1 GBP = 109.03
breaking news

സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത്

സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത്

(കാരൂര്‍ സോമന്‍, ലണ്ടന്‍)

കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്‌കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ് വിജ്ഞാനം, അറിവ്. ഭാഷാസാഹിത്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെ ഒരു പരസ്യത്തിന്റെ പേരില്‍ ക്രൂശിക്കണോ? ഇത് പലരേയും ആശയകുഴപ്പത്തിലാക്കുന്നു. 1956 ആഗസ്റ്റ് 15 ന് രൂപീകൃതമായ അക്കാദമിയുടെ ആദ്യ അധ്യക്ഷന്‍ സര്‍ദാര്‍ കെ.എം.പണിക്കരായിരുന്നു. തുടര്‍ന്ന് കെ.പി.കേശവമേനോന്‍, ജി.ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എസ്.ഗുപ്തന്‍നായര്‍ തുടങ്ങി ധാരാളം മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അതുല്യ പ്രതിഭകളായ കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍ തുടങ്ങിയവരാണ്.

ഇന്ന് സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ക്ക് വാലാട്ടികളായി ചിലരൊക്കെ നടക്കുമ്പോള്‍, പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗിയെ 2015 ല്‍ വര്‍ഗ്ഗീയവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവെച്ച മലയാളം ഇംഗ്ലീഷ് എഴുത്തുകാരനായ കെ. സച്ചിദാനന്ദന്‍ ആരുടെയും താളത്തിന് തുള്ളുന്ന കവിയല്ല. (ഈ അവസരം പദവി/ പുരസ്‌കാരം വലിച്ചെറിഞ്ഞ സാറാ ജോസഫ്, പി.കെ.പാറക്കടവ് എന്നിവരെ സ്മരിക്കുന്നു) അദ്ദേഹം ആ പദവിയിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ പരസ്യം എങ്ങനെ അക്കാദമി പുസ്തകത്തില്‍ വന്നതിലുള്ള ഉത്തരം അക്കാദമി പ്രസിഡന്റ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മുന്‍ സാംസ്‌കാരിക മന്ത്രി എം.എ.ബേബി പറഞ്ഞിട്ടുണ്ട്. ‘പരിശോധിക്കും, ശ്രദ്ധിക്കണമായിരുന്നു, പരിഹരിക്കും’. ഇനിയുമത് ആനന്ദം പകരുന്ന ഒരു ലഹരിയായി കൊണ്ടുനടക്കണോ?

മുന്‍കാലങ്ങളില്‍ അക്കാദമിയില്‍ നടന്നിട്ടുള്ള അരമന രഹസ്യങ്ങളുടെ പാപഭാരമെല്ലാം അക്കാദമി പ്രസിഡന്റിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് ഉചിതമല്ല. അക്കാദമി ഒരു പരസ്യ വിപണന കേന്ദ്രമല്ല. മറ്റുള്ളവര്‍ അതിന്റെ ഉപഭോക്താക്കളുമല്ല. ആദ്യമായി കണ്ടതിനാലാണ് സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് ഇത് അതിശയോക്തിയായി തോന്നി വക്രോക്തിയിലേക്ക് വഴിനടത്തിയത്. അക്കാദമി അതിനെ കാവ്യാലങ്കാരമായി കാണുകയുമില്ല. പുസ്തകങ്ങള്‍ വെറുമൊരു ഉല്‍പന്നമല്ല. അതിലടങ്ങിയിരിക്കുന്നത് വറ്റിവരണ്ട മനസ്സിന് നല്‍കുന്ന അറിവിന്റെ ആഴവും അഴകുമാണ്. ഭാഷയില്‍ സൗന്ദര്യം കണ്ടെത്തുന്ന മഹാമതികളിരിക്കുന്നിടത്ത് ഇത്തരം കച്ചവട തന്ത്രങ്ങള്‍ തിരിച്ചറിയുന്നവരാണ്. നമ്മുടെ തീന്മേശയില്‍വരെ പരസ്യങ്ങളുടെ അലമാലകളില്‍ ഇരകളെ കണ്ടെത്തി വലയിലാക്കി കഴിയുമ്പോഴാണ് അതിലെ ചതിക്കുഴികള്‍ മനസ്സിലാക്കുന്നത്. പരസ്യ രംഗത്തും സോഷ്യല്‍ മീഡിയ രംഗങ്ങളിലും സര്‍ക്കാര്‍ ഇടപെടലുകളും നിയന്ത്രണങ്ങളും ആവശ്യമാണ്.

