതിന്റെ അടങ്ങാത്തയാവേശത്തിലായിരുന്നു ഞാന്‍.
പുഞ്ചിരി (നിഗൂഢമായ മന്ദഹാസം) അടിസ്ഥാനമാക്കിയാണ് മോണോലിസ ഡാവിഞ്ചി വരച്ചിരിക്കുന്നതെന്നാണ് നിഗമനം. ചിത്രത്തിന് ആധാരമെന്നുകരുതുന്ന യുവതിക്ക് അന്ന് 24 വയസുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതൊന്നും വസ്തുതകളല്ല-ചരിത്രകാരന്മാര്‍ കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ്. ഡാവിഞ്ചി ആരെ മോഡലാക്കിയാണ് ചിത്രം വരച്ചതെന്നതിനും സാങ്കേതികമായ തെളിവുകളൊന്നും തന്നെയില്ല. മോഡല്‍ ഒരു സ്ത്രീയായിരുന്നില്ലെന്നും ഡാവിഞ്ചിയുടെ സഹായിയായ പുരുഷനാണെന്നുമുള്ള വാദഗതികളും നിലവിലുണ്ട്.

കാലമിത്രയും കടന്നു പോയെങ്കിലും ചിത്രത്തിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ല, ഇത് അമൂല്യമാണെന്ന് കരുതപ്പെടുന്നു. എല്ലാ കാലാവസ്ഥകളേയും അതിജീവിക്കാന്‍ ശേഷിയുള്ള മുറിയില്‍ (ഏകദേശം 7 മില്യന്‍ ഡോളര്‍ ചെലവില്‍) ബുള്ളറ്റ് പ്രൂഫ് ഗ്‌ളാസുകളില്‍ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്. 1911ല്‍ ഇത് മോഷണം പോവുകയും രണ്ടുവര്‍ഷത്തിനുശേഷം കണ്ടെടുക്കുകയും ചെയ്തു. 1956ല്‍ പെയിന്റിങ്ങിന് നേരെ ആരോ കല്ല് വലിച്ചെറിഞ്ഞതിനാല്‍ ഇടതുകൈമുട്ടിനടുത്ത് കേടുപറ്റുകയും ചെയ്തിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍, ഡാവിഞ്ചിയുടെ ആരാധകന്‍ കൂടിയായ ഫ്രഞ്ച് രാജാവായിരുന്ന ഫ്രാങ്കോയിസ് ഒന്നാമന്‍ മോണാലിസ സ്വന്തമാക്കി. പിന്നീട് നെപ്പോളിയന്റെ കിടപ്പുമുറിയിലും അതിനുശേഷം ലൂവറിലേയ്ക്ക് മാറ്റപ്പെടുകയുമായിരുന്നുവത്രേ. ഫ്രഞ്ച് മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇറ്റാലിയന്‍ പെയിന്റിംഗ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മോണലിസയ്ക്ക് പുരികം ഇല്ലാത്തതും ശ്രദ്ധേയമായ കാര്യമാണ്. അന്നത്തെ രീതിയനുസരിച്ച് പുരികം അങ്ങനെയാവാനും അതല്ല എങ്കില്‍ ചിത്രത്തിന്റെ റിസ്റ്റൊറേഷന്‍ സമയത്ത് എന്തെങ്കിലും സംഭവിച്ചതാകാമെന്നും പറയപ്പെടുന്നു. ഡാവിഞ്ചി തന്റെ പെയിന്റിംങ് പൂര്‍ത്തിയാക്കാന്‍ ഇഷ്ടപ്പെട്ടില്ല എന്നും വാദമുണ്ട്. (അദ്ദേഹം പെയിന്റിംഗുകളൊന്നും തന്നെ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് പറയപ്പെടുന്നു).

