1 GBP = 102.32

കാർത്തികിൻ്റേയും അയാൻ്റേയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇനി അജിതയില്ല; പ്രിയ സഹോദരിക്ക് യുകെയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം….

കാർത്തികിൻ്റേയും അയാൻ്റേയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇനി അജിതയില്ല; പ്രിയ സഹോദരിക്ക് യുകെയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം….

സ്റ്റോക്ക് ഓൺ ട്രെന്റ്:-  കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്റർ വിഥിൻഷോ ഹോസ്പിറ്റലിൽ  മരണമടഞ്ഞ  മലയാളി നേഴ്സ് അജിത ആൻ്റണിക്ക്  ഇംഗ്ലണ്ടിലെ ക്രൂവിലെ ആറടി മണ്ണ് നിത്യമായ അഭയകേന്ദ്രമായി….ഇന്നലെ സ്റ്റോക്ക് ഓൺ ട്രെൻറ് ദേവാലയത്തിലും, ക്രൂവിലെ സിമിത്തേരിയിലും നടന്ന അജിത ആൻ്റണിയുടെ ( 31) സംസ്കാര ചടങ്ങുകളിൽ നേരിട്ടും ഓൺലൈനിലുമായി പങ്കു ചേർന്നവരെല്ലാം വിങ്ങിക്കരയുകയായിരുന്നു.

സംസ്കാര ശുശ്രൂഷകൾ നാട്ടിലിരുന്നു  വീക്ഷിച്ച ഭർത്താവ് കാർത്തികിനും   മകൻ അയാനും അജിതയുടെ മാതാപിതാക്കൾ, ഗൾഫിലായിരിക്കുന്ന സഹോദരൻ അജയ് എന്നിവർക്കൊപ്പം യുകെയിൽ നേരിട്ട് ചടങ്ങുകളിൽ പങ്കെടുത്ത സഹോദരി അഞ്ജു, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം ഇന്നലത്തെ ദിനം കണ്ണീരടങ്ങാത്തതായിരുന്നു.  ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ ചിറകിലേറ്റി യു കെ യുടെ മണ്ണിൽ കാലുകുത്തിയ അജിത ആൻ്റണിയെന്ന മലയാളി നഴ്സിന് അവയെല്ലാം യാഥാർത്ഥ്യമാക്കാൻ വിധി അനുവദിച്ചില്ല. രണ്ടാം ജന്മദിനം യുകെയുടെ മണ്ണിൽ ആഘോഷിക്കാൻ സാധിക്കുമായിരുന്ന കുഞ്ഞ് അയാന് വിധി വൈപര്യത്താൽ അതിന് സാധിക്കില്ല. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിന് ഇനി അമ്മയില്ല…..അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കുകൊണ്ടവർക്കെല്ലാം ആ ഓർമ്മകൾ  ഹൃദയഭേദകമായിരുന്നു.

നേരത്തെ അറിയിച്ചിരുന്നതുപോലെ  രാവിലെ 11.30 ന് (യുകെ സമയം) ബർമിംങ്ഹാമിലെ ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതിക ശരീരം സംസ്‌കാര ചടങ്ങുകൾക്കായി  സ്റ്റോക്ക് ഓൺ ട്രെന്റ് ഔവർ ലേഡി ഓഫ് ദി ഏഞ്ചൽസ് & സെൻ്റ്.പീറ്റർ ഇൻ ചെയിൻറ്  ദേവാലയത്തിലെത്തിച്ചു. തുടർന്ന് ഇടവക വികാരിയും സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ്  ഒ എൽ പി എച്ച് മിഷൻ മിഷൻ ഡറക്ടറും കൂടിയായ റവ. ഫാ. ജോർജ്ജ്  എട്ടുപറയിൽ മാഞ്ചസ്റ്റർ സീറോ മലങ്കര മിഷൻ ഡറയറക്ടർ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ശുശ്രുഷകൾ ആരംഭിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശുശ്രൂഷകളായിരുന്നതിനാൽ കൂടുതൽ പേർക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. അജിത ഹോസ്പിപിറ്റലിൽ ആയിരുന്ന അവസരത്തിൽ ആദ്ധ്യാത്മിക കാര്യങ്ങൾ നോക്കിയിരുന്ന റവ. ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി.
ദുഃഖാർത്ഥരായ അജിതയുടെ മാതാപിതാക്കൻമാർക്കും സഹോദരങ്ങൾക്കും ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാവട്ടെയെന്നും, എല്ലാവരുടേയും പ്രാർത്ഥനാ സഹായവും അച്ചൻ അഭ്യർത്ഥിച്ചു. ജീവിച്ചിരിച്ചതിനേക്കാൾ കൂടുതലായി  സ്വർഗ്ഗീയ നാഥൻ്റെ പക്കലിരുന്നു നമുക്കായി പലതും  ചെയ്യാൻ അജിതക്ക് സാധിക്കുമെന്ന് രഞ്ജിത്തച്ചൻ പറയുകയുണ്ടായി. ഹോസ്പിറ്റലിൽ ആയിരുന്ന അവസരത്തിൽ താൻ ചെല്ലുന്ന പ്രാർത്ഥകൾക്ക് ഭക്തിപൂർവ്വം മറുപടി ചൊല്ലുന്ന അജിതയെ  ഫാ.രഞ്ജിത്ത് ഓർമിച്ചു.

