1 GBP = 105.67
breaking news

നേഴ്‌സുമാര്‍ക്ക് പുറമേ വിദേശ ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി എന്‍ എച്ച് എസ്

നേഴ്‌സുമാര്‍ക്ക് പുറമേ വിദേശ ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി എന്‍ എച്ച് എസ്

ലണ്ടന്‍: ബ്രിട്ടനിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) 5000 വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. നേരത്തെ തന്നെ നിരവധി എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ വിദേശ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനായി 100 മില്യണ്‍ പൗണ്ടാണ് എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്ക് നല്‍കുന്നത്. ജിപി സര്‍ജറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആശുപത്രിസേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് അടിയന്തരമായി ഡോക്ടര്‍മാരെ റിക്രൂട്ട്‌ചെയ്ത് എത്തിക്കാനൊരുങ്ങുന്നത്. 2020 ആകുമ്പോഴേക്കും ഇവരെയെല്ലാം ബ്രിട്ടനിലെത്തിക്കും വിധമാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുക.

ബ്രിട്ടനില്‍നിന്നും ആവശ്യത്തിനു ഡോക്ടര്‍മാരെ ട്രെയിനിങ് നല്‍കിയെടുക്കാന്‍ കഴിയാത്തതും ഉള്ള ഡോക്ടര്‍മാരെ നിലനിര്‍ത്താന്‍ കഴിയാത്തതുമാണ് വിദേശ ഡോക്ടര്‍മാരെ അടിയന്തരമായി ആശ്രയിക്കാനുള്ള കാരണം. ഡോക്ടര്‍മാരോടൊപ്പം നഴ്‌സുമാരെയും മറ്റ് മെഡിക്കല്‍ വിദഗ്ധരെയും പുറത്തുനിന്നും എത്തിക്കാനും നീക്കമുണ്ട്. ആതുരസേവനരംഗത്ത് നിലവിലുള്ള സമ്മര്‍ദം ലഘൂകരിക്കുന്നതിനാണ് വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ് എന്നാണ് എന്‍എച്ച്എസിന്റെ വിശദീകരണം. ജിപി സര്‍വീസുകളുടെ നവീകരണത്തിനായി ചെലവഴിക്കുന്ന 2.4 ബില്യണ്‍ പൗണ്ടില്‍നിന്ന് പണം നീക്കിവച്ചാണ് വിദേശ ഡോക്ടര്‍മാരെ കൊണ്ടുവരുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്കാകും ആദ്യ പരിഗണന. ഇവരെ ലഭിക്കാതെവന്നാല്‍ മറ്റ് രാജ്യങ്ങളിലുള്ളവരെയും പരിഗണിക്കും.

ഇപ്പോള്‍ തന്നെ ബ്രിട്ടനിലെ ജിപികളില്‍ അഞ്ചില്‍ ഒരാള്‍വീതം വിദേശ ഡോക്ടര്‍മാരാണ്. അവരില്‍തന്നെ ഭൂരിപക്ഷംപേരും ഇന്ത്യക്കാരും. വിദേശ ഡോക്ടര്‍മാരെ കൊണ്ടുവന്ന് എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനുള്ള നീക്കത്തെ റോയല്‍ കോളജ് ഓഫ് ജിപിയും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും സ്വാഗതം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more