20 വര്‍ഷത്തിലേറെയായി തന്റെ സംരക്ഷണയിലുണ്ടായിരുന്ന ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത കാര്യം കോടതിക്ക് മുമ്പ് തുറന്ന് സമ്മതിച്ചയാള്‍ക്ക് കടുത്ത ശിക്ഷ വിധിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ കോടതി. 2003 നും 2022 നും ഇടയില്‍ ബ്രിസ്ബെയ്‌നിലെയും ഇറ്റലിയിലെയും ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ 307 കുറ്റകൃത്യങ്ങള്‍ ചെയ്തതായി 46-കാരനായ ആഷ്ലി പോള്‍ ഗ്രിഫിത്ത് ആണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. തിങ്കളാഴ്ച ക്വീന്‍സ്ലാന്‍ഡ് കോടതിയിലാണ് രാജ്യത്തെ പ്രമാദമായ കേസുകളിലൊന്നില്‍ വാദം കേട്ടത്.
ഗ്രിഫിത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും പന്ത്രണ്ട് വയസ്സിന് താഴെയുള്ളവരാണെന്ന് കോടതി പറഞ്ഞു. ജഡ്ജിയുടെ സഹായികള്‍ രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് ആഷ്‌ലി പോളിനെതിരെയുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. ഓസ്ട്രേലിയയിലെ എക്കാലത്തെയും വലിയ ബാലപീഡകരില്‍ ഒരാളാണ് ആഷ്‌ലി പോള്‍ ഗ്രിഫിത്ത് എന്ന് കേസ് അന്വേഷണത്തിനിടെ പോലീസ് വിശേഷിപ്പിച്ചിരുന്നു. 28 ബലാത്സംഗം, 190 അപമര്യാദയായി പെരുമാറല്‍, കുട്ടികളെ ചൂഷണം ചെയ്യുന്ന 67 വസ്തുക്കള്‍ ഉണ്ടാക്കല്‍, ഇത്തരത്തിലുള്ളവ വിതരണം ചെയ്യല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ഇരകളുടെ രക്ഷിതാക്കളും ബന്ധുക്കളും തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനായി കോടതിയില്‍എത്തിയിരുന്നു. കുട്ടികളുടെ പേരുകള്‍ കോടതിയില്‍ വായിച്ചപ്പോള്‍ ഇവരില്‍ പലരും വിതുമ്പലടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
20 വര്‍ഷത്തെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഗ്രിഫിത്ത് എങ്ങനെ രക്ഷപ്പെടുമെന്ന് ഒരു കുട്ടിയുടെ പിതാവ് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചപ്പോള്‍ ചെറുപ്പമായതിനാല്‍ അവള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ദമ്പതികള്‍ പ്രതികരിച്ചു.
പോലീസ് കുറ്റവാളിയിലേക്ക് എത്തിയത് ഇപ്രകാരം
പ്രതി ആഷ്ലി പോള്‍ ഗ്രിഫിത്ത് ഡാര്‍ക്ക് വെബില്‍ അപ്ലോഡ് ചെയ്ത തന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും വീഡിയോകളും കണ്ടെത്തിയതോടെയാണ് പോലീസ് ഇയാള്‍ക്ക് പിന്നാലെ കൂടിയത്. വീഡിയോ ഫൂട്ടേജില്‍ നിന്ന് മുഖങ്ങള്‍ ക്രോപ്പ് ചെയ്തിരുന്നെങ്കിലും വീഡിയോകളുടെ പശ്ചാത്തലത്തില്‍ കണ്ട ബെഡ്ഷീറ്റുകളും മറ്റും സൂചനയാക്കി എടുത്തായിരുന്നു പോലീസിന്റെ നീക്കം. അന്വേഷണത്തിനൊടുവില്‍ 2022 ഓഗസ്റ്റില്‍ ഓസ്ട്രേലിയയിലെ ഫെഡറല്‍ പോലീസ് ഗ്രിഫിത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
പ്രതി എല്ലാ കുറ്റകൃത്യങ്ങളും ഫോണുകളിലും ക്യാമറകളിലും പകര്‍ത്തിയിരുന്നതായി പോലീസ് കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 1,600 ലധികം കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളായിരുന്നു ആഷ്ലി പോള്‍ ഗ്രിഫിത്തിനെതിരെ ചുമത്തിയിരുന്നതെങ്കിലും ഇവയില്‍ മിക്കതും തെളിവുകളുടെ അഭാവത്തില്‍ കോടതിയില്‍ ഒഴിവാക്കപ്പെട്ടു. നിലവില്‍ ഗ്രിഫിത്ത് കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാളുടെ ശിക്ഷ പിന്നീട് വിധിക്കും.
click on malayalam character to switch languages