ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ് :ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 25 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏഴാമത് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്.
മെയ് 25 ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, തുടർന്ന് 1.30 നു ആഘോഷമായ വിശുദ്ധ കുർബാന, 3.30നു ലദീഞ്, ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, സമാപന ആശീർവാദം, 5 .00 നു സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർത്ഥാടനത്തിന്റെ സമയക്രമം.
തീർത്ഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും, കാറുകളും, കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫി കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. മാത്യു കുരിശുമ്മൂട്ടിൽ അറിയിച്ചു.
ഉത്തരീയത്തിന്റെ ചരിത്രം
മെഡിറ്ററേനിയൻ കടലിലേക്ക് നോക്കിനിൽക്കുന്ന മനോഹര പർവ്വതനിരകളിൽ ഒന്നായ കർമ്മലമലയുടെ ഉയരത്തിലാണ് ഉത്തരീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തു വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ്, തന്റെ ദഹനബലി ദൈവം സ്വീകരിച്ചത് വഴി സത്യദൈവം ആരെന്നു ആഹാബ് രാജാവിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ എലിയാ, വരൾച്ച അവസാനിക്കാൻ മഴക്ക് വേണ്ടി പ്രാർത്ഥിച്ചു. ഏഴുപ്രാവശ്യം പുറത്തുപോയി കടലിലേക്ക് നോക്കിയ ഏലിയായുടെ സഹായി ഏഴാം പ്രാവശ്യം ചെറിയൊരു മേഘം പൊന്തിവരുന്നത് കണ്ടു. പിന്നീട് വലിയ മഴ പെയ്തു. പിന്നെയും കുറെ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ സഭയിലെ വേദപാരംഗതർ ( വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ അംബ്രോസ്) പറഞ്ഞത് ആ മേഘം പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതീകമായിരുന്നെന്നാണ്, മനുഷ്യവർഗ്ഗമാകുന്ന കടലിൽ നിന്നുയർന്നു വന്ന് കൃപയുടെ, രക്ഷയുടെ മാരി ചൊരിയുന്ന കർത്താവിലേക്ക് നമ്മളെ നയിക്കുന്നവൾ.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, ‘കർമ്മലമാതാവിന്റെ സഹോദരർ’ എന്ന പേരിൽ ഒരു സമൂഹമായി. 1206ൽ ജെറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി.
യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി. 1185 ൽ കെന്റിലെ എയ്‌ൽസ്‌ഫോഡിൽ ജനിച്ച സൈമൺ 12 വയസ്സുള്ളപ്പോൾ വനാന്തരത്തിലേക്ക് പോയി, പൊള്ളയായ ഒരു ഓക്ക് മരക്കുറ്റിയുടെ സുരക്ഷിതത്വത്തിൽ ഏറെക്കാലം സന്യാസിയായി ജീവിച്ചതുകൊണ്ടാണ് സ്റ്റോക്ക് എന്ന പേര് കൂട്ടിച്ചേർത്തു ആളുകൾ വിളിക്കാൻ തുടങ്ങിയത്.
ചെറുപ്പം മുതലേ പരിശുദ്ധ അമ്മയോട് നല്ല ഭക്തിയുണ്ടായിരുന്ന സൈമണിന് അമ്മ ദർശനങ്ങൾ നൽകിയിരുന്നു. ഒരു ദർശനത്തിൽ പരിശുദ്ധ അമ്മ പറഞ്ഞു കർമ്മലമലയിൽ നിന്ന് വരുന്ന സന്യാസികളുടെ സമൂഹത്തിൽ ചേരണമെന്ന്.
