പ്രസ്റ്റണ്‍ : ഫാ. തോമസ് പാറടിയില്‍ MST, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍ എന്നിവരെ വികാരി ജനറാളന്മാരായും ഫാ. മാത്യു പിണക്കാട്ടിനെ ചാന്‍സിലറായും ഗ്രേറ്റ് ബ്രിട്ടണ് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു.
MST സഭാംഗ മായ ഫാ. തോമസ് പാറടിയില്‍ 2007 മുതല്‍ യുകെയിലെ സീറോ മലബാര്‍ പ്രവാസികളുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു. കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററുമായിരുന്നു.
റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ആരാധനാക്രമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്റ്ററേറ്റും കരസ്ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായും റൂഹാലയ മേജര്‍ സെമിനാരിയില്‍ റെക്ടറായും ഉജൈന്‍ കത്തീഡ്രല്‍ വികാരിയായും, വികാരി ജനറാളായും MST ഡയറക്ടര്‍ ജനറലായും ശുശ്രൂഷ ചെയ്തിരുന്നു.
കോട്ടയം അതിരൂപതാംഗമായ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ 2005 മുതല്‍ യുകെയിലെ സീറോ മലബാര്‍ സഭാവിശ്വാസി കളുടെ ഇടയില്‍ അജപാലന ശുശ്രൂഷ നടത്തുകയായിരുന്നു. കൂടാതെ 2014 മുതല്‍ ഷ്രൂസ്ബറി രൂപതയിലെ ക്നാനായ കത്തോലിക്കാ ചാപ്ലയിനുമായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും ബാംഗ്ളൂരിലെ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പടമുഖം സേക്രട്ട് ഹാര്‍ട്ട് ഫോറയിന്‍ ചര്‍ച്ച് അടക്കം അഞ്ച് ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഫാ. മാത്യു ചൂരപ്പൊയ്കയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നടത്തുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെയും ബ്ലാക്പൂള്‍ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുരിയാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശ്ശേരി രൂപതാംഗമായ അദ്ദേഹം 2003 മുതല്‍ 2008 വരെ രൂപതാ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടറായും 2008 മുതല്‍ യുകെയിലെ തന്റെ ശുശ്രൂഷ ആരംഭിക്കുന്നതു വരെ കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഫൊറോന വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അജപാലന ദൈവ ശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.
പാലാ രൂപതാംഗമായ ഫാ. മാത്യു പിണക്കാട്ട് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇറ്റലിയിലെ സവോണയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂ ട്ടില് നിന്ന് പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്റ്ററേറ്റും കരസ്ഥമാക്കിയ അദ്ദേഹം 2006 മുതല്‍ 2010 വരെ പാലാ രൂപതാകച്ചേരിയില്‍ വൈസ് ചാന്‍സലറായും സേവനം ചെയ്തിട്ടുണ്ട്.
ഫാ. മാത്യു ചൂരപ്പൊയ്കയിലിന് രൂപതാ പ്രോക്കുറേറ്ററുടെ അധിക ചുമതലയും ഉണ്ടായിരിക്കുന്നതാണ്. ഫാ. ഫാന്സുവ പത്തില്‍ സെക്രട്ടറിയായും നിയമിക്കപ്പെട്ടു.
click on malayalam character to switch languages