1 GBP = 109.50
breaking news

ചരിത്രദിനം ആഘോഷമാക്കി ബ്രിട്ടൻ; 47 വർഷത്തെ അംഗത്വം അവസാനിപ്പിച്ച് യുകെ യൂറോപ്യൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക്!

ചരിത്രദിനം ആഘോഷമാക്കി ബ്രിട്ടൻ; 47 വർഷത്തെ അംഗത്വം അവസാനിപ്പിച്ച് യുകെ യൂറോപ്യൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക്!

സുരേന്ദ്രൻ ആരക്കോട്ട്  (യുക്മ ന്യൂസ് എഡിറ്റർ)

ലണ്ടൻ: 47 വർഷത്തെ അംഗത്വമുപേക്ഷിച്ച് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു കടന്നു. മൂന്നര വര്ഷം മുൻപ് നടന്ന ഹിതപരിശോധനയിൽ യുകെ യൂറോപ്യൻ യൂണിയനിൽ വിടാൻ തീരുമാനമെടുക്കുകയായിരുന്നു. ജനുവരി 31 നു രാത്രി 11 മണിക്കായിരുന്നു ഔദ്ധ്യോതികമായുള്ള വിടവാങ്ങൽ നടന്നത്.

ചരിത്രപരമായ ഈ നിമിഷത്തെ ഒരുവിഭാഗം ആളുകൾ സ്വാഗതം ചെയ്തപ്പോൾ ബ്രെക്സിറ്റിനെതിരെ പ്രതിഷേധങ്ങളും കുറവായിരുന്നില്ല!

യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വോട്ട് ചെയ്തിരുന്ന സ്കോട്ലാൻഡിൽ നൂറുകണക്കിനാളുകൾ മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ട് ഒത്തുചേർന്നപ്പോൾ ലണ്ടനിലെ പാര്ലമെന്റ് സ്‌ക്വയറിൽ ബ്രെക്സിറ്റ്‌ അനുകൂലികൾ ആഹ്‌ളാദം പങ്കുവെക്കാനായി പാർട്ടി നടത്തി.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രെക്സിറ്റിനെ തുടർന്ന് ഭിന്ന ചേരിയിൽ ആയിപ്പോയ ജനങ്ങളെ ഒന്നിപ്പിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും ഈ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുവാൻ താൻ പ്രതിജ്ഞ്യാ ബദ്ധമാണെന്നും പ്രസ്താവിച്ചു.

“പലരെയും സംബന്ധിച്ചിടത്തോളം ഇത് വിസ്മയകരമായതും പ്രതീക്ഷകളുണർത്തുന്നതുമായൊരു നിമിഷമാണ്” – യുകെ യൂറോപ്യൻ യൂണിയനിൽനിന്നും വിടവാങ്ങുന്നതിനു മുന്നോടിയായി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ ബോറിസ് ജോൺസൻ അഭിപ്രായപ്പെടുകയുണ്ടായി.

“തീർച്ചയായും നമ്മളിൽ കുറേപേർക്കെങ്കിലും ഇത് ഉത്കണ്ഠയുടെയും നഷ്ടബോധത്തിന്റെയും കൂടി നിമിഷങ്ങളാണ്”, അദ്ദേഹം തുടർന്നു. ഈ രാഷ്ട്രീയ പോരാട്ടം ഒരിക്കലും തീരാൻ പോകുന്നില്ലെന്ന് കരുതുന്ന മൂന്നാമതൊരു കൂട്ടം ആളുകൾ കൂടി ഇവിടെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിഭാഗം ആളുകളുടെയും വികാരങ്ങളും ആശങ്കകളും താൻ മനസ്സിലാക്കുന്നുവെന്നും ഈ രാജ്യത്തെ ഒറ്റക്കെട്ടായി ചേർത്തുകൊണ്ട് പോകുകയും മുന്നോട്ടു നയിക്കുകയും തന്റെ ഗവണ്മെന്റിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ചുമതലയും വെല്ലുവിളിയുമെന്ന് അദ്ദേഹം അടിവരയിട്ട് പ്രസ്താവിച്ചു.