1241ൽ കെന്റിലെ പ്രഭു കർമ്മലീത്തക്കാർക്കായി എയ്‌ൽസ്‌ഫോഡിൽ ഒരു വസതിയും വിശാലമായ ഭൂമിയും സമ്മാനിച്ചപ്പോൾ അവർ അതിൽ സ്വർഗ്ഗരോപിതമാതാവിന്റെ പേരിൽ ഒരു പള്ളിയും ഒരു ആശ്രമവും പണിയാൻ തുടങ്ങി. 1245 ലെ സമ്മേളനത്തിൽ അവരുടെ പ്രിയൊർ ജനറൽ ആയി സൈമൺ സ്റ്റോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്യാസികളുടെ ധ്യാനാത്മകശൈലിയിൽ നിന്നും ഫ്രാൻസിസ്ക്കൻസിന്റെയും ഡോമിനിക്കൻസിന്റെയും ജീവിതരീതികളിലേക്ക് മാറിക്കൊണ്ടിരുന്ന സഹോദരരുടെ സമൂഹത്തിന് അദ്ദേഹത്തിന്റെ വിശുദ്ധിയും നേതാവെന്ന നിലയിലുള്ള സവിശേഷതകളും ആവശ്യമായിരുന്നു.
1251ജൂലൈ 16 ന് രാത്രി മുഴുവൻ പരിശുദ്ധ അമ്മയുടെ വഴിനടത്തലിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സൈമൺ സ്റ്റോക്കിന് ഒരു കയ്യിൽ ഉത്തരീയവും മറുകയ്യിൽ ഉണ്ണീശോയെയും പിടിച്ച രീതിയിൽ അമ്മ കാണപ്പെട്ടു. അമ്മ പറഞ്ഞു ,
“എൻ്റെ പ്രിയ പുത്രാ, നിനക്കും കർമ്മലമലയിലെ മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിൻ്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിൻ്റെയും സംരക്ഷണത്തിൻ്റെയും വാഗ്ദാനമാണ്. “
സൈമൺ അമ്മയുടെ ദർശനത്തെ പറ്റിയും വാഗ്ദാനത്തെ പറ്റിയും വിശദമായെഴുതി എല്ലാ കർമ്മലീത്തആശ്രമങ്ങളിലേക്കും അയച്ചു. ഉത്തരീയഭക്തി പ്രചരിക്കാൻ തുടങ്ങി. പോപ്പുമാരും ബിഷപ്പുമാരും രാജാക്കന്മാരും കൃഷിക്കാരും, ഒന്നുപോലെ ഉത്തരീയം ഇടാൻ ആരംഭിച്ചു. 1322ൽ അവിഞ്ഞോണിൽ വെച്ച് ജോൺ ഇരുപത്തിരണ്ടാം പാപ്പക്ക് പ്രത്യക്ഷപ്പെട്ട അമ്മ കർമ്മലസഭ പോപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ ആയിരിക്കണമെന്ന് പറഞ്ഞു. പത്താം പീയൂസ് മാർപ്പാപ്പ തവിട്ടു നിറത്തിലുള്ള ഉത്തരീയത്തിന് പകരം മെഡൽ ധരിക്കാൻ അനുവദിച്ചു. ഒരുവശത്തു ഈശോയുടെ തിരുഹൃദയവും മറുവശത്തു പരിശുദ്ധ അമ്മയുടെ പടവും. നൂറ്റാണ്ടുകളായി ഈ ഭക്തി മാറിമാറി വരുന്ന മാർപാപ്പമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.
പോർച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ആദ്യമായി കേരളസഭക്ക് വെന്തിങ്ങ സമ്മാനിച്ചത്. കേരളത്തിലെ സുറിയാനിക്രിസ്ത്യാനികൾ പരിശുദ്ധ അമ്മ സ്വർഗ്ഗത്തിൽ നിന്ന് സമ്മാനമായി നൽകിയ ഈ ഉത്തരീയം വിശ്വാസത്തോടെ ധരിക്കുകയും ഉത്തരീയഭക്തിയിൽ വളരുകയും ചെയ്തു.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
തീർത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്‌പോർട്ട്, സ്പെഷ്യൽ നീഡ് എന്നിവക്കും കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക….
റവ. ഫാ. മാത്യു കുരിശുമ്മൂട്ടിൽ (07767999087), ലിജോ സെബാസ്റ്റ്യൻ (07828874708), മനോജ് തോമസ് (07402429478), ഡൊമിനിക് മാത്യു (07894075151), ബോണി ജോൺ (07403391718)
Address of the Venue: The Friars, Aylesford, Kent, ME20 7BX
click on malayalam character to switch languages