1 GBP = 106.80
breaking news

യുകെയിലെ പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം കുറിക്കും; സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ. ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകർ

യുകെയിലെ പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം കുറിക്കും; സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ. ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകർ

ജിജോ അരയത്ത്

മുട്ടുചിറ സംഗമം UK യുടെ പതിനഞ്ചാമത് കുടുംബസംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് കുടുംബസംഗമം മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സംഘാടകർ.

ഇന്ന് മുതൽ ആരംഭിക്കുന്ന സംഗമത്തിന് ആശംസകളുമായി സമൂഹത്തിന്റെ നാനാതുറകളിൽ എത്തിയവർ ഇതിനോടകം എത്തിക്കഴിഞ്ഞു കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ , പുതുപ്പള്ളി എം ൽ എ ശ്രീ ചാണ്ടി ഉമ്മൻ , ചലച്ചിത്ര നടൻ അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരടക്കം പലരും ഇതിനോടകം ആശംസകളറിയിച്ചു . ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ 29 ഞായറാഴ്ച സമാപിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന്റെ മാറ്റ് കൂട്ടും. ബോൾട്ടണിലെ ബ്രിട്ടാണിയ ഹോട്ടലിലാണ് ഈ വർഷത്തെ സംഗമ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അൽഫോൻസാമ്മ ബാല്യ, കൌമാരങ്ങൾ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കൽ തറവാട്. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂർ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.

ആഘോഷങ്ങളോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന മുട്ടുചിറ സംഗമം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വളരെ ഭംഗിയായി മുട്ടുചിറയിൽ പ്രവർത്തിച്ച് വരുന്ന അൽഫോൻസ സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ, കിഡ്നി റിലീഫ് ഫണ്ടിന് ശക്തമായ പിന്തുണയാണ് മുട്ടുചിറ സംഗമം നൽകി വരുന്നത്.

സ്വിറ്റ്സർലൻഡിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വർഗ്ഗീസ് നടക്കൽ രക്ഷാധികാരിയായും ബോൾട്ടണിലെ ജോണി കണിവേലിൽ ജനറൽ കൺവീനറായും 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം UK, ഇരുവരുടെയും നേതൃത്വത്തിൽ ഊർജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാർഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള ഊർജ്ജിതമായ തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
.മുട്ടുചിറ സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

ജോണി കണിവേലിൽ – 07889800292,
കുര്യൻ ജോർജ്ജ് – 07877348602,
സൈബൻ ജോസഫ് – 07411437404,
ബിനോയ് മാത്യു – 07717488268,
ഷാരോൺ ജോസഫ് – 07901603309.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more