ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ പാർക്കിങ് കമ്പനിയായ യുകെ പാർക്കിങ് കൺട്രോളിനെ ഡി വി എൽ എ സസ്പെൻഡ് ചെയ്തു. എൻ എച്ച് എസ്, സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ സെന്റർ കാർ പാർക്കുകൾ തുടങ്ങി രാജ്യത്തുടനീളം രണ്ടായിരത്തോളം സൈറ്റുകളുള്ള മൾട്ടി മില്യൺ കമ്പനിയാണ് യുകെ പാർക്കിങ് കൺട്രോൾ. ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നുവെന്ന പരാതിയിൽ നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് ഡി വി എൽ എ കമ്പനിയെ സസ്പെൻഡ് ചെയ്തത്. നിരവധി പേരിൽ നിന്ന് പാർക്കിങ് ടിക്കറ്റുകളിൽ സമയങ്ങൾ തിരുത്തിയാണ് കമ്പനി പണം ഈടാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ടേണോവർ 11.6 മില്യൺ പൗണ്ടായിരുന്നു.
2015ൽ നൽകിയ ടിക്കറ്റിൽ ഫേക്ക് വ്യാജ സമയം സ്റ്റാമ്പ് ചെയ്താണ് ജീവനക്കാർ നിയമപരമായി പാർക്ക് ചെയ്ത വാഹനത്തിന് പിഴ ഈടാക്കിയത്. 2015 ജൂലൈയിൽ നീൽ ഹോർട്ടൻ എന്നയാൾ ഒന്നര മണിക്കൂർ സൗജന്യ കാർ പാർക്കിങ് സൗകര്യമുള്ള സ്ഥലത്ത് 15 മിനിറ്റ് മാത്രമാണ് പാർക്ക് ചെയ്തത്. എന്നാൽ അദ്ദേഹത്തിന് പാർക്കിങ് ഫൈൻ ടിക്കറ്റ് നൽകുകയായിരുന്നു. ഫോട്ടോഗ്രാഫിക് തെളിവ് ആവശ്യപ്പെട്ട അദ്ദേഹത്തിന് രണ്ടു മണിക്കൂർ പാർക്ക് ചെയ്‌തെന്ന് തെളിയിക്കുന്ന ഫോട്ടോഗ്രാഫുകളാണ് കമ്പനി അയച്ച് കൊടുത്തത്. എല്ലാ ഫോട്ടോഗ്രാഫുകളിലും ഹോർട്ടന്റെ വാഹനത്തിന് തൊട്ടു പുറകെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബൂട്ട് തുറന്നിരിക്കുന്നതാണ് കണ്ടത്. സംശയം തോന്നിയ ഹോർട്ടൻ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഡി വി എൽ എ യെ സമീപിക്കുകയായിരുന്നു.
സാറാ ഗാഷി എന്ന സ്ത്രീക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. വോർസെസ്റ്ററിൽ ഒരു സുഹൃത്തിനെ സന്ദർശിക്കാനെത്തിയ സാറാ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചിരുന്നു. കാർ പാർക്ക് ചെയ്തിരുന്നതും ഒരു മണിക്കൂറിൽ താഴെ മാത്രം. ഒന്നര മണിക്കൂർ ഫ്രീ പാർക്കിങ് ഉള്ളിടത്താണ് പാർക്ക് ചെയ്തിരുന്നത്. എന്നാൽ സാറയ്ക്കും കിട്ടി പാർക്കിങ് ടിക്കറ്റ്. തെളിവ് ആവശ്യപ്പെട്ട സാറക്ക് 14:13 , 16:19 എന്ന് മാർക്ക് ചെയ്ത രണ്ട് ഫോട്ടോഗ്രാഫുകളാണ് കമ്പനി നൽകിയത്. ഫോട്ടോഗ്രാഫുകളിൽ രണ്ടിലും ആകാശത്തിന് ഒരേ നിറമായിരുന്നതാണ് സംശയത്തിന് ആക്കം കൂട്ടിയത്. വിന്റർ സമയത്ത് നാല് മണികഴിയുമ്പോഴേക്കും അല്പം ഇരുട്ട് പരക്കുന്നതാണ്. എന്നാൽ ഇതിൽ രണ്ടിലും ഒരേ തെളിച്ചമുള്ള അവസ്ഥയായിരുന്നു. സാറയുടെ പരാതിയിൽ അന്വേഷണം നടത്തിയ ഡി വി എൽ എ ക്ക് കമ്പനിയുടെ കള്ളക്കളികൾ ബോധ്യപ്പെട്ടു.
എന്തായാലും യുകെ പാർക്കിങ് കൺട്രോളിനെതിരെ ഡി വി എൽ എ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എൻ എച്ച് എസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ പാർക്കിങ് നിയന്ത്രണങ്ങൾ യുകെ പാർക്കിങ് കൺട്രോളിനാണ്.
click on malayalam character to switch languages