ഇന്നലെ നടന്ന സംസ്കാര ശുശ്രൂഷകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹോദരി അഞ്ജു വിതുമ്പിക്കൊണ്ട് ആരംഭിച്ച തൻ്റെ സഹോദരിയുടെ സ്മരണയിൽ അജിത തന്റെ കൂടെപ്പിറപ്പിന് ഉപരിയായി മിനി അമ്മയും സുഹൃത്തുമായിരുന്നു എന്ന് പറയുകയുണ്ടായി.  പ്രിയ സഹോദരിയുടെ വേർപാടിൻ്റെ വേദനയിൽ എഴുതി തയ്യാറാക്കിയ വാക്കുകൾ പൂർത്തിയാക്കാൻ പറ്റാഞ്ഞതിനാൽ തൻ്റെ മാനേജറായ ഇംഗ്ലീഷുകാരൻ സുഹൃത്തിന് വിളിച്ചു, അദ്ദേഹമാണ് ബാക്കി ഭാഗം പൂർത്തിയാക്കിയത്. തൻ്റെ സഹോദരിയുടെ വേർപാടിൽ ആശ്വസിപ്പിച്ച എല്ലാവർക്കും പ്രത്യേകിച്ച് യുക്മക്കും, ഫണ്ട് ശേഖരണം നടത്തിയ യുക്മ ചാരിറ്റി ഫൗണ്ടേഷനും നന്ദി പ്രകാശിപ്പിച്ചു.  യുക്മ ജനറൽ സെക്രട്ടറി അലക്‌സ് വർഗീസ് അജിതയുടെ കുടുംബത്തെ സഹായിക്കാൻ സന്മനസ് കാണിച്ച യുകെ മലയാളി സമൂഹത്തിനും ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദി പറഞ്ഞു.  ലൈറ്റൻ ഹോസ്പിറ്റൽ മേട്രൻ സാലി, വിഥിൻഷോ ഹോസ്പിറ്റൽ സി റ്റി സി സി യു സ്റ്റാഫ് ഫ്രാൻസിസ്ക തുടങ്ങിയവരും അജിതയെ അനുസ്മരിച്ചു.

യുക്മയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ജോബി ജോസ്, ജെസ്റ്റിൻ, തോമസ് കുട്ടി എന്നിവർ ചേർന്ന് മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് നിരവധി പേരും പുഷ്പചക്രം അർപ്പിക്കുകയുണ്ടായി. നേരത്തേ ക്ഷമാപണത്തോടെ പ്രാർത്ഥനകൾ ആരംഭിച്ച റവ.ഫാ.ജോർജ് എട്ടുപറയിൽ മലയാളത്തിലാണ് ശുശ്രൂഷകൾ നടത്തിയത്. തങ്ങൾക്ക് വഴങ്ങാത്ത ഭാഷയിൽ  ശുശ്രുഷകൾ വീക്ഷിച്ച  ഇംഗ്ലീഷുകാർ ഉൾപ്പെടെ എല്ലാവർക്കും അച്ചൻ നന്ദി പ്രകാശിപ്പിച്ചു. സിറിയക് തോമസ്, ജോമോൻ, സെൽജി തുടങ്ങിയവർ സംസ്കാരശുശ്രൂഷകൾ ക്രമീകരിച്ചു.

ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടേഴ്‌സ് 15 മൈൽ അകലെയുള്ള ക്രൂവിലേക്ക് പുറപ്പെട്ടു. സിമിത്തേരിയുടെ പോസ്റ്റ് കോഡ് തെറ്റി ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും സിമിത്തേരിയിൽ എത്തിച്ചേർന്ന് സമാപന ശുശ്രൂഷകളും പൂർത്തിയാക്കി യു കെയുടെ ആറടി മണ്ണിൽ അജിതയുടെ മൃതദേഹം സംസ്കരിച്ചു.   പ്രവാസ ജീവിതത്തിൽ ഉണ്ടാകാവുന്ന ഇതുപോലെയുള്ള അപ്രതീക്ഷിത വേർപാടുകൾ ഏറ്റവുമടുത്ത രക്തബന്ധത്തിലുള്ളവർക്ക് പോലും അന്ത്യചുംബനം കൊടുക്കാൻ സാധിക്കാത്ത,  ഒരിക്കലും മറക്കാൻ പറ്റാത്ത വിധം ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപിച്ചുകൊണ്ടാണ് അജിത യാത്രയായത്.

2021 ജനുവരിയിലാണ് അജിത ആൻ്റണി ക്രൂവിലെ ലൈറ്റൻ ഹോസ്പിറ്റലിൽ ഒട്ടേറെ സ്വപ്നങ്ങളുമായി എത്തിച്ചേർന്നത്.  യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തന്നെ തുടരുകയായിരുന്നു.

യുകെയിലെത്തി ഷോപ്പിംഗിന് പോയ സമയത്താണ് കൂട്ടുകാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിച്ചതെന്നാണ് പറയുന്നത്.  അജിതയൊഴികെ മറ്റുള്ളവരുടെ അസുഖം ഭേദമായിരുന്നു. അജിതയുടെ അസുഖം  കലശലായതിനാൽ ആദ്യം ക്രൂവിലെ ലൈറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചത്.  ഏകദേശം നാല് മാസക്കാലം മാഞ്ചസ്റ്റർ വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഇടക്ക് ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു.  എന്നാൽ എല്ലാവരുടേയും പ്രതീക്ഷകൾ അസ്ഥാനത്താവുകയായിരുന്നു. ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെയുള്ള വാർഡിലെ സ്റ്റാഫ്  ശുശ്രൂഷിക്കാനും മറ്റു സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ ഫലവത്തായില്ല. ഇത്രയും നാൾ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നതിനാൽ എല്ലാവർക്കും അജിത പ്രിയങ്കരിയായിരുന്നു. അജിതയുടെ വേർപാട്  അവർക്കാർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല.

അജിതയുടെ മരണത്തെ തുടർന്ന് കുടുംബം അഭ്യർത്ഥിച്ചതിൻ പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഫണ്ട് ശേഖരണത്തിന് തീരുമാനിക്കുകയും യു കെയിലെ പൊതു സമൂഹത്തിന് മുന്നിലേക്ക് വിർജിൻ മണി വഴി അപ്പീലുമായി ഇറങ്ങുകയുമായിരുന്നു.  യു കെയിലെ ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള കരുണയുള്ളവരുടെ സഹായത്താൽ അപ്പീലിലൂടെ നേരിട്ട് £14385.10, ഗിഫ്റ്റ് എയ്ഡ് ഉൾപ്പെടെ 16305.16 പൗണ്ട് സമാഹരിക്കുകയുണ്ടായി. ഇതിൽ ഗിഫ്റ്റ് എയ്ഡ്  ഒഴികെ അക്കൗണ്ടിലെത്തിച്ചേർന്ന തുക കുടുംബത്തിന് ട്രാൻസ്ഫർ ചെയ്തിരുന്നു.  യുക്മ ചാരിറ്റി ഫൗണ്ടേഷൻ നല്കിയ അപ്പീലിന് അകമഴിഞ്ഞ് പിന്തുണ നല്കിയ എല്ലാവർക്കും യുക്മ ചാരിറ്റി  ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് നന്ദി അറിയിച്ചു.

എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്.  ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ ഏകമകനാണ്. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിലുള്ള മൂത്ത സഹോദരൻ   അജയ് യുകെയിൽ ഹാർലോയിൽ നേഴ്‌സായ ഇളയ  സഹോദരി അഞ്ജു എന്നിവരാണ് അജിതയുടെ കൂടെപ്പിറപ്പുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more