1 GBP = 104.01
breaking news

അജപാലന രംഗത്ത് നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആലോചനായോഗം നവംബര്‍ 20 മുതല്‍ 22 വരെ…

അജപാലന രംഗത്ത് നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആലോചനായോഗം നവംബര്‍ 20 മുതല്‍ 22 വരെ…

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തില്‍ ഭാവികര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നിര്‍ണ്ണായക സമ്മേളനം നവംബര്‍ 20 മുതല്‍ 22 വരെ ന്യൂട്ടണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷമുള്ള ആദ്യ വര്‍ഷം മുഴുവന്‍ രൂപതയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികളെ നേരില്‍ കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയിലാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മ പദ്ധതികള്‍ രൂപം നല്‍കുന്നതിന് രൂപതയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാസമ്മേളനം രൂപതാധ്യക്ഷന്‍ വിളിച്ചിരിക്കുന്നത്.

ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യാസിനികളും ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അല്‍മായ പ്രതിനിധികളുമായിരിക്കും.

അല്‍മായ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലെയും പ്രധാന മതാദ്ധ്യാപകന്‍, കൈക്കാരന്‍ അദ്ധ്യാപകന്‍, കമ്മിറ്റിയംഗങ്ങള്‍, മറ്റെന്തെങ്കിലും നേതൃസ്ഥാനം വഹിക്കുന്നവര്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും. രണ്ടു ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനായോഗത്തില്‍ യുകെയുടെ ജീവിതസാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് വിശ്വാസസാക്ഷ്യം നല്‍കുന്നതിനെ പറ്റിയും വിശ്വാസ കൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെ കുറിച്ചും സഭാശുശ്രൂഷകളില്‍ അല്‍മായര്‍ പങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും രൂപതാതലത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സഭാമക്കള്‍ തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യാനും എടുക്കുന്ന വലിയ ആവേശവും ഉത്സാഹവും കാണാനായത് ഏറെ സന്തോഷം നല്‍കിയെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ചു വിളിച്ചു കൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കര്‍മ്മപദ്ധതികള്‍ രൂപം നല്‍കുവാന്‍ ശ്രമിക്കുന്നത് ബഹുജനപങ്കാളിത്തത്തിലാണ് സഭയുടെ വളര്‍ച്ച എന്ന ബോധ്യം കൂടുതല്‍ ആഴപ്പെടാന്‍ സഹായകമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രൂപത രൂപീകൃതമായത് മുതല്‍ ഒരു പുത്തന്‍ ഉണര്‍വ്വ് യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികളില്‍ പ്രകടമാണ്. അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ പുതിയ മെത്രാന്റെ നേതൃത്വത്തിന് കഴിയുന്നുണ്ടെന്നതിന്റെയും വിശ്വാസികള്‍ പൂര്‍ണ്ണമനസ്സോടെ ഈ ശ്രമങ്ങളുടെ കൂടെ നില്‍ക്കുന്നുണ്ടെന്നതിന്റെയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വാല്‍സിംഹവും തിരുനാളില്‍ ഇത്തവണ ദൃശ്യമായത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more