ലണ്ടൻ റെസ്റ്റോറൻ്റിൽ വെടിയേറ്റ് ഒരാഴ്ച പിന്നിട്ടിട്ടും മലയാളി ബാലിക ലിസ്സെൽ മരിയ ഗുരുതരാവസ്ഥയിൽ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് പറഞ്ഞു. ഒൻപതു വയസ്സുകാരി കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ മോട്ടോർ ബൈക്കിലെത്തിയ ഒരാളാണ് വെടിവച്ചത്. ആക്രമണത്തിൽ റെസ്റ്റോറന്റിന് പുറത്ത് ഇരുന്ന 37, 42, 44 വയസ്സുള്ള മൂന്ന് പേർക്കും വെടിയേറ്റിരുന്നു. പരിക്കുകൾ ഭേദമായതോടെ ഇവർ ആശുപത്രി വിട്ടു.
ആക്രമണത്തിന് ടർക്കിഷ് ക്രിമിനൽ നെറ്റ്‌വർക്കുകളുമായുള്ള ബന്ധം തങ്ങൾ അന്വേഷിക്കുകയാണെന്നും തുർക്കി, കുർദിഷ് കമ്മ്യൂണിറ്റികളിൽ ഇന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും ഡിറ്റക്ടീവുകൾ പറയുന്നു. അതേസമയം പ്രതിയെക്കുറിച്ചുള്ള കൂടുതൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച രാത്രി 9.20ന് ഹാക്‌നിയിലെ കിംഗ്‌സ്‌ലാൻഡ് ഹൈ സ്‌ട്രീറ്റിലെ എവിൻ എന്ന റസ്‌റ്റോറൻ്റിലാണ് വെടിവയ്പുണ്ടായത്. വെള്ളിയാഴ്ച സംഭവസ്ഥലത്തിനടുത്തുള്ള ഡാൽസ്റ്റൺ കിംഗ്‌സ്‌ലാൻഡ് റോഡിൽ കണ്ടെടുത്ത ആക്രമണത്തിന് ഉപയോഗിച്ച ഡ്യുക്കാട്ടി മോൺസ്റ്റർ ബൈക്കിന്റെ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു.
ബൈക്ക് കണ്ടിട്ടുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നാണ് പോലീസിൻ്റെ ആവശ്യം.
“ഞങ്ങൾ എല്ലായ്പ്പോഴും തെളിവുകളാൽ നയിക്കപ്പെടും, ഒരു നിർണായകമായ അന്വേഷണമാണ് നടക്കുന്നത്. ടർക്കിഷ് ക്രിമിനൽ നെറ്റ്‌വർക്കുകളിലേക്കുള്ള സാധ്യതയുള്ള അന്വേഷണമാണ് നടക്കുന്നത്, നിർഭാഗ്യവശാൽ, കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്ന ഒമ്പത് വയസ്സുകാരി ഇപ്പോൾ ആശുപത്രി കിടക്കയിൽ ജീവനുവേണ്ടി മല്ലിടുകയാണ്.” ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയിംസ് കോൺവേ പറഞ്ഞു.
പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ. ഐടി പ്രൊഫഷനലുകളാണ് വിനയ അജീഷ് ദമ്പതികൾ. രണ്ടു വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ബന്ധുക്കളെ സന്ദർശിക്കുന്നതിനാണ് കുടുംബം ലണ്ടനിലെത്തിയത്.
click on malayalam character to switch languages