ചിത്രകാരന്‍, ശാസ്ത്രഗവേഷകന്‍, ചിന്തകന്‍, അനാട്ടമിസ്റ്റ്, എഞ്ചിനീയര്‍, ജ്യോതിശാസ്ത്രജ്ഞന്‍, നിയമോപദേഷ്ടാവ്, നവോത്ഥാനകാലത്തെ ചിത്രകലാപരിഷ്‌കര്‍ത്താവ് എന്നിങ്ങനെ പല രീതിയിലും ശ്രദ്ധേയനായ ഡാവിഞ്ചിയുടെ രചന എന്നതാണ് ഈ സൃഷ്ടിയുടെ ഒന്നാമത്തെ സവിശേഷത. സ്ഫൂമാത്തോ കളറുകള്‍, മറ്റൊന്നിലേയ്ക്ക് വ്യക്തമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കാതെ കൂടിച്ചേരല്‍, ഔട്ട്‌ലൈനുകള്‍ എന്നിവയൊന്നും ഇതിനുണ്ടായില്ല. അക്കാലത്തുതന്നെ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ റാഫേല്‍ ഈ ചിത്രരചനാരീതിയും അനാട്ടമിയും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഡാവിഞ്ചി കാലഘട്ടത്തില്‍ നിലനിന്നുപോന്നിരുന്ന മേല്‍ക്കോയ്മയെ ഒരുതരത്തില്‍ വെല്ലുവിളിച്ചാണ് ചിത്രം വരച്ചതെന്ന് വ്യക്തം. ഒരു ധനാഢ്യന്റെ ഭാര്യയെ തന്നെ അതും ഒട്ടുംതന്നെ ആഭരണങ്ങളോ, അതിഭാവുകത്വമോ കൂടാതെ വരച്ചതും ഈ ചിത്രത്തിന്റെ പ്രത്യേകതയായി പറയപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതകള്‍ക്കും കൃതികള്‍ക്കും മോണാലിസ ആധാരമായിട്ടുണ്ട്. ഏകബിന്ദു പരിപ്രേക്ഷ്യാനുപാതം ആദ്യമായി ചിത്രരചനയില്‍ കൊണ്ടുവന്നത് ഡാവിഞ്ചിയാണെന്നും പറയപ്പെടുന്നു. മൊണാലിസയുടെ പശ്ചാത്തലത്തില്‍ പര്‍വതങ്ങളും പുഴകളും വഴികളും കൂടിച്ചേരുന്നത് ശ്രദ്ധിക്കുക. പിന്നില്‍ കാണുന്ന പാലം ബുരിയാനോ ബ്രിഡ്ജ് ആണ്. ഏതുനിമിഷവും മാറാവുന്ന അന്തരീക്ഷമാണു ചിത്രം നല്‍കുന്നതെന്ന് പറയപ്പെടുന്നു. പ്രപഞ്ചസത്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൊണാലിസയില്‍ പൗരുഷഭാവങ്ങളും ഉണ്ട്. ഇരുളും വെളിച്ചവും പ്രാധാന്യത്തോടെ കാണിച്ചിരിക്കുന്നു എന്നും പഠനങ്ങള്‍ പറയുന്നു.

ഇങ്ങനയൊക്കെയാണെങ്കിലും ലോകസഞ്ചാരികളുടെ മുന്നില്‍ വര്‍ണചാരുതകളുടെ പൂക്കളം വിടര്‍ത്തി നില്‍ക്കുന്ന ഈ ചിത്രം ലോകത്തിന് പുതിയൊരു ചിത്രകലാശൈലിയാണ് നല്‍കുന്നത്. ഈ ആവിഷ്‌കരണത്തിന് പലവിധ രൂപഭാവങ്ങളാണുള്ളത്. ആ കണ്ണുകളില്‍നിന്ന് പൊഴിഞ്ഞു വീഴുന്നത് മിഴിനീരല്ല പകരം മന്ദഹാസ പ്രഭ ചൊരിയുന്ന പുഞ്ചിരിയാണ്. സുഗന്ധം പേറി നില്‍ക്കുന്ന പൂക്കള്‍ക്ക് ചുറ്റും പാറിപറക്കുന്ന വണ്ടുകളില്‍ ഒരാളായി അനുരാഗത്തേക്കാള്‍ ആരാധനയോടെ ഞാന്‍ നോക്കി നിന്നു. യൂറോപ്പിലെ പ്രമുഖ മ്യൂസിയങ്ങളിലും ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളിലും ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെയെല്ലാം പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡാവിഞ്ചിയുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. അതില്‍നിന്നെല്ലാം വിത്യസ്തമാണ് മൊണോലിസ.
മൊണോലിസയുടെ ചിത്രം നാം ഏത് ദിശയില്‍നിന്ന് നോക്കിയാലും നമ്മെ നോക്കുന്ന വിധത്തിലാണുള്ളത്. മൊണൊലിസയെപ്പറ്റി ധാരാളം നിഗൂഢതകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും മൊണാലിസ ഫ്രാന്‍സ്സക്കോ റുല്‍ജിയോക്കോണ്‍ഡോ എന്ന ഫ്‌ളോറന്‍സുകാരന്റെ ഭാര്യയാണെന്നാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. വിമാനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പു തന്നെ ഡാവിഞ്ചി ഹെലികോപ്ടര്‍, യുദ്ധത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ ടാങ്ക്, കാല്‍കുലേറ്റര്‍ മുതലായവയുടെ മാതൃകകളുണ്ടാക്കി ലോകത്തെ കാണിച്ചിരുന്നു. ഫ്‌ളോറന്‍സും പിസയും തമ്മിലുള്ള യുദ്ധത്തില്‍ പിസയെ തോല്‍പ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തില്‍ നദിയില്‍ അണക്കെട്ടു നിര്‍മ്മിച്ചു.

മൊണോലിസയുടെ പേരില്‍ ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ എഴുതി. മൊണൊലിസയെ അധികരിച്ച് ഫ്രഞ്ച് ഭാഷയില്‍ ധാരാളം സിനിമകളും സംഗീത-നൃത്ത-നാടകങ്ങളുണ്ടായിട്ടുണ്ട്. യൂറോപ്പിലുള്ളവര്‍ കലാസാഹിത്യസൃഷ്ടികളെ അമൂല്യനിധികളായി കാണുന്നവരാണ്. അവര്‍ക്ക് ഡാവിഞ്ചി ജീവിതം കൊണ്ടു സമ്മാനിച്ച ഉദാത്തമായ കലാസൃഷ്ടിയാണ് മൊണോലിസ.
കാരൂര്‍ സോമന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more