1 GBP = 105.84

ഗാസയിൽ നിന്ന് സന്നദ്ധ സംഘടനകൾ പിൻവാങ്ങുന്നു; സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ഗാസയിൽ നിന്ന് സന്നദ്ധ സംഘടനകൾ പിൻവാങ്ങുന്നു; സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ഗസ്സ സിറ്റി: അതിർത്തികളടച്ചും ഭക്ഷണ സ്രോതസ്സുകൾ ബോംബിട്ട് തകർത്തും ഇസ്രായേൽ കൊടുംപട്ടിണിയിലാക്കിയ ഗസ്സയിലെ ലക്ഷങ്ങൾക്ക് അവസാന അത്താണിയായിരുന്ന സംഘടനകളും പിൻവാങ്ങുന്നത് സ്ഥിതി അതിഗുരുതരമാക്കുന്നു. കഴിഞ്ഞ ദിവസം മധ്യ ഗസ്സയിൽ വേൾഡ് സെൻട്രൽ കിച്ചൻ എന്ന സംഘടനയുടെ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ ബോംബിട്ടു തകർത്തതിനുപിന്നാലെ ഇവരടക്കം സംഘടനകൾ ഗസ്സയിൽ സേവനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഇസ്രായേൽ അനുമതിയോടെ കടൽവഴി തുറന്ന താൽക്കാലിക സംവിധാനവും നിലച്ചതോടെ ഇവിടെ ഭക്ഷണവുമായി എത്തിയ കപ്പലുകൾ തിരക്കിട്ട് മടങ്ങി.

വടക്കൻ ഗസ്സയിൽ ഇതോടെ ഭക്ഷ്യശൂന്യത കൂടുതൽ തീവ്രമാകുന്ന സ്ഥിതിയിലാണ്. തുടക്കം മുതൽ ഗസ്സയിൽ ഭക്ഷണ വിതരണം നിർവഹിച്ചിരുന്ന യു.എൻ അഭയാർഥി ഏജൻസിക്ക് പലയിടത്തും വിലക്കേർപ്പെടുത്തി പകപോക്കുന്നതും ഇസ്രായേൽ തുടരുകയാണ്. മധ്യ ഗസ്സയിലെ ദെയ്ർ അൽബലഹിൽ അബദ്ധത്തിൽ സംഭവിച്ചതാണ് ആക്രമണമെന്ന് ഇസ്രായേൽ പറയുന്നുണ്ടെങ്കിലും ‘യുദ്ധമെന്ന പുകക്കിടെ ഉണ്ടായ നിർഭാഗ്യകരമായ അബദ്ധ’മായി ഇതിനെ കാണാനാകില്ലെന്ന് വേൾഡ് സെൻട്രൽ കിച്ചൻ സ്ഥാപകൻ ജോസ് ആൻഡ്രെ കുറ്റപ്പെടുത്തി. ഇവർ സഞ്ചരിച്ച മൂന്നു വാഹനങ്ങളാണ് ഒന്നിനു പിറകെ ഒന്നായി ഇസ്രായേൽ ബോംബുകൾ ചാരമാക്കിയത്. മൂന്നു ബ്രിട്ടീഷുകാരടക്കം ആറു വിദേശികളും ഒരു ഫലസ്തീനിയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കാറുകളുടെ യാത്രയെക്കുറിച്ചും വഴികളും കൃത്യമായി ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ട് ഉറപ്പിച്ചതായിരുന്നു.

വലിയ അകലം പാലിച്ച് സഞ്ചരിച്ചിട്ടും മൂന്നു വാഹനങ്ങളും തരിപ്പണമാക്കി. വാഹനങ്ങൾക്ക് മുകളിലും മറ്റിടങ്ങളിലും ലോഗോയും എഴുത്തുമുണ്ടായിട്ടും നിരീക്ഷണത്തിൽ പതിഞ്ഞില്ലെന്ന് പറയുന്നത് ബോധപൂർവമായ ആക്രമണമെന്നത് ഉറപ്പു നൽകുന്നു. കുരുതിയെ രൂക്ഷഭാഷയിൽ വിമർശിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതി അസഹനീയമായി മാറുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറിയിച്ചു. ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനത്തിനിടെ സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയതിനെ ഫ്രാൻസിസ് മാർപാപ്പയും അപലപിച്ചു. ആക്രമണത്തിൽ പോളണ്ടിലെ പ്രോസിക്യൂട്ടർമാർ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മറ്റുവഴികൾ അടഞ്ഞിട്ടും ഗസ്സയിൽ ഭക്ഷ്യ വിതരണം ഇസ്രായേൽ മുടക്കുകയാണെന്ന് യു.എൻ അഭയാർഥി ഏജൻസി കുറ്റപ്പെടുത്തി. പട്ടിണിയും വിശപ്പും സർവവ്യാപിയായിട്ടും ഇവർക്ക് ആവശ്യമായ സഹായ ട്രക്കുകൾ കടത്തിവിടാൻ ഇസ്രായേൽ സൈന്യം വിസമ്മതിക്കുകയാണ്. 500 ട്രക്കുകൾ ശരാശരി പ്രതിദിനം വേണ്ടിടത്ത് 161 ട്രക്കുകളാണ് അതിർത്തി കടക്കുന്നതെന്ന് സംഘടന അറിയിച്ചു. ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞുങ്ങളടക്കം പട്ടിണി കിടക്കുകയാണെന്നും രണ്ടു വയസ്സിൽ താഴെയുള്ള 30 ശതമാനം കുരുന്നുകളും പോഷകക്കുറവ് അനുഭവിക്കുന്നുവെന്നും ലോക ഭക്ഷ്യ പ്രോഗ്രാം സംഘടന എക്സിൽ കുറിച്ചു. ഗസ്സയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഭീതിയുടെ മുനയിൽനിർത്തി പിന്മാറാൻ നിർബന്ധിക്കുകയാണ് ഇസ്രായേലെന്ന് ഹമാസ് കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more