1 GBP = 109.00
breaking news

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; റഷ്യൻ എംബസി സഹായം തിരസ്കരിച്ച് യൂലിയ സ്ക്രിപാൽ

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; റഷ്യൻ എംബസി സഹായം തിരസ്കരിച്ച് യൂലിയ സ്ക്രിപാൽ

സാലിസ്ബറി: മാർച്ച് മൂന്നിന് സാലിസ്ബറിയിൽ റഷ്യൻ ചാരനും മകൾക്കും നേരെയുണ്ടായ നെർവ് ഏജൻറ് ആക്രമണത്തെ തുടർന്ന് ആശുപത്രിയിലായ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയ സ്ക്രിപാലിനും ബ്രിട്ടനിലെ റഷ്യൻ എംബസ്സി അധികൃതർ നൽകിയ സഹായ വാഗ്ദാനങ്ങൾ തിരസ്കരിച്ച് യൂലിയ സ്ക്രിപാൽ. ഇന്നലെ യൂലിയയ്ക്ക് വേണ്ടി മെട്രോപൊളിറ്റൻ പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് യൂലിയ സഹായവാഗ്ദാനം തിരസ്കരിച്ചത്. രാസായുധ ആക്രമണത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യൂലിയ നില മെച്ചപ്പെട്ടതിനെത്തുടർന്ന് രണ്ടു ദിവസം മുൻപാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. ആശുപത്രിയിലുള്ള സ്‌ക്രിപാലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരമായി തന്നെ തുടരുകയാണ്.

റഷ്യയിലുള്ള സ്ക്രിപാലിന്റെ ബന്ധു വിക്ടോറിയ സ്ക്രിപാൽ ബ്രിട്ടനിൽ ഇവരെ സന്ദർശിക്കുന്നതിനുള്ള താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തങ്ങളെ സന്ദർശിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാണ് യൂലിയയും അഭ്യർത്ഥിച്ചിരിക്കുന്നത്. നേരത്തെ യൂലിയയും വിക്ടോറിയയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ റഷ്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. എന്നാൽ അതിൽ യാതൊരു വാസ്തവുമില്ലെന്ന് യൂലിയ പറയുന്നു. ഏറ്റവും നല്ല സംരക്ഷണവും ചികിത്സയുമാണ് തനിക്കും പിതാവിനും ബ്രിട്ടനിൽ ലഭിക്കുന്നതെന്ന് പറഞ്ഞ യൂലിയ ആശുപത്രി അധികൃതർക്ക് നന്ദി പറഞ്ഞു. തന്റെ ആരോഗ്യസ്ഥിതി പൂർവ്വസ്ഥിതിയിലായിട്ടില്ലെന്നും ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്‌ക്ക്‌ മാധ്യമങ്ങളെ നേരിട്ട് കാണുമെന്നും യൂലിയ വ്യക്തമാക്കുന്നു.

ബ്രിട്ടന്റെ എം ഐ6 മുൻ ചാരനായ സ്ക്രിപാലിനെയും മകൾ യൂലിയയെയും റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോര്വിചോക്ക് ഉപയോഗിച്ച് നടത്തിയ വധശ്രമത്തിന് പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങളാണ് രംഗത്ത് വന്നിട്ടുള്ളത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more