1 GBP = 106.06
breaking news

ലിപ്സ്റ്റിക്ക് ഇട്ടത് വിനയായി; ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം

ലിപ്സ്റ്റിക്ക് ഇട്ടത് വിനയായി; ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം

ചെന്നൈ: ജോലിക്കിടെ ലിപ്സ്റ്റിക് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയ്ക്കാണ് ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിച്ചത്.

മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. കഴിഞ്ഞ മാസമായിരുന്നു ജോലിക്കിടെ ലിപ്സ്റ്റിക് അണിയരുതെന്ന് മാധവിക്ക് നിർദേശം നൽകിയത്.

എന്നാൽ ഇത് മാധവി പാലിച്ചില്ല. ഇത് സംബന്ധിച്ച് മാധവിയെ മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റ് ശിവ ശങ്കർ ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ലിപ്സ്റ്റിക് ധരിക്കുന്നത് കുറ്റകരമാണെങ്കിൽ അത് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കണമെന്നായിരുന്നു മാധവിയുടെ മറുപടി.

അതേസമയം ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന് മാധവി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിൽ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതടങ്ങമുള്ള തെറ്റുകൾ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. ജോലി സമയത്ത് കൃത്യമായി എത്താതിരിക്കുക, മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് മെമ്മോയിൽ പരാമർശിച്ചിരിക്കുന്നതെന്നും മാധവി കൂട്ടിച്ചേർത്തു.

അതേസമയം വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ ഫാഷൻ ഷോയിൽ മാധവി പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെന്ന് മേയർ പ്രിയ പറ‍ഞ്ഞു. മന്ത്രിമാരും എംബസി ഉദ്യോ​ഗസ്ഥരും സ്ഥിരമായി എത്തുന്ന ഓഫീസിൽ കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന നിർദേശവും നേരത്തെ നൽകിയിരുന്നുവെന്നും പ്രിയ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more