1 GBP = 104.37
breaking news

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ (STSMCC) ക്രിസ്തുമസ് – പുതുവത്സര ആഘോഷപരിപാടികള്‍ വര്‍ണ്ണാഭമായി….

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ (STSMCC) ക്രിസ്തുമസ് – പുതുവത്സര ആഘോഷപരിപാടികള്‍ വര്‍ണ്ണാഭമായി….

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ (STSMCC) ക്രിസ്തുമസ് – പുതുവത്സര ആഘോഷപരിപാടികള്‍ ഇന്നലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് വര്‍ണ്ണാഭമായി ആഘോഷിച്ചു. അത്യാകര്‍ഷകമായ പുല്‍ക്കൂടും വര്‍ണ്ണശബളമായ ക്രിസ്തുമസ് ട്രീയും ഒരുക്കി ആഹ്ലാദത്തോടെ ക്രിസ്തുമസിന് വരവേല്‍ക്കുവാനായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹം എത്തിച്ചേര്‍ന്നു. എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ മുഖ്യ അതിഥിയായിരുന്നു.

ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ നേതൃപാടവത്തെയും സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം യുകെയിലെ സീറോ മലബാര്‍ സമൂഹത്തിനു നല്‍കിയ നേട്ടങ്ങളെ പറ്റിയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. സീറോ മലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വരും കാലത്തും ബ്രിസ്റ്റോളില്‍ സീറോ മലബാര്‍ സമൂഹത്തിനു വലിയ പങ്ക് വഹിക്കുവാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രൂപതാ മത ബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ചുമതലയുള്ള ഫാ. ജോയി വയലിനും STSMCC ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ടിനും ആശംസകള്‍ നേര്‍ന്ന അദ്ദേഹം ഈ വര്‍ഷത്തെ ക്രിസ്തുമസ് ബ്രിസ്റ്റോള്‍ സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി മാറട്ടെയെന്നും ആശംസിച്ചു. തുടര്‍ന്ന് സംസാരിച്ച ഡീന്‍ & പാരീഷ് പ്രീസ്റ്റ് ഓഫ് സെന്റ്. പാട്രിക്ക് ചര്‍ച്ച് റവ. ഫാ. ഗ്രിഗറി ഗ്രാന്റ് ഈ വര്‍ഷം സീറോ മലബാര്‍ സമൂഹം ദൈവത്തിനോട് പ്രത്യേകമായി നന്ദി പറയേണ്ട വര്‍ഷമാണെന്ന് ഓര്‍മ്മിപ്പിച്ചു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്തുമസ് സമ്മാനമായി ലഭിച്ച രൂപതയേയും ബിഷപ്പിനെയും ഓര്‍ത്ത് ദൈവത്തിന് നന്ദി പറയാന്‍ ഈ ക്രിസ്തുമസ് സമയത്തു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നാളിതു വരെ സീറോ മലബാര്‍ സമൂഹം ബ്രിട്ടനിലെ കത്തോലിക്കാ സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ തുടര്‍ന്നുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് വികാരി ജനറാള്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. ഗ്രിഗറി ഗ്രാന്റ്, ഫാ. ജോയി വയലില്‍, ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ റോയി സെബാസ്റ്റ്യന്‍, സജി മാത്യു, സിസ്റ്റര്‍ ലീന മേരി, സിസ്റ്റര്‍ ഗ്രേസ് മേരി, വേദപാഠം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡീക്കന്‍ ജോസഫ് ഫിലിപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് സെന്റ് തോമസ് സീറോ മലബാര്‍ സഭാംഗമായ സിസ്റ്റര്‍ ഗ്രേസ് മേരിയുടെ സന്യാസവ്രത നവീകരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിസ്റ്ററെ വേദിയില്‍ അനുമോദിക്കുകയും കെകെ മുറിച്ചു ആഘോഷിക്കുകയും ചെയ്തു.

ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ട്രസ്റ്റി റോയി സെബാസ്റ്റ്യനെയും മോളി റോയിയെയും വേദിയിലേക്ക് വിളിക്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കു വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോയി വയലില്‍, ഫാ. പോള്‍ വെട്ടിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. മനുഷ്യകുലത്തിന് ദൈവം തന്ന വലിയൊരു സമ്മാനമാണ് ക്രിസ്തുമസ് എന്ന് ഫാ. ജോയി വയലില്‍ തന്റെ പ്രസംഗത്തില്‍ ഉത്ബോധിപ്പിച്ചു. തുടര്‍ന്ന് STSMCC യുടെ 15 ഫാമിലി യൂണിറ്റുകളും മിഷന്‍ ലീഗിന്റെയും വേദപാഠത്തിന്റെയും വിവിധ ടീമുകള്‍ ചേര്‍ന്നവതരിപ്പിച്ച വിവിധ പ്രോഗ്രാമുകള്‍ അരങ്ങേറി.

സെന്റ്. സെബാസ്റ്റ്യന്‍ യൂണിറ്റ് അവതരിപ്പിച്ച നേറ്റിവിറ്റി, മറ്റു വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍, ഡാന്‍സുകള്‍, സ്‌കിറ്റുകള്‍ എന്നിവയും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു. തുടര്‍ന്ന് യൂത്ത് വിംഗായ STYLE ന്റെ നേത്ത്ര്വത്തില്‍ അവതരിപ്പിച്ച ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, ആക്ഷന്‍ സോങ് എന്നിവയെല്ലാം കാണികളുടെ കയ്യടി നേടാന്‍ തക്ക മികച്ചതായിരുന്നു.

തുടര്‍ന്ന് വേദപാഠക്ലാസില്‍ പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കുകയും ഈ വര്‍ഷത്തെ ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അവാര്‍ഡ് നല്‍കി അനുമോദിച്ചു. ലേഡീസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഗ്രേസ് മേരിയെ ചടങ്ങില്‍ ആദരിച്ചു. പിന്നീട് റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടന്നു. ഇതേ തുടര്‍ന്ന് നോമ്പിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു വിഭവ സമൃദ്ധമായ ഡിന്നറും കഴിച്ചാണ് ഓരോ ബ്രിസ്റ്റോള്‍ വിശ്വാസിയും സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.

വാര്‍ത്ത: ജെഗി ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more