തെഹ്റാൻ: ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസിന്റെ മുതിർന്ന നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ ഇസ്മാഈൽ ഹനിയ്യ (61) ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ടു.
ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ദോഹയിൽനിന്നെത്തിയ അദ്ദേഹം ബുധനാഴ്ച പുലർച്ച പ്രാദേശിക സമയം രണ്ടിന് താമസ കേന്ദ്രത്തിനുനേരെ നടന്ന മിസൈൽ ആക്രമണത്തിലാണ് അംഗരക്ഷകനൊപ്പം കൊല്ലപ്പെട്ടത്.
ഹനിയ്യയെ സയണിസ്റ്റുകൾ ചതിപ്രയോഗത്തിലൂടെ ക്രൂരമായി കൊലപ്പെടുത്തിയെന്നറിയിച്ച ഹമാസ് വക്താവ് സാമി അബൂസുഹ്രി, സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതും ഒരിക്കലും ലക്ഷ്യം കൈവരിക്കാൻ സാധിക്കാത്തതുമായ നീച പ്രവൃത്തിയാണിതെന്ന് കുറ്റപ്പെടുത്തി. എന്നാൽ, ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഹനിയ്യയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇസ്രായേൽ മന്ത്രി അമിക്കായ് ഏലിയാഹുവിന്റെ ‘എക്സ്’ പോസ്റ്റ് പുറത്തുവന്നു.
കൊലപാതകത്തെക്കുറിച്ച് യു.എസിന് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ഫലസ്തീൻ മുൻ പ്രധാനമന്ത്രി കൂടിയായ ഹനിയ്യ ഇറാൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ അതിഥിയായി പങ്കെടുത്തശേഷം പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇറാൻ യുദ്ധവീരന്മാർക്കുള്ള കേന്ദ്രത്തിലാണ് അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയിരുന്നത്. മറ്റൊരു രാജ്യത്തുനിന്ന് ഇവിടേക്ക് നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നും കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും ഇറാൻ റെവലൂഷനറി ഗാർഡ് കോർപ്സ് അറിയിച്ചു. സംഭവം നടന്നയുടൻ സുരക്ഷ കൗൺസിൽ യോഗം വിളിച്ച ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ, രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ പ്രതിജ്ഞബദ്ധമാണെന്നും ഭീരുക്കളായ അധിനിവേശ ശക്തികൾക്ക് തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചു.
ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ സജീവമായി പങ്കെടുത്തുവന്നിരുന്ന ഹനിയ്യയുടെ വധം ബന്ദിമോചനത്തെയും സമാധാന നീക്കങ്ങളെയും ബാധിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ കടന്നുകയറ്റത്തിന് പ്രതികാരമായി ഹനിയ്യ അടക്കമുള്ള നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പലവട്ടം ഭീഷണി മുഴക്കിയിരുന്നു.
ജൂലാൻ കുന്നുകളിൽ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ലബനാനിലെ ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുകൂറിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അവകാശവാദം ഉന്നയിച്ച് മണിക്കൂറുകൾക്കകമാണ് ഹനിയ്യയുടെ കൊലപാതകം. എന്നാൽ, ഫുആദ് ശുകൂർ കൊല്ലപ്പെട്ട വിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല.
ഹനിയ്യയുടെ മൃതദേഹം തെഹ്റാനിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ ദോഹയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. പ്രമുഖ അറബ്, ഇസ്ലാമിക നേതാക്കൾ പങ്കെടുക്കും. ലുസൈൽ ഖബർസ്ഥാനിലാണ് ഖബറടക്കം.
click on malayalam character to switch languages