കൊച്ചി: തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നും പുതിയ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് മാസങ്ങൾ മുൻപെ വോട്ടുകൾ ചേർത്തിരുന്നു. എന്നാൽ മതിയായ രേഖകൾ ക്യത്യമായി സമർപ്പിച്ചിട്ടും അന്തിമ വോട്ടർ പട്ടികയിൽ വോട്ടുകൾ ഉൾപ്പെടുത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സമയ പരിധിക്കുള്ളില്‍ 6500- ൽ അധികം വോട്ടര്‍മാരെയാണ് പുതുതായി ചേര്‍ത്തത്. എന്നാല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഇതില്‍ 3665 പേരുകള്‍ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 1496 പേരുകള്‍ വെട്ടിമാറ്റി. ബി. എല്‍. ഒ മാരെ സ്വാധീനിച്ചാണ് സി. പി. എം വോട്ടര്‍ പട്ടിക അട്ടിമറിച്ചരിക്കുന്നത്.
പരാജയ ഭീതിപൂണ്ട സി.പി എം അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടമിറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് സതീശൻ പറഞ്ഞു. ഇത്തരം പ്രവർത്തനം കൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തെ തടയുവാൻ സി. പി. എംന് കഴിയില്ല. UDF തൃക്കാക്കരയിൽ ഊജ്വല വിജയം നേടുമെന്നും സതീശൻ വ്യക്തമമാക്കി. ഉദ്യോഗസ്ഥരുടെ നടപടിക്ക് എതിരെ ഡി. സി. സി നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് പുറമെവോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തവരെ കൊണ്ടും പരാതി നല്‍കിക്കുമെന്ന് ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
തൃക്കാക്കര തിരഞ്ഞെടുപ്പിന് മുൻപെ സിപിഎമ്മിനെതിരെ വോട്ട് തിരിമറി ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ കാണിച്ച് മറ്റ് മണ്ഡലങ്ങളിൽ ഉള്ളവരുടെ വോട്ട് ചേർക്കാൻ ശ്രമം നടക്കുന്നതായി ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ മുൻപത്തെ ആരോപണം.
നേരത്തെ പുറത്തിറങ്ങിയിരിക്കുന്ന വോട്ടര്‍ പട്ടിക ക്രമവിരുദ്ധമാണെന്നും ഒരു വീട്ടിലെ വോട്ടർമാരുടെ പേരുവിവരങ്ങൾ പല ക്രമനമ്പരുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുൻപെങ്ങുമില്ലാത്ത വിധം ക്രമവിരുദ്ധമായ നടപടിയുടെ ഭാഗമാണ്. പാകപ്പിഴകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപും കോൺഗ്രസ് പരാതി നൽകിയിരിരുന്നു. കള്ളവോട്ട് ചേര്‍ക്കുവാനുള്ള നീക്കത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നാല്‍ ശക്തമായ നപടി സ്വീകരിക്കുമെന്നും നേരത്തെ ഷിയാസ് വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ മറ്റൊരു ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
നിലവിൽ കോൺഗ്രസ് ആരോപണത്തോട് സിപിഎം പ്രതികരിച്ചിട്ടില്ല. സിപിഎം കൂടി രംഗത്ത് വരുന്നതോടെ വരും ദിവസങ്ങളിൽ വോട്ടർ പട്ടിക സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പ് വിഷയമായി മാറും. നിലവിൽ വോട്ടർ പട്ടികയുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥൻ മുൻപ് വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടപടി നേരിട്ടയാളാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
click on malayalam character to switch languages