1 GBP = 104.15
breaking news

WTC Final | ആദ്യം മഴ, ഇപ്പോള്‍ വെളിച്ചക്കുറവ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ദിനം എറിഞ്ഞത് 64.4 ഓവര്‍

WTC Final | ആദ്യം മഴ, ഇപ്പോള്‍ വെളിച്ചക്കുറവ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ദിനം എറിഞ്ഞത് 64.4 ഓവര്‍

വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുന്നതിനിടെയാണ് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെച്ചത്.

സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മോശം കാലാവസ്ഥ പിന്നെയും വില്ലാനാവുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ടോസ് പോലും ചെയ്യാനാകാതെ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ദിവസമായ ഇന്ന് വെറും 64.4 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യയുടെ ഇന്നിംഗ്‌സ് 146/3 എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാണ് ചെയ്തത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആദ്യ സെഷനില്‍ തന്നെ ഇരുവരെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ചേതേശ്വര്‍ പുജാരയും വേഗം മടങ്ങി. ശേഷം വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുന്നതിനിടെയാണ് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെച്ചത്. വിരാട് കോഹ്ലി 44ഉം അജിന്‍ക്യ രഹാനെയും 29ഉം റണ്‍സ് നേടി ക്രീസിലുണ്ട്. നാലാം വിക്കറ്റില്‍ 58 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയിരിക്കുന്നത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങി ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയിലായിരുന്നു. സ്‌കോര്‍ 62ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഒരു റണ്‍ കൂടി നേടുമ്പോഴേക്കും രണ്ടാം വിക്കറ്റും വീണു. പിന്നീടെത്തിയ ചേതേശ്വര്‍ പുജാര എട്ട് റണ്‍സ് നേടിയപ്പോഴേക്കും പുറത്തായി. 30പന്തുകള്‍ നേരിട്ട ശേഷമാണ് പുജാര ആദ്യ റണ്ണെടുത്തത്.

മഴ മൂലം ഒരു ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണക്കുമെന്നും പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കാന്‍ രോഹിത്തിനും ഗില്ലിനുമായി. ബോള്‍ട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിനെതിരെ കാര്യമായ ഒരവസരവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ ആദ്യം ബൗളിംഗ് മാറ്റമായി കെയ്ല്‍ ജമൈസണെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെയും കൊണ്ടുവരികയായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ഒടുവില്‍ ജാമിസണിന്റ ഔട്ട് സ്വിംഗര്‍ കുടുക്കി. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പില്‍ ടിം സൗത്തി തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്.

രോഹിത് മടങ്ങിയതിന് പിന്നാലെ ഗില്ലും പൂജാരയും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അനക്കമില്ലാതെയായി. ഇതോടെ സമ്മര്‍ദത്തിലായ ഗില്‍ നീല്‍ വാഗ്‌നറുടെ ആദ്യ ഓവറില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്‌നര്‍ എന്നിവരാണ് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് നേട്ടക്കാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more