മതവാദികള്‍ പരസ്യങ്ങളിലൂടെ പാവങ്ങളെ പിഴിയുന്നു. ഇവിടെയാവശ്യം വിവേകമാണ്. അതിന് വേണ്ടത് അക്ഷരമാണ്. അത് തേന്‍തുള്ളികളായി രുചിക്കുന്നവര്‍ക്ക് അഴുക്കുള്ള ജീവിതത്തെ, വ്യക്തികളെ പഠിക്കാന്‍ സാധിക്കും. അതിന് കയ്യിലിരിക്കുന്ന കാശ് കൊടുത്തു സ്വയം പുസ്തകമിറക്കി എഴുത്തുകാരനായി നടക്കുന്നവരുടെ പുസ്തകങ്ങളേക്കാള്‍, പ്രമുഖ പ്രസാധകരുടെ നല്ല പുസ്തകങ്ങള്‍ വാങ്ങി വായിച്ചു വളരണം. കേരളം മുരടിക്കുന്നതിന്റെ പ്രധാന കാരണം വായനാശീലമില്ലാത്തതാണ്. സാഹിത്യത്തിന് സൗന്ദര്യം നല്‍കുന്നത് പരസ്യങ്ങളല്ല. സാംസ്‌കാരിക സ്ഥാപനങ്ങളില്‍ കൃത്രിമ സൗന്ദര്യം ചാര്‍ത്തുന്നുണ്ടെങ്കില്‍ അത് കാവ്യമനോഹാരിതക്ക് മാത്രമല്ല നമ്മുടെ സംസ്‌കാരത്തിന് മങ്ങലുണ്ടാക്കും. അങ്ങനെ ചിന്തിക്കുന്നവര്‍ റഷ്യന്‍ സാഹിത്യകാരനായ മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന കഥ വായിക്കണം. അതില്‍ ഒരെഴുത്തുകാരന്റെ, വിപ്ലവകാരിയുടെ മഹത്വം, മാനസിക വളര്‍ച്ച വെളിപ്പെടുത്തുന്നു.

മുന്‍കാലങ്ങളില്‍ എഴുത്തുകാര്‍ സാമൂഹിക താല്പര്യങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് വ്യക്തി/സ്ഥാപന താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി സാംസ്‌കാരിക രംഗത്തുള്ളവര്‍ പരാതി പറയാറുണ്ട്. എഴുത്തുകാര്‍ വേട്ടയാടപ്പെടുന്നു, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍വരെ മടക്കി കൊടുക്കുന്നു. ഇവിടെയാവശ്യം ആരോഗ്യപരമായ സംവാദങ്ങളാണ്. അല്ലാതെ വിവാദങ്ങളല്ല. സമൂഹത്തില്‍ വിവിധ കാഴ്ചപ്പാടുകളുള്ള എഴുത്തുകാരുണ്ട്. അതുകൊണ്ട് മനഃപൂര്‍വ്വം അവരെ ഒഴിവാക്കുക ഭാഷയോട് ചെയ്യുന്ന ക്രൂരതയാണ്. നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാര്‍ പരസ്പരം ഏറ്റുമുട്ടിയത് രാഷ്ട്രീയ പാലമിട്ടുകൊണ്ടായിരുന്നില്ല. പകരം അക്ഷരം എന്ന പാലത്തിലൂടെയാണവര്‍ സഞ്ചരിച്ചത്. ആ പാലത്തിന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. മഹാകവി വള്ളത്തോള്‍ ‘ബന്ധസ്ഥനായ അനിരുദ്ധന്‍’ എഴുതിയപ്പോള്‍ പണ്ഡിത കവി കെ. കെ.പണിക്കര്‍ അതിനെ എതിര്‍ത്തുകൊണ്ട് ‘ബന്ധമുക്തനായ അനിരുദ്ധന്‍’ എഴുതി കലഹിച്ചു. ആ കലഹം ഒരു മധുരാനുഭൂതിയായിരുന്നു. ഇന്നത്തെ പല മാധ്യമങ്ങളും സോഷ്യല്‍ മീഡിയയടക്കം വിവാദങ്ങളുണ്ടാക്കി, വ്യക്തിഹത്യ നടത്തി മറ്റൊരു ദിശയിലേക്ക് വിഷയങ്ങളെ കൊണ്ടുപോകുന്നു. സോഷ്യല്‍ മീഡിയയിലെ മനോരോഗികളുടെ വാക്കുകള്‍ക്ക് മരണഗന്ധമാണുള്ളത്.

ഇന്ന് സാഹിത്യ മത്സരങ്ങള്‍ക്ക് പലര്‍ക്കും പുസ്തകങ്ങളയയ്ക്കാന്‍ താത്പര്യമില്ല. അതുകൊണ്ടായിരിക്കാം ഒരു പ്രസാധകന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. എഴുത്തു രംഗത്തുള്ള പലരും പുരസ്‌കാരങ്ങള്‍ നേടുന്ന ഭാഗ്യാന്യേഷികളാണ്. ഭാഷയ്ക്ക് അധികം സംഭാവനകള്‍ ചെയ്യാത്തവരും സമഗ്ര സംഭാവനകള്‍ക്കുള്ള അവാര്‍ഡ് സ്വീകരിക്കുന്നു. സാഹിത്യ അക്കാദമിയില്‍ ഒരു തെളിനീരിന്റെ ഒഴുക്ക് വരണമെന്നുണ്ടെങ്കില്‍ സംഘടിത നോമിനേഷന്‍ അവസാനിപ്പിച്ച് ജനാധിപത്യ മാതൃകയില്‍ തെരഞ്ഞെടുപ്പ് നടത്തി ശുദ്ധി കലശം നടത്തണം. അവിടേക്ക് വിരലിലെണ്ണാന്‍ സര്‍ക്കാര്‍ നോമിനികളും വരട്ടെ. ഇല്ലെങ്കില്‍ നേരുകൊണ്ട് ഒരു കാര്യവുമില്ല. നോട്ടത്തേക്കാള്‍ നേടുന്നതാണ് കാര്യം. ബുദ്ധിശൂന്യരും മുത്തുമാണിക്യമാകുന്ന സാംസ്‌കാരിക ലോകം.

കടപ്പാട്: കലാകൗമുദി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more