1 GBP = 105.49
breaking news

യു.എസി​ലെ സർവകലാശാലകളിൽ ഇസ്രാ​യേൽ വിരുദ്ധ സമരം; അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

യു.എസി​ലെ സർവകലാശാലകളിൽ ഇസ്രാ​യേൽ വിരുദ്ധ സമരം; അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

ന്യൂയോർക്ക്: അമേരിക്കൻ സൈനിക സഹാ​യത്തോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസി​ലെ സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു. സമരം അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ വിവിധ സർവകലാശാലകളിൽനിന്ന് അറസ്റ്റ് ചെയ്തുനീക്കി. കണ്ണീർവാതകം പ്രയോഗിച്ചും ഷോക്കടിപ്പിച്ചും വിദ്യാർഥികളെ സമരമുഖത്തുനിന്ന് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമം. എന്നാൽ, ഇതൊന്നും വകവെക്കാതെ കൂടുതൽ സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്.

ബോസ്റ്റൺ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിൽ പ​ങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കു​മെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി. ഇൻഡ്യാന സർവകലാശാലയിൽ 23 പേരെ ബ്ലൂമിംഗ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ 69 വിദ്യാർഥികളാണ് അറസ്റ്റിലായത്.

സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ 80 പേരെ അറസ്റ്റ് ചെയ്തു. നിരവധി ഫാക്കൽറ്റി അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും ബലമായി അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ, ഫലസ്തീന് വേണ്ടി സമാധാന പൂർണമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതും അംഗീകരിക്കാനാവി​ല്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരായ വിദ്യാർത്ഥികളെയും അധ്യാപകരെയും നിരുപാധികം വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ന്യൂയോർക്കി​ലെ കൊ​ളം​ബി​യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഏപ്രിൽ 22ന് 70 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് കാ​മ്പ​സി​ന് പു​റ​ത്ത് തമ്പുകെട്ടി തു​ട​ക്ക​മി​ട്ട പ്ര​ക്ഷോ​ഭ​മാ​ണ് നൂറിലേറെ സർവകലാശാല കാമ്പസുകളിലേക്ക് വ്യാപിച്ചത്. കൊളംബിയയിൽ ഫലസ്തീൻ അനുകൂല സമരം നടത്തിയ നൂറിലധികംപേരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെ യേൽ യൂണിവേഴ്സിറ്റി, സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി, മിനസോട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നും കഴിഞ്ഞ 10 ദിവസത്തിനിടെ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചിലരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നടപടിക്കു പുറമെയാണ് സർവകലാശാല അധികൃതർ സസ്​പെൻഷൻ, പുറത്താക്കൽ ഉൾപ്പെടെ നടപടികളിലൂടെ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. ചില സർവകലാശാലകളിൽ സമരം മൂലം ബിരുദദാന ചടങ്ങുകൾ റദ്ദാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more