1 GBP = 104.33

പ്രൊഫഷണല്‍ രംഗത്തെ മേന്മകള്‍ ജന്മനാടിനും പ്രയോജനപ്പെടുത്താന്‍ കുടിയേറ്റ നഴ്‌സിംഗ് സമൂഹം തയ്യാറാവണം; ജോസ് കെ. മാണി എം.പി

പ്രൊഫഷണല്‍ രംഗത്തെ മേന്മകള്‍ ജന്മനാടിനും പ്രയോജനപ്പെടുത്താന്‍ കുടിയേറ്റ നഴ്‌സിംഗ് സമൂഹം തയ്യാറാവണം; ജോസ് കെ. മാണി എം.പി

അലക്‌സ് വര്‍ഗീസ്

ലണ്ടന്‍: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് കൂടി യു.കെയിലെ മലയാളി നഴ്‌സിംഗ് സമൂഹം തയ്യാറാവണമെന്ന് ശ്രീ. ജോസ്.കെ മാണി എം.പി അഭ്യര്‍ത്ഥിച്ചു. ലണ്ടനില്‍ നടന്ന യുക്മ നഴ്‌സസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സിംഗ് മേഖലയില്‍ റീവാലിഡേഷന്‍ പദ്ധതി നിലവില്‍ വന്നതിനു ശേഷം യുക്മ സംഘടിപ്പിച്ച സി.പി.ഡി (കണ്ടിന്യൂയിംഗ് പ്രൊഫഷണല്‍ ഡവലപ്പ്‌മെന്റ്) അക്രഡിറ്റഡ് പോയിന്റുകളോട് കൂടിയ പരിശീലന പരിപാടിയായിരുന്നു കണ്‍വന്‍ഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. റീവാലിഡേഷനും സി.പി.ഡി പോയിന്റുകളുമെല്ലാം സംബന്ധിച്ച് സംഘാടകരുമായി വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രൊഫഷണല്‍ ഡവലപ്പ്‌മെന്റിന് സഹായകരമായ രീതിയില്‍ കേരളത്തിലെയും ഇന്ത്യയിലെയും നഴ്‌സിംഗ് മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ യുക്മ ഒരു പ്രോജക്ട് എന്ന നിലയില്‍ സമര്‍പ്പിച്ചാല്‍ അത് നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നൂറില്പരം സംഘടനകളുമായി യു.കെയിലെ മലയാളി സമൂഹത്തിന്റെ സമസ്ത മേഖലകളിലും സജീവമായ പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന യുക്മയുടെ പ്രവര്‍ത്തനശൈലിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

സെന്‍ട്രന്‍ ലണ്ടനിലെ വൈ.എം.സി.എ മെയിന്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ കണ്‍വന്‍ഷനിലേയ്ക്ക് ജോസ്. കെ. മാണി എം.പിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പ്രിയപത്‌നി നിഷ ജോസും എത്തിച്ചേര്‍ന്നു. ഇരുവരേയും സമ്മേളനഹാളിലേയ്ക്ക് നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധികളും സംഘാടകരും സ്വീകരിച്ചത്. തുടര്‍ന്ന് വേദിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട ഇരുവര്‍ക്കും ജെസ്സി ടോമി, ജോളി ബിജു എന്നിവര്‍ ബൊക്കെ നല്‍കി. മിഡ്‌ലാന്റ്‌സില്‍ ശനിയാഴ്ച്ച നടക്കുന്ന അയര്‍ക്കുന്നം പ്രവാസി സംഗമത്തിന്റെ ക്ഷണപ്രകാരമാണ് ജോസ്. കെ. മാണി എം.പി പത്‌നിയോടൊപ്പം യു.കെയിലെത്തിയത്.

ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. യുക്മയിലെ അംഗങ്ങളില്‍ ഏറ്റവുമധികം ജോലി ചെയ്യുന്ന മേഖലയായ നഴ്‌സിംഗ് രംഗവുമായി ബന്ധപ്പെട്ടതാവണം പുതിയ ഭരണസമിതി സ്ഥാനമേറ്റത്തിനു ശേഷമുള്ള ആദ്യപൊതുപരിപാടി എന്ന കമ്മറ്റി തീരുമാനമനുസരിച്ചാണ് നഴ്‌സിംഗ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ ലണ്ടനില്‍ ഒരു പ്രവര്‍ത്തി ദിവസം പൊതുപരിപാടി സംഘടിപ്പിക്കുക എന്ന കനത്ത വെല്ലുവിളിയാണ് യുക്മ ഏറ്റെടുത്തതെന്നും എന്നാല്‍ അതൊരു വന്‍വിജയമാക്കി മാറ്റുന്നതിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചവരും പങ്കെടുത്ത എല്ലാ പ്രതിനിധികളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. യു.കെയില്‍ ഏറ്റവുമധികം നഴ്‌സുമാര്‍ എത്തിച്ചേര്‍ന്നിട്ടുള്ള കോട്ടയത്തിന്റെ എംപി കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്നത് സന്തോഷം പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്മ ദേശീയ ജോ സെക്രട്ടറി സിന്ധു ഉണ്ണി, തമ്പി ജോസ്, എബ്രാഹം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോ. ട്രഷറര്‍ ജയകുമാര്‍ നായര്‍ നന്ദി രേഖപ്പെടുത്തി. യുക്മ നേതാക്കളായ ജോമോന്‍ കുന്നേല്‍, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോന്‍ ജോബ്, ഡിക്‌സ് ജോര്‍ജ്, അജിത് വെണ്‍മണി, ബാലസജീവ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഷിബി വര്‍ഗ്ഗീസ് വേദിയിലെ പരിപാടികള്‍ക്ക് അവതാരികയായി.

ജോസ്. കെ. മാണി എംപി നഴ്‌സിംഗ് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് യുക്മയുടെ പ്രത്യേക മൊമെന്റോ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കൈമാറി. ഡല്‍ഹിയിലും വിവിധ ഇന്ത്യന്‍ നഗരങ്ങളിലും ശമ്പളവര്‍ദ്ധനവിന് സമരം സംഘടിപ്പിക്കപ്പെട്ടപ്പോള്‍ നടത്തിയ ഇടപെടലുകള്‍, നഴ്‌സിംഗ് മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലെ സബ്മിഷനുകള്‍, വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ നഴ്‌സുമാരെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് എം.പിയെ പ്രത്യേകം ആദരിച്ചത്. ഒ.ഐ.സി.സി യു.കെ ജനറല്‍ സെക്രട്ടറി അഡ്വ. എബി സെബാസ്റ്റ്യന്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, അയര്‍ക്കുന്നം സംഗമം ജനറല്‍ കണ്‍വീനര്‍ സി.എ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

വ്യാഴാഴ്ച്ച ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ജോസ് കെ മാണി എംപിയെ ഷാള്‍ അണിയിച്ചും പത്‌നി നിഷാ ജോസിന് ബൊക്കെ നല്‍കിയും യുക്മ നഴ്‌സസ് കണ്‍വന്‍ഷന് വേണ്ടി സ്വാഗതസംഘം ചെയര്‍മാന്‍ എബ്രാഹം പൊന്നുംപുരയിടം സ്വീകരിച്ചു.

നഴ്‌സസ് ഡേ സെലിബ്രേഷനോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച നഴ്‌സുമാരെ എം.പിയുടെ സാന്നിധ്യത്തില്‍ ആദരിക്കുകയുണ്ടായി. മേരി ഇഗ്‌നേഷ്യസ് (ബെസ്റ്റ് കംമ്പാഷനേറ്റ് നഴ്‌സ്), ജോമോന്‍ ജോസ് (നഴ്‌സ് ഓഫ് ദി ഇയര്‍), ബിനോയ് ജോണ്‍ (നഴ്‌സ് ലീഡര്‍ ഓഫ് ദി ഇയര്‍), ബിന്നി മനോജ് (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്), ബേബിച്ചന്‍ തോമസ് മണിയന്ചിറ (ബെസ്റ്റ് സോഷ്യല്‍ ആക്ടിവിസ്റ്റ് നഴ്‌സ്).

ബ്രിട്ടണിലെ നഴ്‌സിംഗ് ട്രയിനിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള മെരിലിന്‍ എവ്‌ലേ ട്രയിനിംഗ് പ്രോഗ്രാം ചെയര്‍ സ്ഥാനം വഹിക്കുകയും റീവാലിഡേഷന്‍ സംബന്ധമായ ക്ലാസ്സ് എടുക്കുകയും ചെയ്തപ്പോള്‍ പരിചയസമ്പന്നരായ തമ്പി ജോസ്, റീഗന്‍ പുതുശ്ശേരി, മിനിജ ജോസ്, മോന ഫിഷര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. ക്ലാസ്സുകള്‍ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ വാല്‍ത്താം ഫോറസ്റ്റ് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായ ശ്രീ. ഫിലിപ്പ് എബ്രാഹം വിശിഷ്ടാതിഥിയായിരുന്നു.

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more