കഴിഞ്ഞ 50 വർഷങ്ങൾകൊണ്ട് ഉരുത്തിരിഞ്ഞുവന്ന യൂറോപ്യൻ യൂണിയന് സ്തുത്യർഹമായ ഒട്ടനവധി ഗുണഗണങ്ങളും കരുത്തും ഉണ്ടായിരുന്നെങ്കിലും അതിന്റെ ദിശാബോധവും ബ്രിട്ടന്റെ കാഴ്ചപ്പാടുകളും തമ്മിൽ വളരെ അന്തരമുണ്ടായിരുന്നതിനാൽ ബ്രിട്ടീഷ് ജനതയെ സംബന്ധിച്ചിടത്തോളം ഈ വിടവാങ്ങൽ പുതിയൊരു യുഗത്തിന്റെ തുടക്കം കുരിക്കൾ കൂടിയാണ്.

യുകെയിൽ ഉടനീളം പബ്ബുകളിലും ക്ലബ്ബുകളിലും മറ്റുമായി ധാരാളം ബ്രെക്സിറ് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. നൈജിൽ ഫാറാജിനെപ്പോലുള്ള ബ്രെക്സിറ് നേതാക്കളുടെ പ്രസംഗത്തിന് ദീർഘനേരം കൈയടികൾ നൽകിക്കൊണ്ടും, ദേശഭക്തി ഗാനങ്ങൾ ആലപിച്ചുകൊണ്ടും ആയിരക്കണക്കിനാളുകൾ ലണ്ടനിലെ പാര്ലമെന്റ് പരിസരത്തു ബ്രെക്സിറ് ആഘോഷങ്ങളിൽ സംബന്ധിക്കാനെത്തിയിരുന്നു.

“നാമിന്നേവരെ ആഘോഷിക്കാത്തവിധം ഈ രാത്രി നാം കൊണ്ടാടണം” – നൈജിൽ ഫാരാജ് പറഞ്ഞു. “നമ്മുടെ മഹത്തായ രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ അവസമരണീയമായ ഒരു നിമിഷമാണിത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മിശ്ര വികാരങ്ങൾ പ്രതിഫലിച്ച പല സന്ദർഭങ്ങൾക്കും സാക്ഷിയായിരുന്നു ഹിതപരിശോധനാഫലം ബ്രെക്സിറ് ചരിത്ര ദിവസമായി ഭവിച്ച ജനുവരി 31. വൈകുന്നേരത്തോടെ ബ്രസ്സൽസിലെ യൂറോപ്യൻ ആസ്ഥാനമന്ദിര കവാടത്തിൽനിന്നും യുകെയുടെ പതാക എടുത്തുമാറ്റുകയുണ്ടായി. 2016 ൽ ബ്രെക്സിറ്റിന് അനുകൂലമായി ഹിത പരിശോധനാഫലം പ്രഖ്യാപിക്കപ്പെട്ട സണ്ടർലാൻഡ് നഗരത്തിൽ ഇന്നൊരു ക്യാബിനറ്റ് യോഗം ചേരുകയുണ്ടായി. നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ, പ്രധാനമന്ത്രിയുടെ വസതിക്കുമുകളിലായി ബ്രെക്സിറ്റ്‌ വിടവാങ്ങലിനുള്ള സമയം സൂചിപ്പിക്കുന്ന ‘ലൈറ്റ് ഷോ’ സജ്ജമാക്കിയിരുന്നു. ഈ ദിനത്തിന്റെ ഓർമക്കായി 50 പെൻസിന്റെ ഒരു പുതിയ നാണയവും ബ്രിട്ടീഷ് സർക്കാർ ഇറക്കിയിട്ടുണ്ടായിരുന്നു.

യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടെങ്കിലും, വളരെ വലിയ മാറ്റങ്ങളൊന്നും ഉടനടി പ്രത്യക്ഷമാകാൻ ഇടയില്ലെന്നാണ് സൂചന. പരിവർത്തന കാലാവധിയായ 2020 ഡിസംബർ 31 വരെ യൂറോപ്പിന് യൂണിയൻ നിയമങ്ങൾ തന്നെ പ്രാബല്യത്തിലുണ്ടാവും. ബ്രിട്ടനിൽനിന്നും യൂറോപ്യൻ യൂണിയനിലേക്കും തിരിച്ചും അംഗരാജ്യങ്ങളിലെ ആളുകൾക്ക് ഈ കാലയളവിൽ സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരിക്കും.

യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്​മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയുമായാണ്​ യു.കെ യൂനിയനിൽ നിന്ന്​ മടങ്ങുന്നത്​. രാവിലെ ബ്രസൽസിലെ പാർലമ​െൻറ്​ മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ ബ്രക്​സിറ്റിന് ഔദ്യോഗിക വിളംബരമാകും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും ഈ പതാക പിന്നീട് സ്ഥാപിക്കുക.

നേരത്തെ ബ്രിട്ടീഷ് പാർലമ​െൻറും കഴിഞ്ഞദിവസം യൂറോപ്യൻ പാർലമ​െൻറും അംഗീകരിച്ച ബ്രക്​സിറ്റ്​ വേർപിരിയൽ കരാറിലെ വ്യവസ്ഥകൾ അനുസരിച്ചാകും ഇരുപക്ഷവും തമ്മിലുള്ള ഭാവി ബന്ധവും സഹകരണവും.

Image result for brexit"

വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നില​യിലേക്ക്​ കൊണ്ടുവരുന്നതിന്​ അനുവദിച്ച സമയം 2020 ഡിസംബർ 31വരെയാണ്​. അതിനാൽ, അംഗത്വം ഒഴിവായെങ്കിലും ശേഷിക്കുന്ന 11 മാസക്കാലം ചില ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. ഈ കാലയളവിൽ യൂറോപ്യൻ യൂനിയനിൽ ശേഷിക്കുന്ന 27 രാജ്യങ്ങളുമായി ബ്രിട്ടന്​ കരാറുകളുണ്ടാക്കാം. പെട്ടെന്ന് പ്രത്യക്ഷത്തിലുള്ള മാറ്റങ്ങൾ ഇരുപക്ഷത്തെയും പൗരന്മാരെ ബാധിക്കുകയുമില്ല. എന്നാൽ, യൂനിയനിലെ രാഷ്​ട്രീയ സ്​ഥാപനങ്ങളിലോ ഏജൻസികളിലോ പങ്കാളിത്തമുണ്ടാകില്ല. യൂറോപ്യൻ പാർലമ​െൻറിൽ ബ്രിട്ടീഷ്​ അംഗങ്ങളും ഉണ്ടാകില്ല. ഇക്കാലയളവിൽ യൂറോപ്യൻ യൂനിയൻ നിയമങ്ങളും ബ്രിട്ടൻ പിന്തുടരും. നിയമ തർക്കങ്ങളിൽ യൂറോപ്യൻ നീതിന്യായ കോടതി അവസാന വാക്ക്​ ആകും. വ്യാപാരബന്ധങ്ങളും യാത്രാ സൗകര്യങ്ങളുമൊക്കെ സമാനമായി നിലനിൽക്കുന്നതിനാൽ ഫലത്തിൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും കാര്യമായ മാറ്റം അനുഭവപ്പെടില്ല.

യൂറോപ്യൻ യൂനിയൻ പാർലമ​െൻറിൽ ഇനി ബ്രിട്ടീഷ്​ പ്രതിനിധികൾ ഉണ്ടാകില്ലയെന്നതാണ്​ വരാൻ പോകുന്ന പ്രധാന മാറ്റം. ബ്രിട്ടനിൽ ബ്രക്​സിറ്റി​​െൻറ ഏറ്റവും വലിയ വക്താവായ നൈജൽ ഫെറാജിനെ പോലുള്ള 73 പരിചിത മുഖങ്ങൾ യൂറോപ്യൻ പാർലമ​െൻറ്​ അംഗങ്ങൾക്ക് നഷ്ടമായേക്കും. യൂറോപ്യൻ യൂനിയൻ ഉച്ചകോടികളിൽ ഇനി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസന്​ ക്ഷണിക്കപ്പെട്ട അതിഥിയായി മാത്രമേ പ​​ങ്കെടുക്കാനാകൂ. മത്സ്യബന്ധന അതിർത്തികൾ നിശ്​ചയിക്കൽ പോലുള്ള തീരുമാനങ്ങളെടുക്കുന്ന പതിവ്​ യൂനിയൻ യോഗങ്ങളിൽ ബ്രിട്ടീഷ്​ മന്ത്രിമാർക്ക്​ പ​​ങ്കെടുക്കാനുമാകില്ല.

യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ്​ മറ്റൊരു പുതുമ. അമേരിക്ക, ആസ്​ത്രേലിയ പോലുള്ള രാജ്യങ്ങളുമായി വ്യാപാര കരാറിലേർപ്പെടാൻ നേരത്തേ അനുമതി ഉണ്ടായിരുന്നില്ല. ഈ സ്വാതന്ത്ര്യം യു.കെയുടെ സമ്പദ്​വ്യവസ്​ഥയെ ഉയരങ്ങളിലെത്തുക്കുമെന്ന വാദമാണ്​ ബ്രക്​സിറ്റ്​ അനുകൂലികൾ ഉന്നയിച്ചിരുന്നതും. എന്നാൽ, പരിവർത്തന കാലാവധി കഴിഞ്ഞ ശേഷമേ യൂനിയനിൽപ്പെടാത്ത രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ നിലവിൽ വരൂ.

മൂന്ന്​ പതിറ്റാണ്ടുകൾക്ക്​ മുമ്പുണ്ടായിരുന്ന നീല പാസ്​പോർട്ടി​​െൻറ മടങ്ങി വരവ്​ കൂടിയാകും ഇനി യു.കെയിൽ. 1921ൽ ഉപയോഗിച്ചു തുടങ്ങിയ നീലയിൽ സ്വർണ വർണങ്ങളുള്ള പാസ്​പോർട്ട്​ ഏ​റെക്കാലം ബ്രിട്ടീഷ്​ ജനതയുടെ അഭിമാന പ്രതീകവുമായിരുന്നു. അതേസമയം, കാലാവധി കഴിയുംവരെ നിലവിലുള്ള ബർഗുണ്ടി റെഡ്​ കളർ പാസ്​പോർട്ട്​ ഉപയോഗിക്കുകയും ചെയ്യാം.

Image result for brexit"

പരിവർത്തന കാലയളവ്​ വരെയെങ്കിലും മാറാത്ത പല കാര്യങ്ങളുമുണ്ട്​. വിമാന-തീവണ്ടി-കപ്പൽ യാത്രകൾ നിലവിലേതുപോ​ലെ തുടരാം. വിമാനത്താവളങ്ങളിലെ ആഗമന ടെർമിനലുകളിൽ യൂറോപ്യൻ യൂനിയൻ രാജ്യക്കാർക്ക്​ ​മാത്രം വേണ്ടിയുള്ള ക്യൂവിൽ ബ്രിട്ടീഷുകാർക്ക്​ നിൽക്കാനും അനുമതിയുണ്ട്​. കാലാവധിയുള്ള കാലം വരെ ഡ്രൈവിങ്​ ലൈസൻസും വളർത്തുമൃഗങ്ങളുടെ പാസ്​പോർട്ടും നിലനിൽക്കും. യൂറോപ്യൻ ആരോഗ്യ ഇൻഷുറൻസ്​ കാർഡി​​െൻറ ആനുകൂല്യങ്ങൾക്കും മാറ്റമുണ്ടാകില്ല. മറ്റ്​ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ബ്രിട്ടീഷ്​ പൗരന്മാർക്ക്​ അത്​ തുടരാം. യു.കെയിലുള്ള മറ്റ്​ യൂറോപ്യൻ പൗരന്മാർക്കും ഇത്​ ബാധകമാണ്​. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ്​ പൗരന്മാർക്ക്​ അതത്​ രാജ്യങ്ങളിലെ പെൻഷനുകൾ സ്വീകരിക്കുന്നതിനും തടസ്സമില്ല. പരിവർത്തന കാലയളവിൽ യൂറോപ്യൻ യൂനിയൻ ബജറ്റിലേക്കുള്ള വിഹിതം ബ്രിട്ടൻ നൽകുകയും വേണം. ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം അധിക തീരുവയോ പരിശോധനയോ ഇല്ലാതെ തുടരുകയും ചെയ്യാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more