1 GBP = 104.64

ഇസ്രായേലിൽനിന്ന് പൗരൻ​മാരോട് തിരികെ വരാൻ ആവശ്യ​​പ്പെട്ട് ആസ്ട്രേലിയ

ഇസ്രായേലിൽനിന്ന് പൗരൻ​മാരോട് തിരികെ വരാൻ ആവശ്യ​​പ്പെട്ട് ആസ്ട്രേലിയ

കാൻബെറ: ഇറാനുമായും ഫലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രായേലിൽനിന്ന് പൗരൻ​മാരോട് തിരികെ വരാൻ ആവശ്യ​​പ്പെട്ട് ആസ്ട്രേലിയ. ഇസ്രായേലിലെ വിമാനത്താവളം എപ്പോൾ വേണമെങ്കിലും അടച്ചിടാൻ സാധ്യതയുണ്ടെന്നും ഇസ്രായേലിലും അധിനിവേശ ഫലസ്തീനിലുമുള്ള ആസ്‌ട്രേലിയക്കാർ ഉടൻ മടങ്ങണമെന്നും ആസ്‌ട്രേലിയ മുന്നറിയിപ്പ് നൽകി. സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രായേലിൽനിന്നും അധിനിവേശ ഫലസ്തീനിൽനിന്നും ഉടൻ തിരികെ വരണ​മെന്നാണ് പൗരന്മാർക്ക് സർക്കാരിന്റെ ട്രാവൽ അഡ്വൈസ്.

തെൽഅവീവിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ ആശങ്കകൾ കാരണം ഏത് സമയത്തും താൽക്കാലികമായി പ്രവർത്തനം നിർത്തിയേക്കും എന്നാണ് അറിയിപ്പിൽ പറ​യുന്നത്. ഭീകരവാദ ഭീഷണി, സായുധ സംഘർഷം, ആഭ്യന്തര പ്രശ്നങ്ങൾ എന്നിവകാരണം സുരക്ഷാ സാഹചര്യം വഷളായതിനാൽ ഇസ്രായേലിലേക്കും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാര്യം പുനഃപരിശോധിക്കണമെന്നും ആസ്ട്രേലിയ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിനു പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാൻ, ഇസ്ഫഹൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന് ഇറാൻ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാന് സമീപം സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് ഇറാൻ നഗരങ്ങളിൽ വ്യോമ പ്രതിരോധം സജ്ജമാക്കിയതായും ഇർന അറിയിച്ചു.

ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രായേൽ മറുപടി നൽകിയെന്ന റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക. നേരത്തെ സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിൽ ഡ്രോണാക്രമണം നടത്തിയത്. അതേസമയം, ഇസ്രായേൽ ആക്രമണത്തെകുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റഗണോ തയാറായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more