1 GBP = 107.78
breaking news

പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്; ഹൃദയത്തില്‍ നിന്നുള്ള മാപ്പല്ലെന്ന് സുപ്രിംകോടതി

പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്; ഹൃദയത്തില്‍ നിന്നുള്ള മാപ്പല്ലെന്ന് സുപ്രിംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചെന്ന കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. യോഗ ആചാര്യൻ ബാബാ രാംദേവ് മാപ്പ് അപേക്ഷ എഴുതി നൽകിയെങ്കിലും സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല. തുടർന്നാണ് നേരിട്ട് മാപ്പ് പറഞ്ഞത്. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കടുത്ത ഭാഷയിലാണ് ബാബാം രാംദേവിനെ കോടതി വിമര്‍ശിച്ചത്.

ബാബാ രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയെയും സുപ്രീംകോടതി ശകാരിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയര്‍ത്തിയിരുന്നു.

വീണ്ടും മറുപടി നല്‍കാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും രോഷത്തോടെ കോടതി അറിയിച്ചു.

കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 10ന് ഇരുവരും കോടതിയില്‍ ഹാജരാകണം. ഉത്തരാഖണ്ഡ് സർക്കാരിനെയും കേസില്‍ കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിയമവാഴ്ച പാലിക്കുകയും ഭരണഘടന ഉയർത്തി പിടിക്കുകയും വേണമെന്നും കോടതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more