1 GBP = 104.75

യു പിയില്‍ പരാജയഭീതി കൊണ്ട് ബിജെപി വസ്തുതാ വിരുദ്ധ പ്രചാരണം നടത്തുന്നു: അഖിലേഷ് യാദവ്

യു പിയില്‍ പരാജയഭീതി കൊണ്ട് ബിജെപി വസ്തുതാ വിരുദ്ധ പ്രചാരണം നടത്തുന്നു: അഖിലേഷ് യാദവ്

പരാജയ ഭീതിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വസ്തുതാ വിരുദ്ധ പ്രചരണം നടത്തുന്നതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സ്വീകാര്യമോ പ്രാപ്യമോ ആയ ഭരണ സംവിധാനമായിരുന്നില്ല യോഗി സര്‍ക്കാരിന്റെതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

അതേസമയം 300 യൂണിറ്റ് വൈദ്യുതി അടക്കം സൗജന്യമായി നല്‍കാന്‍ സാധിച്ചത് ബിജെപിയുടെ ഭരണനേട്ടം അല്ലെന്ന് പ്രതിപക്ഷത്തിന് പറയാന്‍ സാധിക്കുമോ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദിച്ചു. വൈദ്യുതി ഇല്ലായ്മയുടെ സംസ്ഥാനമായിരുന്ന ഉത്തര്‍പ്രദേശ് ഇന്ന് വൈദ്യുതി മിച്ച സംസ്ഥാനമാണ്. ഗുണ്ടകളും മാഫിയയും സ്ത്രീപീഡകരും ആണ് സമാജ് വാദി പാര്‍ട്ടിയുടെ ജനങ്ങള്‍. അതുകൊണ്ടാണ് തന്റെ സര്‍ക്കാരിനെ അവര്‍ ജനവിരുദ്ധ സര്‍ക്കാര്‍ എന്ന് വിളിക്കുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, അടുട്ടിടെ ബിജെപിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയിലേക്കെത്തിയ സ്വാമി പ്രസാദ് മൗര്യ എന്നിവരാണ് എസ് പിയുടെ 30 താരപ്രചാരകരില്‍ ഏറ്റവും പ്രധാനികള്‍. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മയി നന്ദ, പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ്, രാജ്യസഭാ എംപി ജയാ ബച്ചന്‍, സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് നരേഷ് ഉത്തം പട്ടേല്‍ എന്നിവരും താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്വാദി പാര്‍ട്ടി.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത് സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി. ബിജെപിയിലെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് അപര്‍ണക്ക് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ നിന്നും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് എസ്പിയെ ഞെട്ടിച്ചുകൊണ്ട് അപര്‍ണ ബിജെപിയിലെത്തുന്നത്. ബിജെപി നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി യോഗി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും എട്ട് എംഎല്‍എമാരും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദളിത്, ഒബിസി വിഭാഗങ്ങളോട് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ജനപ്രതിനിധികളുടെ രാജി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more