മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കല്‍പ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടും.
സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാനന്തവാടി സബ് ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജീവനക്കാര്‍ക്കെതിരെ മാനന്തവാടി സബ് ആര്‍ടി ഓഫിസിനുമുന്നില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.
സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അല്‍പസമയം മുന്‍പ് അറിയിച്ചിരുന്നു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനയുണ്ട്. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്.
ഓഫിസിലെ സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ അപമാനിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് പറഞ്ഞു. സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ അപമാനിക്കുന്നതും സിന്ധു കരയുന്നതും നേരിട്ട് കണ്ട നാട്ടുകാര്‍ തന്നെ വിവിരമറിയിച്ചിരുന്നുവെന്ന് പ്രദീപ് പറഞ്ഞു.
അതിനിടെ ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓഫിസില്‍ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസ് വിശദീകരിക്കുന്നത്.
സിന്ധു സഹപ്രവര്‍ത്തകര്‍ക്കെതിരായി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയുടെ വാദം. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പറഞ്ഞിരുന്നു.
ഇന്നലെ രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. എന്നാല്‍ മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബില്‍ ആരോപിച്ചിരുന്നു.
click on malayalam character to switch languages