ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഏര്‍പ്പെടുത്തിയ ‘Social Responsibility Award’-ന് ഈ വര്‍ഷം മേരി മക്കോര്‍മക്ക് അര്‍ഹയായി. മേരി മക്കോര്‍മക്കിന്റെ നേതൃത്വത്തിലുള്ള അസ്സീസി ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ വഴി കേരളത്തില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഈ അവാര്‍ഡിന് അവരെ അര്‍ഹയാക്കിയത്.
2005-ല്‍ കേരളം സന്ദര്‍ശിച്ചതിനു ശേഷമാണ് മേരി മക്കോര്‍മക്കും കാതറീന്‍ ഡണ്‍ലേവിയും ചേര്‍ന്ന് അയര്‍ലണ്ടില്‍ അസ്സീസി ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ചത്. അസ്സീസി ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ കേരളത്തില്‍ കേരളാ – അയര്‍ലന്‍ഡ് ഫൌണ്ടേഷനെന്ന പേരിലാണ് വീടുകളും, സ്‌കൂളും, അനാഥാലയവും ഒക്കെ നിര്‍മ്മിച്ചു കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ 2006-ല്‍ ആരംഭിച്ച കുട്ടികളുടെ അനാഥമന്ദിരമാണ് അസ്സീസി ചാരിറ്റിയുടെ ആദ്യ സംരംഭം. ചോറ്റാനിക്കര, കാരി, എരമല്ലൂര്‍, ചെല്ലാനം എന്നിവിടങ്ങളിലായി 2015 -ഓടെ 60 വീടുകളുടെ നിര്‍മ്മാണവും 30 വീടുകളുടെ അറ്റകുറ്റ പണികളും തീര്‍ക്കാന്‍ മേരിയുടെ പ്രവത്തനങ്ങള്‍ക്കായി. കാരിയില്‍ തന്നെ ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളും 2009 -ഓടെ ആരംഭിച്ചു.
കൊച്ചിയിലെ റോട്ടറി ക്ലബുമായി ചേര്‍ന്ന് കുടിവെള്ളത്തിനുള്ള സംവിധാനവും യുവതികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സംരംഭങ്ങളും ചാരിറ്റിയുടെ പേരില്‍ നടത്തപ്പെട്ടു.
കേരളത്തിലെ വിദ്യാസമ്പന്നരായ അനവധി പേര്‍ക്ക്,പ്രത്യേകിച്ച് നഴ്സിംഗ് രംഗത്ത്, തൊഴില്‍ദാതാവായും മേരി മക്കോര്‍മക്കിന്റെ സേവനം ഉപയോഗപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 29ന് നടക്കുന്ന ഡബ്ള്യ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ ബഹു. മന്ത്രി പാട്രിക് ഡോണോഹൂ മേരി മക്കോര്‍മക്കിന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് സമ്മാനിക്കും. തദവസരത്തില്‍ അയര്‍ലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികളും മേരി മക്കോര്‍മക്കിനെ ആദരിക്കും.

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
click on malayalam character to switch languages