1 GBP = 93.23
breaking news

പ്രേക്ഷകസിരകളിൽ സർഗ്ഗ സംഗീതത്തിന്റെ അനുഭൂതി പടർത്തിയ നിമിഷങ്ങൾ സമ്മാനിച്ച് ട്രാഫോർഡിൽ നിന്നുള്ള സഹോദരങ്ങൾ ആഷ്ലാൻ സിബിയും അഷോൻ സിബിയും ഒലീവിയ സിബിയും ഇന്നലെ ഒരുക്കിയത് അതി മനോഹരമായ കലാമുഹൂർത്തങ്ങൾ… യുക്മ സാംസ്കാരികവേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together’ ആസ്വാദകമനസ്സുകളിൽ സംഗീത വസന്തമായി പടരുന്നു.

പ്രേക്ഷകസിരകളിൽ സർഗ്ഗ സംഗീതത്തിന്റെ അനുഭൂതി പടർത്തിയ നിമിഷങ്ങൾ സമ്മാനിച്ച്   ട്രാഫോർഡിൽ നിന്നുള്ള സഹോദരങ്ങൾ ആഷ്ലാൻ സിബിയും അഷോൻ സിബിയും ഒലീവിയ സിബിയും ഇന്നലെ ഒരുക്കിയത് അതി മനോഹരമായ കലാമുഹൂർത്തങ്ങൾ… യുക്മ സാംസ്കാരികവേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together’ ആസ്വാദകമനസ്സുകളിൽ സംഗീത വസന്തമായി പടരുന്നു.

കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്നുള്ള സഹോദരങ്ങൾ ആഷ്ലാൻ സിബി, അഷോൻ സിബി, ഒലീവിയ സിബി എന്നിവർ ചേർന്ന് യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആസ്വാദകർക്ക് ഇന്നലെ ഒരുക്കിയത് മനോഹര കലാ മുഹൂർത്തങ്ങൾ. യു കെ സമയം 5 PM ന് ആരംഭിച്ച ഷോ ആദ്യവസാനം ഏറെ ഹൃദ്യമായിരുന്നു. സുപ്രസിദ്ധ ഇംഗ്ളീഷ് പോപ് ഗായിക അഡേലിന്റെ ആൽബം 21 ൽ നിന്നുള്ള “സെറ്റ് ഫയർ റ്റു ദ റെയിൻ” എന്ന മനോഹര ഗാനം കീ ബോർഡ് വായിച്ച് പാടി തുടങ്ങിയ ആഷ്ലാൻ,ഷോയുടെ സുന്ദര മുഹൂർത്തങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് ആഷ്ലാനോടൊപ്പം ചേർന്ന അഷോൻ, ഓസ്ട്രേലിയൻ പോപ് റോക് ബാൻഡ് “5 സെക്കൻഡ്സ് ഓഫ് സമ്മർ” 2018 ൽ പുറത്തിറക്കിയ യങ് ബ്ളഡ് എന്ന സുന്ദര ഗാനം അതിമനോഹരമായി ആലപിച്ചു. ലൈവിൽ ചേച്ചിയോടും ചേട്ടനോടുമൊപ്പം അടുത്ത ഊഴം കുഞ്ഞ് ഒലീവിയയുടേതായിരുന്നു. 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം അലാഡിനിൽ നവോമി സ്കോട്ട് പാടിയ സ്പീച്ച്ലെസ്സ് എന്ന ഗാനം മനോഹരമായി ആലപിച്ച് കൊണ്ടായിരുന്നു  ഷോയിൽ ഒലീവിയയുടെ അരങ്ങേറ്റം. 


ഒരു മണിക്കൂർ നീണ്ട് നിന്ന ഷോയുടെ മദ്ധ്യ ഭാഗത്ത് ലൈവിൽ വന്ന ഡോ. സിബി, ഷോയിൽ സംഗീത വസന്തം തീർക്കുന്ന മക്കളോടൊപ്പം ചേർന്നത് പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ്കളിൽ ഒന്നായ കുയിലിനെ തേടി എന്ന ചിത്രത്തിലെ സിന്ദൂര തിലകവുമായ് എന്ന ഗാനം സിബി ആലപിച്ചത്  പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചുവെന്നതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന കമന്റുകൾ. നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന നാടക പ്രവർത്തകനായ സിബി വേകത്താനം താനൊരു ഗായകനും കൂടിയാണെന്ന് തെളിയിക്കുന്ന ഒന്നായി ഇന്നലത്തെ ലൈവ് ഷോ.

കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ പോലും ത്യജിക്കാൻ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർക്ക് ആദരവും പിന്തുണയും അറിയിച്ച് കൊണ്ടുള്ള യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലെ ആഷ്ലാൻ, അഷോൻ, ഒലീവിയ എന്നീ മൂവർ സംഘത്തിന്റെ   അവിസ്മരണീയ പ്രകടനം ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം ആസ്വദിച്ചത്. പഠനത്തോടൊപ്പം കലാ കായിക വേദികളേയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈ കലാ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളാണ്. ആഷ്ലാൻ സിബി കീ ബോർഡിൽ ജനഗണമന പാടി ഷോ അവസാനിപ്പിക്കുന്നതിന് തൊട്ട് മുൻപായി, കുട്ടികൾക്കായി ഇത്തരമൊരു ലൈവ് ഷോ രൂപപ്പെടുത്തി നടപ്പിലാക്കുന്ന യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും, കുട്ടികളുടെ മാതാപിതാക്കളായ ഡോ. സിബിയും ഡോളിയും പ്രത്യേകം നന്ദി പറഞ്ഞു. ഈ ലോക്ക് ഡൌൺ സമയത്ത് കുട്ടികൾക്ക് ഇത് പോലൊരു അവസരം ലഭിക്കുന്നത് ഒരനുഗ്രഹമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.


നിരവധി വേദികളിൽ പെർഫോം ചെയ്ത പരിചയ സമ്പത്തുമായി ഷോയിൽ വന്ന് പ്രേക്ഷകരെ കയ്യിലെടുത്ത ആഷ്ലാൻ, അഷോൻ, ഒലീവിയ എന്നീ കുഞ്ഞ് പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേർന്നു. യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ഉറച്ച പിന്തുണ നൽകുന്ന ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തി.


യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ അടുത്ത ലൈവ് ജൂൺ 23 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആയിരിക്കും.

 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more