1 GBP = 105.77
breaking news

ഭവന പ്രതിസന്ധി: താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങി കാനഡ

ഭവന പ്രതിസന്ധി: താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങി കാനഡ

ഓട്ടവ: തൊഴിലാളിക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥക്ക് ശക്തിപകരാനും വിദേശികളെ ഉദാരമായി രാജ്യത്തേക്ക് സ്വാഗതംചെയ്തിരുന്ന കാനഡ വർഷങ്ങൾക്കുശേഷം ഇപ്പോൾ വിദേശികളെ കുറക്കാനുള്ള നീക്കത്തിൽ. താൽക്കാലിക താമസക്കാരെ കുറക്കാനും താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനും പദ്ധതിയിടുന്നതായി ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ആണ് അറിയിച്ചത്.

വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ താമസ കാലപരിധി നിയന്ത്രിക്കുകയും പ്രവേശന മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാർഥികളുടെയും വരവ് വർധിച്ചതോടെ രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത സാഹചര്യം കുറച്ചു കാലമായുണ്ട്. പണപ്പെരുപ്പം മൂലം നിർമാണം മന്ദഗതിയിലായതോടെ പ്രതിസന്ധി രൂക്ഷമായി.

ഭവനപ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കനേഡിയൻ സർക്കാർ. 2023ലെ 6.5 ശതമാനത്തിൽനിന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരെ കുറക്കാനാണ് ലക്ഷ്യം. പ്രായോഗിക നടപടികൾക്കായി ഇമിഗ്രേഷൻ മന്ത്രി പ്രവിശ്യ ഭരണകൂടങ്ങളുമായി മേയിൽ യോഗം ചേരും.

പ്രവിശ്യകൾ നൽകുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങളും ജനസംഖ്യ വർധനയുടെ പ്രതിസന്ധി നേരിടുന്നുണ്ട്. പഠനത്തോടൊപ്പം ജോലിചെയ്യാനും പഠനം പൂർത്തിയാക്കിയാലും ജോലി തുടരാനും സാധിക്കുമെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തിരഞ്ഞെടുക്കാൻ വിദേശ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്. വിദ്യാർഥികളുടെ വിസ നിരക്കിൽ സർക്കാർ ഏർപ്പെടുത്തിയ വർധന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more