1 GBP = 104.30
breaking news

യുകെയിലെ മോനിപ്പള്ളിക്കാർ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം.

യുകെയിലെ മോനിപ്പള്ളിക്കാർ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം.

സിജു സ്റ്റീഫൻ
യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളിൽ പ്രവർത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007 ൽ ബിർമിങ്ഹാമിൽ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരൽ ദശാബ്ദിയും പിന്നിട്ട് കൂടുതൽ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിൻറെ നന്മയും മഹത്വവും സംസ്കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വർഷത്തിലൊരിക്കൽ കണ്ടു സൗഹൃദം പുതുക്കുക എന്നതിനുമപ്പുറം ക്രിയാത്മകമായ പ്രവർത്തനങ്ങൾ നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്യുവാൻ ഈ സംഗമത്തിന് കഴിയുന്നു എന്നത് സവിശേഷശ്രദ്ധയാകർഷിക്കുന്നു. ഇതിനോടകം നിരവധി ചാരിറ്റി സംരംഭങ്ങൾക്ക് നേതൃത്വം നൽകി സ്വന്തം നാട്ടിൽ വിഷമതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ ഈ കമ്യൂണിറ്റി അതീവ ശ്രദ്ധപുലർത്തുന്നു. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാൻ ഈ വര്ഷം നടത്തിയ ക്രിസ്മസ് ന്യൂഇയർ ചാരിറ്റി വൻ വിജയമാക്കിത്തീർക്കുവാൻ ഇവർക്ക് സാധിച്ചു. മോനിപ്പള്ളി എക്സ്പാട്രിയേറ്റ് കമ്മ്യൂണിറ്റി എന്ന പേരിൽ യുകെയിൽ ആരംഭിച്ച ഈ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസികളായ മോനിപ്പള്ളിക്കാരുടെ അഭിപ്രായപ്രകടനത്തിന്റെയും നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെയും പൊതുവേദിയായി മാറിക്കഴിഞ്ഞു.

സ്റ്റോക്ക് ഓൺ ട്രെന്റിനടുത്ത് വിൻസ്ഫോർഡിലാണ് ഇത്തവണത്തെ സംഗമത്തിന് വേദിയൊരുങ്ങിയിരിക്കുന്നത്. 2018 ഏപ്രിൽ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 7 വരെ വിൻസ്‌ഫോർഡ് യുണൈറ്റഡ് റിഫോംഡ് ചർച്ച് ഹാളിൽ വച്ചാണ് സംഗമം അരങ്ങേറുന്നത്. മുൻസംഗമങ്ങളുടെ സംഘാടനത്തിൽ മികവ് പുലർത്തി വ്യക്തിമുദ്ര പതിപ്പിച്ച തോട്ടപ്ലാക്കിൽ ജിൻസും കുടുംബവുമാണ് ഇത്തവണത്തെ ആതിഥേയർ. മുൻ വര്ഷങ്ങളിലേതിനേക്കാൾ കൂടുതൽ കുടുംബങ്ങൾ ഇത്തവണ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിച്ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളിൽ വിവിധങ്ങളായ പ്രോഗ്രാമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, കായികവിനോദങ്ങൾ, വിവിധയിനം ഇൻഡോർ മത്സരങ്ങൾ, വടംവലി, ബെസ്ററ് കപ്പിൾ കോംപെറ്റിഷൻ എന്നിവ സംഗമത്തിന് ഊർജ്ജം പകരും.

ഇത്തവണ ജിസിഎസിയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്യും. കൂടാതെ മോനിപ്പള്ളി പ്രവാസി കമ്മ്യൂണിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. നാടുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന പ്രവാസികളോട് ചേർന്നുനിൽക്കുന്ന ഒരു ജനതയാണ് നാട്ടിലുമുള്ളത്. സംഗമങ്ങളോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളിൽ എല്ലാവർഷവും സമ്മാനങ്ങൾ സ്പോൺസർ ചെയുന്നത് മോനിപ്പള്ളിയിലെ സ്ഥാപനങ്ങളാണ്.

യുകെയുടെ വിവിധഭാഗങ്ങളിൽ നിന്ന് സംഗമത്തിനെത്തിച്ചേരുന്നവർക്ക് എല്ലാവിധസൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് സംഘാടകചുമതലയുള്ള കമ്മറ്റിക്കാരും ആതിഥ്യം വഹിക്കുന്ന കുടുംബവും. പ്രസിഡന്റ് സിജു കുറുപ്പന്തറയിൽ , സെക്രട്ടറി വിനോദ് ഇലവുങ്കൽ, ട്രഷറർ സന്തോഷ് , കുറുപ്പന്തറയിൽ, സംഗമം കൺവീനർ ജിൻസ് തോട്ടപ്ലാക്കിൽ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. യുകെയിലെ പ്രവാസികളായ എല്ലാ മോനിപ്പള്ളിക്കാരെയും ഇത്തവണത്തെ സംഗമത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more