ലണ്ടൻ:- ഇംഗ്ലണ്ടിലെ നസ്രത്തായ വാൽസിങ്ങാം മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാർഷിക തീർത്ഥാടനം സെപ്റ്റംബർ 29 ശനിയാഴ്ച നടത്തപ്പെടും. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തോടനുബന്ധിച്ച് എൺപത്തിയെട്ടാമത് പുനരൈക്യ വാർഷികവും നടക്കുന്നതാണ്. യു കെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ നടന്നു വരുന്നു.
തീർത്ഥാടന ദിനം ഏറ്റവും അനുഗ്രഹ പ്രദമാക്കുന്നതിന് വിവിധ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഇത്തവണത്തെ തീർത്ഥാടനം നയിക്കുന്നതിനും വിശുദ്ധ ബലി അർപ്പിക്കുന്നതിനുമായി മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് എത്തിച്ചേരും. പതിനൊന്ന് മണിക്ക് വാൽസിങ്ങാമിലെ മംഗള വാർത്ത ദേവാലയത്തിൽ പ്രാരംഭ പ്രാർത്ഥനയോടും, ധ്യാന ചിന്തയോടും കൂടെ തീർത്ഥാടനത്തിന് തുടക്കം കുറിക്കും. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തീർത്ഥയാത്ര. 2.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.
സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, മാഞ്ചസ്റ്റർ, സൗത്താംപ്ടൺ, ഗ്ലാസ്ഗോ, കവൻട്രി, ലൂട്ടൺ, അഷ്ഫോർഡ്, നോട്ടിങ്ഹാം, ഷെഫീൽഡ്, ക്രോയിഡോൺ, ലിവർപൂൾ, ഗ്ലോസ്റ്റർ, ബ്രിസ്റ്റോൾ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായിരിക്കും വാൽസിങ്ങാം തീർത്ഥാടനം.
മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്റ്റംബർ 20-ന് മാർ ഈവാനീയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 88 വർഷങ്ങൾ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ്.
അഭിവന്ദ്യ യൂഹാനാേൻ മാർ തിയോഡേഷ്യസ് പിതാവ് നയിക്കുന്ന തീർത്ഥാടനത്തിലെ വിവിധ ശുശ്രൂഷകളിൽ സഭയുടെ യുകെ കോഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിൽ, ചാപ്ലയിൻ മാരായ ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ.ജോൺ അലക്സ്, ഫാ.ജോൺസൺ മനയിൽ എന്നിവർ സഹകാർമ്മികരാകും.
പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷികം. ആഘോഷങ്ങൾക്ക്
ചിലവിടുന്ന തുക പ്രളയ ബാധിത കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനായി മാറ്റി വയ്ക്കാൻ മലങ്കര സഭ തീരുമാനമെടുത്തിരുന്നു.
click on malayalam character to switch languages