1 GBP = 111.94
breaking news

ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു; ഹിസ്ബുള്ളയ്ക്കും മുന്നറിയിപ്പ്

ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു; ഹിസ്ബുള്ളയ്ക്കും മുന്നറിയിപ്പ്

ജറുസലേം: ഗസ്സയിൽ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനാനിലെ ഹിസ്ബുല്ലയെ നേരിടാൻ കൂടുതൽ സൈനികരെ വടക്കൻ അതിർത്തിയിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടത്തിയതായും നെതന്യാഹു മുന്നറിയിപ്പു നൽകി. അതേസമയം, ഗസ്സയിൽ നടക്കുന്ന യുദ്ധത്തിന് അവസാനമില്ലെന്നും നെതന്യാഹുവിനെ അനുകൂലിക്കുന്ന ചാനലായ ചാനൽ 14ന് നൽകിയ സുദീർഘ അഭിമുഖത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി സൂചിപ്പിച്ചു.

തെക്കൻ ഗസ്സ നഗരമായ റഫയിൽ സൈന്യം നിലവിലെ കരയാക്രമണം പൂർത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുവെന്ന് അർത്ഥമാക്കേണ്ടതില്ല. എന്നാൽ ഗസ്സയിൽ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂവെന്നും ഹിസ്ബുല്ലയെ നേരിടാൻ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു.

‘ഞങ്ങളുടെ സേനകളിൽ ചിലതിനെ വടക്കോട്ട് മാറ്റാനുള്ള സാധ്യതയുണ്ട്. പ്രതിരോധത്തിനുവേണ്ടി ഞങ്ങളത് ചെയ്യും. ഒപ്പം പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്നും’ നെതന്യാഹു പറഞ്ഞു.

ലബനിലെ ഹിസ്ബുല്ലക്കെതിരായ ഇസ്രായേൽ നീക്കം മേഖലയെ സമ്പൂർണമായി സംഘർഷത്തിലാഴ്ത്തുമെന്ന ആശങ്ക ഉയർത്തുന്നു. ഒക്ടോബർ 7ന് ആരംഭിച്ച ഗസ്സ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മിൽ തീ​വ്രമായ ഏറ്റുമുട്ടലുകൾ നടന്നു.

ഹമാസിനേക്കാൾ ശക്തമാണ് ഹിസ്ബുല്ല. ഒരു പുതിയ യുദ്ധ മുന്നണി തുറക്കുന്നത് മറ്റ് ഇറാനിയൻ അനുകൂല സേനകളും ഇറാൻ തന്നെയും ഉൾപ്പെട്ട വ്യാപകമായ യുദ്ധത്തിന്റെ അപകടസാധ്യത ഉയർത്തുമെന്നും ഇത് അതിർത്തിയുടെ ഇരുവശത്തും കനത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. വൈറ്റ് ഹൗസ് വക്താവ് അമോസ് ഹോച്ച്‌സ്റ്റീൻ കഴിഞ്ഞയാഴ്ച ഇസ്രായേലിലെയും ലെബനാനിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ഇതെല്ലാം മറികടന്ന് പോരാട്ടം തുടരുകയാണ്.

ഗസ്സയിൽ വെടിനിർത്തൽ ഉണ്ടാകുന്നതുവരെ ഇസ്രയേലുമായുള്ള പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലക്ക് പുതിയ ആയുധങ്ങളും രഹസ്യാന്വേഷണ സന്നാഹങ്ങളും ഉണ്ടെന്നുള്ള സൂചന നൽകി ഇസ്രായേലിനകത്ത് കൂടുതൽ നിർണായക സ്ഥലങ്ങൾ ലക്ഷ്യമിടുമെന്ന് മുതിർന്ന നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

കടുത്തതല്ലാത്ത പോരാട്ടത്തിന് ഹിസ്ബുല്ല ഇതിനകം തന്നെ പുതിയ ആയുധങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധിക്കാൻ പ്രയാസമുള്ള ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് മുന്നറിയിപ്പുകളില്ലാതെ ആക്രമിക്കുന്നു. ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികന് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി.

എന്നാൽ, തങ്ങളുടെ മുഴുശേഷിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഹിസ്ബുല്ലക്കെതിരെ പുറത്തെടുത്തിട്ടുള്ളുവെന്നും ഒരു യുദ്ധമുണ്ടായാൽ ലെബനാൻ രണ്ടാം ഗസ്സയായി മാറുമെന്നുമാണ് ഇസ്രായേലിന്റെ താക്കീത്. ലെബനാൻ ആക്രമണത്തിനുള്ള ഒരു പുതിയ പദ്ധതി അംഗീകരിച്ചതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more